സന്നാഹ മത്സരത്തിൽ ഐസ്ലൻഡിനെതിരെ പെനാൽറ്റി ഗോളാക്കിയ ലയണൽ മെസ്സിയുടെ ആഹ്ലാദം
കാൻസാസ് സിറ്റി (യു.എസ്): ബ്രസീലിനെയും ഇറ്റലിയെയും കടാക്ഷിച്ച ഭാഗ്യം തേടിയാണ് അർജന്റീന ഇക്കുറി ലോകകപ്പിനിറങ്ങുന്നത്. ചരിത്രത്തിൽ കാനറികൾക്കും അസൂറികൾക്കും മാത്രമേ കിരീടത്തുടർച്ച സാധിച്ചുള്ളൂ, 1958ലും 62ലും. ഈ നേട്ടം കൈപ്പിടിയിലൊതുക്കാൻ അവസരം കൈവന്നിരിക്കുകയാണ് ലയണൽ മെസ്സിക്കും സംഘത്തിനും. പരിശീലകൻ ലയണൽ സ്കലോണിയുടെ ടീമിൽ നാലുവർഷം മുമ്പ് ലോകം കീഴടക്കിയ സംഘത്തിലെ 17 കളിക്കാരുണ്ട്. ഇതിൽ ഏഴുപേർ 30 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. മെസ്സി (38), റോഡ്രിഗോ ഡി പോൾ (32), എമിലിയാനോ മാർട്ടിനെസ് (33), നിക്കോളാസ് ഒട്ടമെൻഡി (38) എന്നിവരാണ് കൂട്ടത്തിൽ പ്രമുഖർ.
2024 ജൂണിൽ കോപ്പ അമേരിക്ക വിജയത്തിനുശേഷം എയ്ഞ്ചൽ ഡി മരിയ വിരമിച്ചതാണ് അർജന്റീന സംഘത്തിലെ ഏക വലിയ മാറ്റം. ആക്രമണ ശൈലി ഉണ്ടെങ്കിലും പ്രതിരോധത്തിലും വിട്ടുവീഴ്ചയില്ല. കളിക്കാർക്കിടയിലെ പരിചയസമ്പത്തിലാണ് പ്രതീക്ഷ. മികച്ചൊരു മുന്നേറ്റം കെട്ടിപ്പടുക്കാൻ അർജന്റീന ഇതിനെയാണ് ആശ്രയിക്കുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 4-4-2, 4-3-3, 4-2-3-1 എന്നിങ്ങനെ പല ഫോർമേഷനുകൾ പരീക്ഷിച്ച് സ്കലോണി ടീമിന്റെ കരുത്ത് അളന്നിരുന്നു. ഹൂലിയൻ അൽവാരസിന്റെ സമീപകാലത്തെ മികച്ച പ്രകടനം (20 ഗോളുകളും 9 അസിസ്റ്റുകളും) അർജന്റീനയുടെ ആക്രമണ നിരക്ക് ഉന്മേഷം പകരുന്നുണ്ട്. എങ്കിലും ഭൂരിഭാഗം സമയവും മെസ്സി തന്നെയായിരിക്കും കളി നിയന്ത്രിക്കുക. മധ്യനിരയിലും പ്രതിരോധത്തിലും മാറ്റങ്ങൾ വരുത്താൻ സ്കലോണിക്ക് വലിയ കാരണങ്ങളൊന്നുമില്ല.
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോഡാണ് ഇത്തവണ മെസ്സിയെ കാത്തിരിക്കുന്നത്. മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളുകൾ മറികടക്കാൻ അദ്ദേഹത്തിന് നാലെണ്ണം കൂടി വേണം. 2018 മുതൽ സ്കലോണിക്ക് കീഴിലാണ് അർജന്റീന. രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ഒരു ലോകകപ്പും നേടിക്കൊടുത്തതിന് പുറമെ, തഴക്കവും മികവുമുള്ള ഒരു കൂട്ടം കളിക്കാരെ സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കഴിഞ്ഞ ദിവസം സന്നാഹ മത്സരത്തിൽ ഐസ്ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയ അർജന്റീന, ടൂർണമെന്റിനുമുമ്പ് ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. മെസ്സിയും കളത്തിലിറങ്ങി. 70ാം മിനിറ്റിലാണ് നായകൻ പകരക്കാരുടെ ബെഞ്ചിൽ നിന്ന് മെസ്സിയെത്തിയത്. മെസ്സിയുടെ വരവോടെ അർജന്റീനയുടെ മുന്നേറ്റങ്ങൾക്ക് കൂടുതൽ മൂർച്ച ലഭിച്ചിച്ചു. പെനാൽറ്റി ഗോളാക്കി മാറ്റി ടീമിന്റെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു മെസ്സി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.