നിങ്ങൾ എന്തു കഴിക്കുന്നു എന്നതുപോലെതന്നെ പ്രധാനമാണ് ഏതു പാത്രത്തിൽ കഴിക്കുന്നു എന്നതും. ഭക്ഷണത്തിന്റെ നിലവാരത്തിൽ ജാഗ്രത പുലർത്തുന്ന നമ്മൾ പലപ്പോഴും കഴിക്കുന്ന പാത്രത്തിന്റെ നിലവാരമോ മറ്റോ നോക്കാറില്ല.
പ്ലാസ്റ്റിക്, ഗ്ലാസ്, പേപ്പർ, ചെമ്പ് തുടങ്ങിയ വസ്തുക്കളാൽ നിർമിക്കപ്പെടുന്ന പാത്രങ്ങളുണ്ട്. അവയെല്ലാം പലരൂപത്തിലാണ് ഭക്ഷണ പദാർഥങ്ങളോട് രാസപരമായി പ്രതികരിക്കുന്നത്. ചിലത് നല്ലതും മറ്റു ചിലത് ശരീരത്തിന് ഹാനികരവുമാണ്. അതുകൊണ്ടുതന്നെ, പാത്രത്തിന്റെ തെരഞ്ഞെടുപ്പ് നമ്മുടെ പുതിയ കാല ടേബ്ൾ മാനേഴ്സിൽ അതിപ്രധാനമാണ്.
ഗ്ലസും പ്രകൃതി ഇലകളുമാണ് ഏറ്റവും സുരക്ഷിതമെന്നാണ് പല ക്ലിനിക്കൽ ഡയറ്റീഷ്യൻമാരും അഭിപ്രായപ്പെടുന്നത്. ഇതിൽതന്നെ ഗ്ലാസാണ് ഏറ്റവും ഉത്തമം. കാരണം, ഒരു ഭക്ഷണ പദാർഥവും ഗ്ലാസുമായി കെമിക്കൽ റിയാക്ഷനിൽ ഏർപ്പെടില്ല എന്നതുതന്നെ. വൃത്തിയാക്കാനും അത് എളുപ്പമാണ്.
വാഴയിലപോലെ പ്രകൃതിയിൽ അലിഞ്ഞുചേരുന്ന പ്രകൃതിദത്തമായ പാത്രങ്ങളും നല്ലതാണ്. ശരീരത്തിന് ഹാനികരമായ സംയുക്തങ്ങളും മറ്റും അവ ഭക്ഷണത്തിലേക്ക് പ്രസരിപ്പിക്കില്ല. പേപ്പർ പ്ലേറ്റുകൾ പൊതുവിൽ സുരക്ഷിതമാണ്. എന്നാൽ, എല്ലായ്പ്പോഴും അങ്ങനെ ആയിക്കൊള്ളണമെന്നില്ല. മെഴുക്, പ്ലാസ്റ്റിക് ഫിലിം എന്നിവ പ്രതലത്തിലുള്ള പാത്രങ്ങൾ പ്ലാസ്റ്റിക് പ്ലേറ്റുകൾ പോലെതന്നെ ഹാനികരമാണ്.
പ്ലാസ്റ്റിക് പ്ലേറ്റുകളെ നമ്മൾ കരുതിയിരിക്കണം. മേൽ സൂചിപ്പിച്ച ഗുണങ്ങളൊന്നും അവയ്ക്കില്ല എന്നുതന്നെ കാരണം. ചൂടേറിയതോ എണ്ണ കലർന്നതോ ആയ ഭക്ഷണങ്ങളാകുമ്പോൾ കെമിക്കൽ റിയാക്ഷനുകൾക്കുള്ള സാധ്യത കൂടുതലുമാണ്. അതുകൊണ്ടുതന്നെ, സ്ഥിരമായി പ്ലാസ്റ്റിക് പ്ലേറ്റുകൾ ഉപയോഗിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.