സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ കലവറ നിറയ്ക്കൽ ചടങ്ങ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ: കൗമാരകലയുടെ പെരുങ്കളിയാട്ടത്തിന് തിരിതെളിയും മുമ്പേ തൃശൂരിൽ രുചിയുടെ പൂരം കൊടിയേറിക്കഴിഞ്ഞു. 64ാമത് സ്കൂൾ കലോത്സവത്തിന്റെ ഊട്ടുപുരയിൽ ചൊവ്വാഴ്ച വൈകുന്നേരം പാൽ തിളച്ചുതൂകിയതോടെ പഴയിടം മോഹനൻ നമ്പൂതിരിയുടെ മാന്ത്രിക കൈപ്പുണ്യം കലവറയിൽ സജീവമായി.
കലോത്സവ ചരിത്രത്തിലെ പതിവുകൾ തെറ്റിക്കുന്ന രുചികളാണ് ഇത്തവണ കാത്തിരിക്കുന്നത്. ചോറും കറികളും മാത്രം ശീലിച്ച കലോത്സവ രാവുകൾക്ക് ഇത്തവണ മാറ്റമുണ്ട്. ചരിത്രത്തിലാദ്യമായി രാത്രിഭക്ഷണത്തിന് ചപ്പാത്തിയും പൂരിയുമടങ്ങുന്ന മെനുവാണ് ഒരുക്കിയിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി കലോത്സവ നഗരിയിൽ എത്തിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ചൂടൻ ഭക്ഷണം വിളമ്പിക്കൊണ്ടാണ് ഊട്ടുപുര വരവറിയിച്ചത്. 3000 പേർക്കുള്ള ഭക്ഷണമാണ് ചൊവ്വാഴ്ച രാത്രി വിളമ്പിയത്. കലോത്സവത്തിന്റെ കൊടിയിറങ്ങുന്ന ദിവസത്തെ അത്താഴം വെജിറ്റബിൾ ബിരിയാണിയിലൂടെ സ്പെഷലാക്കാനും സംഘാടകർ മറന്നിട്ടില്ല.
ആരോഗ്യസംരക്ഷണത്തിന്റെ സന്ദേശം കൂടി വിളമ്പുന്നതാണ് ഇത്തവണത്തെ പ്രാതൽ. ബുധനാഴ്ച രാവിലെ ഊട്ടുപുരയിലെത്തുന്നവരെ കാത്തിരിക്കുന്നത് ‘മില്ലറ്റ് ദോശ’യാണ്. ഒമ്പത് വ്യത്യസ്ത ധാന്യങ്ങളും പയറുവർഗങ്ങളും ചേർത്തരച്ച മാവുകൊണ്ട് ചുട്ടെടുക്കുന്ന ഈ ദോശ, രുചിക്കൊപ്പം പോഷകഗുണവും ഉറപ്പാക്കുന്നു. ഉച്ചയൂണിന് മാറ്റുകൂട്ടാൻ ദിവസവും ഓരോ തരം പായസങ്ങൾ ഇലയിലെത്തും.
ചക്കപ്പഴ പായസം, ഗോതമ്പ് പായസം, പാൽപായസം, പരിപ്പ് പായസം, അടപ്രഥമൻ, പഴംപ്രഥമൻ എന്നിങ്ങനെ നാവിൻതുമ്പിൽ മധുരത്തിന്റെ വൈവിധ്യം തീർക്കാൻ പഴയിടവും സംഘവും ഒരുങ്ങിക്കഴിഞ്ഞു. മത്സരങ്ങളുടെ ആവേശത്തിൽ സമയം വൈകിയാലും കുട്ടികൾ പട്ടിണിയാകരുത് എന്ന നിർബന്ധം ഇത്തവണയുണ്ട്. അതുകൊണ്ട് തന്നെ രാത്രി ഒരു മണി വരെ ഊട്ടുപുരയുടെ വാതിലുകൾ തുറന്നുകിടക്കും.
ഒരേസമയം 4,000 പേർക്ക് ഇരിക്കാവുന്ന പന്തലും 5,000 പേർക്ക് വരി നിൽക്കാനുള്ള സൗകര്യവും തിരക്കിനെ നിയന്ത്രിക്കും. 600ലധികം അധ്യാപകരാണ് ഊട്ടുപുരയിൽ സേവനസന്നദ്ധരായി രാപ്പകൽ കർമനിരതരാകുന്നത്. പ്രതിദിനം 20,000 ഉച്ചയൂണും 10,000 പ്രഭാതഭക്ഷണവും വിളമ്പാനാണ് ലക്ഷ്യമിടുന്നത്. ഒരു ദിവസം 60000 പേരോളം ഭക്ഷണം കഴിക്കാൻ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
രുചിക്കൊപ്പം പ്രകൃതിസ്നേഹവും ഊട്ടുപുരയുടെ മുഖമുദ്രയാണ്. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി വാഴയിലയിലാണ് ഭക്ഷണം വിളമ്പുന്നത്. ഭക്ഷണശേഷം ഇലകൾ മ്യൂസിയത്തിന് സമീപം തയാറാക്കിയ പ്രത്യേക കുഴികളിൽ സംസ്കരിക്കും. ഒരു ദിവസത്തെ ഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ കുട്ടികൾ തന്നെ ശേഖരിച്ച് നൽകിയെന്നതും രുചിപ്പുരയുടെ സവിശേഷതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.