പ്രതിരോധം റീചാർജ് ചെയ്യാം, സൂപ്പിലൂടെ

ദിവസവും സൂപ്പ് കഴിക്കുന്നത് അമൃതിന് തുല്യമാണെന്ന് പറയാറുണ്ടെങ്കിലും നമ്മുടെ തീന്മേശകളിൽ അത്ര ജനകീയമല്ലാത്ത വിഭവമാണത്. നമ്മുടെ ശരീരം കൂടുതൽ പ്രതിരോധശേഷി ആർജിക്കേണ്ട ഈ സമയത്ത് ഗുണമേന്മയും ഔഷധഗുണവും മുൻനിർത്തി പരീക്ഷിക്കാവുന്ന ഫലമേറെയുള്ള പാനീയം കൂടിയാണത്. ശരീരത്തിന് ഉത്തമമായ പോഷകങ്ങളുടെ കലവറയാണ് സൂപ്പ്. അതായത്, ഭക്ഷണത്തിലെ മുഴുവന്‍ പോഷക ഉള്ളടക്കവും ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് സൂപ്പ് കഴിക്കുന്നത്. ഏതു പ്രായക്കാർക്കും ആരോഗ്യകരം.

ആരോഗ്യത്തിന്‍റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും ആശ്വാസമായി ആരോഗ്യവിദഗ്​ധർ സൂപ്പ് നിർദേശിക്കുന്നുണ്ട്. പ്രതിരോധം, ഡയറ്റ്, തടികുറക്കൽ, അസുഖങ്ങൾ... തുടങ്ങി പലവിധ കാര്യങ്ങൾക്കുള്ള ഒറ്റമൂലിയുമാണ്. സൂപ്പിൽ കലോറി കുറവാണ്. ദൈനംദിന മെനുവില്‍ സൂപ്പ് ഉള്‍പ്പെടുത്തുന്നത് പ്രതിദിനം കഴിക്കുന്ന കലോറിയുടെ എണ്ണം കുറക്കാന്‍ സഹായിക്കും. ശരീരത്തിന് ചൂട് നല്‍കൽ, ജലാംശം നിലനിര്‍ത്തൽ, ഊർജം നിലനിർത്തൽ, വിറ്റമിൻ, ശരീരഭാരം തുല്യമാക്കൽ എന്നിവ സൂപ്പിന്‍റെ ഗുണവശങ്ങളാണ്.

മാംസം ചേർത്തും പച്ചക്കറികൾ ചേർത്തും സൂപ്പ് തയാറാക്കാം. അതിൽതന്നെ വെജിറ്റബ്ൾ സൂപ്പിന് പ്രത്യേക പ്രാധാന്യമുണ്ട്. പ്രതിരോധശക്തി വർധിപ്പിക്കുന്നതിൽ അസാധാരണമായ മികവ് വെജിറ്റബ്​ൾ സൂപ്പിനുണ്ട്. വെജിറ്റബ്ൾ സൂപ്പ് രണ്ടു തരത്തിലുണ്ട്. സിംഗ്​ൾ വെജിറ്റബ്ൾ സൂപ്പും മിക്സഡ് വെജിറ്റബ്ൾ സൂപ്പും. ഒരു വെജിറ്റബ്​ൾകൊണ്ടു മാത്രമായി തയാറാക്കുന്നതാണ് സിംഗ്​ൾ വെജിറ്റബ്​ൾ സൂപ്പ്. സിംഗ്​ൾ വെജിറ്റബ്ൾ സൂപ്പ് തയാറാക്കുന്നതിനായി പച്ചക്കറി തൊലികളഞ്ഞ് പുഴുങ്ങി ഉടച്ച് മിക്സിയിലടിച്ച ശേഷം അരിച്ചെടുക്കുന്നു (സൂപ്പ് നേർപ്പിക്കാതെ വലിയ അരിപ്പ ഉപയോഗിച്ചാൽ നാരുകൾ നഷ്​ടപ്പെടില്ല).

അതിലേക്ക് സുഗന്ധവ്യഞ്ജനങ്ങൾ ചേർത്താണ് തയാറാക്കുന്നത്. ഇതിൽ അടങ്ങിയ ഒട്ടുമിക്ക ചേരുവകളും നമ്മുടെ ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി ബലപ്പെടുത്താനും രോഗങ്ങളെ അകറ്റിനിർത്താനും സഹായിക്കുന്നു. ഇവയിൽ ബി കോംപ്ലക്‌സ്, എ, സി, കെ എന്നിവപോലുള്ള വിറ്റമിനുകളും ധാതുക്കളും സമൃദ്ധമായുണ്ട്. എന്നാൽ, വെജിറ്റബ്ൾ സൂപ്പിൽ പ്രോട്ടീനിന്‍റെ അഭാവമുണ്ട്. ആ കുറവു നികത്താനായി വേവിച്ച പരിപ്പ്, പനീർ, സോയാപാൽ, സോയാപനീർ ആയ ടോഫു എന്നിവ ചേർക്കാവുന്നതാണ്.

മിക്സഡ് വെജിറ്റബ്​ൾ സൂപ്പിൽ പച്ചക്കറികൾ വേവിച്ചുടക്കുന്നില്ല. പച്ചക്കറികൾ കഷണങ്ങളായി മുറിച്ചിട്ട് അതു വേവുന്ന സ്‌റ്റോക്കോടുകൂടിയാണ് ഉപയോഗിക്കുന്നത്. സൂപ്പിന് കട്ടി ലഭിക്കാനായി മൈദയും കോൺഫ്ലോറുമൊക്കെയാണ് മിക്കവരും ഉപയോഗിക്കുന്നത്. എന്നാൽ, അതിനു പകരമായി ഉരുളക്കിഴങ്ങ് വേവിച്ചുടച്ച് പേസ്‌റ്റാക്കിയതോ വെള്ളക്കടല വേവിച്ചുടച്ച് പേസ്‌റ്റാക്കിയതോ ഗോതമ്പുപൊടിയോ ചേർക്കാം. കൂടുതൽ പോഷകങ്ങളും ലഭിക്കും.

വെജിറ്റബ്ൾ സൂപ്പുപോലെ തന്നെ നോൺ വെജിറ്റേറിയൻ സൂപ്പുകളും മികച്ചതാണ്. നോൺവെജ് സൂപ്പുകളിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ, സാധാരണയായി എല്ലാവരും നോൺവെജ് സൂപ്പുകളിൽ പച്ചക്കറികൾ വളരെ കുറച്ചേ ചേർക്കാറുള്ളൂ. അതിനാൽ ഇവയിൽ നാരുകൾ, വിറ്റമിൻ സി, ബീറ്റാ കരോട്ടിൻ ഇവയൊക്കെ കുറഞ്ഞ അളവിലേ ഉണ്ടാകുന്നുള്ളൂ. നോൺ വെജിറ്റേറിയൻ സൂപ്പുകളിൽ പച്ചക്കറികൾ ധാരാളം ചേർക്കുന്നത് നല്ലതാണ്.

സൂപ്പ് തയാറാക്കാനും എളുപ്പമാണ്. രണ്ടു പ്രധാന ആഹാരനേരങ്ങൾക്കിടയിൽ സൂപ്പ് കഴിക്കുന്നതാണ് അഭികാമ്യം. ദിവസം രണ്ടു നേരം വേണമെങ്കിലും കഴിക്കാം. രുചിയും ഗുണവും നിറയെയുള്ള ഈ ആരോഗ്യപാനീയം ഒരു നേരമെങ്കിലും നമ്മുടെ ജീവിതത്തിെൻറ ഭാഗമാക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്.

സൂപ്പിന്‍റെ ചരിത്രം

പാചകത്തെപ്പോലെതന്നെ സൂപ്പിന്‍റെ ചരിത്രത്തിനും വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ഭക്ഷണ ചരിത്രകാരന്മാർ പറയുന്നത്. ക്ലാസിക് ഫ്രഞ്ച് പാചകരീതിയിൽ നിന്നാണ് ഇന്ന് നമുക്ക് ലഭ്യമായ പല സൂപ്പുകളും പിറവി കൊണ്ടതെന്നാണ് പറയപ്പെടുന്നത്. ആധുനിക റസ്റ്റാറൻറ് വ്യവസായം സൂപ്പിനെ മറപറ്റിയാണ് രൂപപ്പെട്ടത്.

അതിനു പിന്നിൽ 1765ൽ ഫ്രഞ്ചുകാരൻ ആരംഭിച്ച സൂപ്പ് കടയായിരുന്നു. വിവിധ സൂപ്പുകൾ ലഭിക്കുന്ന പാരിസിലെ ആ കടയിൽനിന്നാണ് ഭക്ഷണശാലകള്‍ക്കുള്ള ആധുനിക പദമായ ‘റസ്റ്റാറൻറ്’ എന്ന വാക്ക് പിറന്നതെന്നും പറയപ്പെടുന്നു. അതിനുശേഷം വിവിധ രാജ്യങ്ങളിൽ വ്യത്യസ്​തമായ പേരിലും രുചിയിലും സൂപ്പുകൾ പ്രചാരത്തിൽ വന്നു.

Tags:    
News Summary - Immunity can be recharged through soup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.