വറഖ ഇനബ്

വാട്ടിയ മുന്തിരിയിലയിൽ പൊതിഞ്ഞ ചോറും കറിക്കൂട്ടുകളും

മുന്തിരിയിലയില്‍ പൊതിഞ്ഞ അറേബ്യന്‍ മെനുവിലെ ഒരു രുചി പ്രചോദക വിഭവമാണ് ‘വറഖ ഇനബ്’. മുന്തിരിയെന്നാണ് ഇനബിന്‍റെ അർഥം. വറഖ എന്നാല്‍ ഇലയും. വാട്ടിയെടുത്ത മുന്തിരിയിലയില്‍ ചോറും പലതരം കറിക്കൂട്ടുകളും ചേര്‍ത്ത് പൊതിഞ്ഞ് ആവിയില്‍ വേവിച്ചെടുക്കുന്ന ഈ വിഭവം ഇറച്ചി കൂടി ചേര്‍ത്ത് എളുപ്പത്തില്‍ നോണ്‍ വെജുമാക്കാം.

ചേരുവകൾ:

  • മുന്തിരിയില (ഇല വാട്ടി ബോട്ടിലില്‍ നിറച്ചാണ് കടയില്‍ കിട്ടുക) -ഒരു ബോട്ടില്‍ ഇല
  • ഈജിപ്ഷ്യന്‍ റൈസ് -ഒരു കിലോ
  • ബദൂനിസ് ഇല -ഒരുപിടി
  • പുതിനയില -ഒരുപിടി
  • ഉള്ളിത്തണ്ട് -മൂന്ന്
  • തക്കാളി -മൂന്ന്
  • വെള്ള സവാള -രണ്ട്
  • കരുമുളകുപൊടി -ഒരു സ്പൂണ്‍
  • ഉപ്പ് -പാകത്തിന്
  • റുമാന്‍ സോസ് -അഞ്ച് സ്പൂണ്‍
  • നാരങ്ങ -ആറ്
  • ഒലിവ് എണ്ണ -ആറ് സ്പൂണ്‍ പാത്രത്തി​ന്‍റെ അടിയില്‍
  • തക്കാളി -രണ്ട് (വട്ടത്തില്‍ അരിഞ്ഞു വെക്കാന്‍)
  • സവാള -ഒന്ന്​
  • വെളുത്തുള്ളി -രണ്ട് കൂട്

തയാറാക്കേണ്ടവിധം:

ബദൂനിസ് ഇല, ഉള്ളിത്തണ്ട്, തക്കാളി, പുതിനയില, വെള്ള സവാള എന്നിവ ആവശ്യത്തിന് അരിഞ്ഞെടുക്കണം. കഴുകി കുതിര്‍ത്ത ഈജിപ്ഷ്യന്‍ അരി റുമാന്‍ (അനാര്‍) സോസ്, ഒലിവ് എണ്ണ, കുരുമുളകുപൊടി, മാഗി സ്ക്യൂബ് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കണം.

മുന്തിരി ഇലയുടെ തണ്ടിന്‍റെ ഭാഗം മുറിച്ചുകളയണം. ബാക്കിയിലയെടുത്ത് ഒരു ​േപ്ലറ്റിലോ മ​റ്റോ വിരിച്ചിട്ട് അതിന്മേല്‍ മേല്‍പറഞ്ഞ തയാര്‍ ചെയ്തുവെച്ചിരിക്കുന്ന മിശ്രിതത്തില്‍ നിന്ന് ഒരു സ്പൂണ്‍ നിറയെ എടുത്ത് വെച്ച് ബീഡി ഇലയില്‍ പുകയില വെച്ച് ചുരുട്ടുന്നതുപോലെ ചുരുട്ടിയെടുക്കണം.

ഇങ്ങനെ മുഴുവന്‍ മിശ്രിതവും കൊണ്ട് മുന്തിരിയില ചുരുട്ടുകള്‍ തയാറാക്കിവെച്ച് കഴിഞ്ഞാല്‍ പാചകത്തിലേക്ക് കടക്കാം. ഒരു വലിയ പാത്രമെടുത്ത് അടിഭാഗത്ത് വട്ടത്തില്‍ അരിഞ്ഞ തക്കാളി നിരത്തിവെക്കണം.

ഇതേപോലെ തന്നെ വട്ടത്തില്‍ അരിഞ്ഞ സവാളയും നിരത്തണം. ശേഷം വെളുത്തുള്ളിയും ചെറുതായി അരിഞ്ഞ് ചേര്‍ക്കണം. കൂടെ പുതിനയിലയും വിതറണം. ഇതിന് മുകളില്‍ മുന്തിരിയില ചുരുട്ടുകള്‍ എടുത്ത് സൂര്യ രശ്മികള്‍ പോലെ വട്ടത്തില്‍ നിരത്തിവെക്കണം. പാളികള്‍ പാളികളായി അടുക്കി പാത്രം നിറയെ നിരത്തിവെക്കണം.

ഏറ്റവും മുകളില്‍ നിന്ന് താഴെ അടുക്കുകളുടെ ഉള്ളിലേക്ക് കുരുമുളകുപൊടി, മാഗി, ഒലിവ് എണ്ണ എന്നിവയുടെ മിശ്രിതം ഒഴിക്കണം. ശേഷം മുകളില്‍ ഒരു പാത്രം വെച്ച് മൂടി രണ്ടര മണിക്കൂര്‍ ചെറിയ തീയില്‍ വേവിക്കണം. ആ സമയമാകുമ്പോള്‍ മൂടിമാറ്റി നാരങ്ങ നീര് ഒഴിക്കണം. വീണ്ടും മൂടി കൊണ്ട് അടച്ച് അര മണിക്കൂര്‍ കൂടി വേവിക്കണം.

വെന്തുകഴിയുമ്പോള്‍ അടുപ്പില്‍ നിന്ന് പാത്രമെടുത്ത് മറ്റൊരു വലിയ പാത്രത്തിലേക്ക് കമിഴ്ത്തണം. ശേഷം പതിയെ പാത്രം ഉയര്‍ത്തുമ്പോള്‍ വലിയ അടുക്കായി വറഖ ഇനബ് റെഡി.

Tags:    
News Summary - How to Make Warak Enab or Lebanese Grape leaves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.