മലയാള സിനിമയിൽ എക്കാലവും അടയാളപ്പെടുത്താൻ സാധിക്കുന്ന കലാ സൃഷ്ടിയാണ് ഭ്രമയുഗം. ഇക്കാലമത്രയും മലയാളികൾ കണ്ട സിനിമകളിൽ നിന്നും വേറിട്ടു നിൽക്കുന്ന ദൃശ്യാനുഭവമായിരുന്നു ഭ്രമയുഗത്തിലൂടെ രാഹുൽ സദാശിവൻ പ്രേക്ഷകർക്ക് നൽകിയത്. കൂരിരുട്ടിലും വെളിച്ചത്തിലും പെയ്തു തീരാത്ത പേമാരിയിലും അധികാര ഗർവോടെ വിഹരിച്ചിരുന്ന അയാൾ ഒരു മനുഷ്യനായിരുന്നില്ല. ശ്രദ്ധിച്ചുനോക്കിയാൽ അറിയാം അത് മനുഷ്യനല്ല. മറ്റൊരാളുടെ രൂപം കവർന്നെടുത്ത അതിമാനുഷൻ...
ഭാവപ്പകർച്ചകളിലൂടെ കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുന്ന മമ്മൂട്ടി എന്ന മഹാനടന്റെ നടനവിസ്മയമായിരുന്നു ചിത്രത്തിലുടനീളം. തന്നിലെ വ്യക്തിയെ മനഃപൂർവം മറച്ചുവെച്ച് രൂപത്തിലും ഭാവത്തിലും നടത്തത്തിലുമെല്ലാം കൊടുമൺ പോറ്റിയെ അനുകരിച്ച്, തന്റെ സ്വരൂപമായ ചാത്തനെ ചിരിയിൽ ഒളിപ്പിച്ച് കാണികളുടെ മനസ്സിൽ പകിട കളിക്കാൻ മമ്മൂട്ടിക്ക് മാത്രമേ കഴിയൂ. കൊടുമൺപോറ്റിയായും ചാത്തനായും അതിഗംഭീര പ്രകടനം കാഴ്ച വച്ച മമ്മൂട്ടി ചിത്രം ഇന്ന് ഓസ്കർ അക്കാദമി വരെ എത്തി നിൽക്കുകയാണ്.
ഓസ്കർ അക്കാദമി മ്യൂസിയത്തിൽ ഭ്രമയുഗത്തിന്റെ പ്രദർശനം ഇന്ന് രാത്രി നടക്കും. രാത്രി 7.30നാണ് സ്ക്രീനിങ്. ടെഡ് മാൻ തിയറ്ററിലാണ് പ്രദർശനം. ‘Where the Forest Meets the Sea’ എന്ന വിഭാഗത്തിലാണ് ഭ്രമയുഗം പ്രദർശിപ്പിക്കുന്നത്. അക്കാദമി മ്യൂസിയത്തിന്റെ വെബ് സൈറ്റ് വഴി ടിക്കറ്റ് വിൽപ്പന കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. 5 ഡോളർ അതായത് 453 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.
അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സിനിമയും മലയാള സിനിമയും ഭ്രമയുഗമാണ്. മിഡ്സോമ്മർ, ഹാക്സൻ, ലാ ല്ലോറോണ, ദി വിച്ച്, വിയ്, യു വോണ്ട് ബി എലോൺ, അണ്ടർ ദി ഷാഡോ, ദി വിക്കർ മാൻ, ഹിസ് ഹൗസ്, ഒനിബാബ എന്നീ സിനിമകളും ‘Where the Forest Meets the Sea’ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.