ന്യൂഡൽഹി: ഹിന്ദു-മുസ്ലിം വിദ്യാർഥികൾക്കായി വെവ്വേറെ വാർഷിക പരിപാടികൾ സംഘടിപ്പിച്ച് മധ്യപ്രദേശിലെ ഇൻഡോറിൽ ഒരു സ്വകാര്യ സ്കൂൾ. ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിലാണ് ഖജ്‌റാനയിലെ ഇന്റർനാഷനൽ സ്കൂൾ ഓഫ് ബോംബെയിൽ വാർഷികാഘോഷം നടന്നത്. എന്നാൽ ആഘോഷങ്ങൾ രണ്ടായി നടത്തുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നില്ല എന്നും വേദിയിൽ എത്തിയപ്പോഴാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നും മുസ്ലിം മാതാപിതാക്കൾ പറഞ്ഞതായി ന്യൂസ് ലോൺട്രി റിപ്പോർട്ട് ചെയ്യുന്നു.
സ്കൂളിന്‍റെ തീരുമാനം വിവേചനപരമല്ലെന്നും പരിഗണന നിറഞ്ഞതാണെന്നുമാണ് അധികൃതരുടെ വാദം. ഫെബ്രുവരി മൂന്നിന് ശാബ്-ഇ-ബരാത്ത് ആചരിക്കുന്നതിനാലാണ് രണ്ട് വ്യത്യസ്ത ദിവസങ്ങളിൽ വാർഷിക പരിപാടി നടത്തിയതെന്ന് അധികൃതർ പറയുന്നു. മുസ്ലിം വിദ്യാർഥികൾക്ക് ആ ദിവസം പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കില്ലെന്ന് കരുതിയതായും അതുകൊണ്ടാണ് അവർക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചെന്നും സ്കൂൾ അറിയിച്ചു.
എന്നാൽ മുസ്ലിം വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി നിശ്ചയിച്ച ചടങ്ങിൽ പരിമിതമായ സ്റ്റാഫുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുഖ്യാതിഥി ഉണ്ടായിരുന്നില്ല. അടുത്ത ദിവസം ഹിന്ദു വിദ്യാർഥികൾക്കായി നടന്ന ചടങ്ങിൽ എല്ലാ സ്റ്റാഫുകളും മുഖ്യാതിഥിയും പങ്കെടുത്തു.
ശാബ്-ഇ-ബറാത്ത് കാരണമാണെങ്കിൽ അവർക്ക് മറ്റൊരു തീയതി ക്രമീകരിക്കാമായിരുന്നെന്ന് രക്ഷിതാക്കൾ പറയുന്നു. ഏത് സ്കൂളാണ് വിദ്യാർഥികൾ വ്യത്യസ്ത മതങ്ങളിൽ പെട്ടവരാണെന്ന കാരണത്താൽ പ്രത്യേക വാർഷിക പരിപാടികൾ നടത്തുന്നതെന്നും രക്ഷിതാക്കൾ ചോദിക്കുന്നു. ഒരു കൂട്ടം രക്ഷിതാക്കൾ സ്കൂളിലെത്തി പ്രതിഷേധിച്ചു.
സ്കൂൾ ക്ലാസ് മുറികളിൽ മുസ്ലിം, ഹിന്ദു വിദ്യാർഥികൾക്ക് പ്രത്യേക ഇരിപ്പിട ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നും വിവരം ലഭിച്ചതായി ഈ വിഷയം ചർച്ച ചെയ്യാൻ സ്കൂൾ മാനേജ്മെന്റിനെ കണ്ട പ്രാദേശിക രാഷ്ട്രീയ നേതാവായ റുബീന ഖാൻ പറഞ്ഞു. എന്നാൽ അധികാരികൾ തെറ്റ് സമ്മതിച്ചെന്നും ഒരു മാസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.