ലോകകപ്പിനുള്ള ബ്രസീൽ ടീമംഗങ്ങളുടെ ചിത്രം പതിച്ച ബാനറിനരികെ ഒരുകൂട്ടം വനിതകൾ. െകാൽക്കത്തയിലെ ഹൗറയിൽ നിന്നുള്ള ദൃശ്യം.
മെക്സികോ സിറ്റി: ഇനി നെഞ്ചിടിപ്പിെന്റ താളമുയരുന്ന നാളുകൾ. പച്ചപ്പുൽമൈതാനത്തെ ലോകരാജാക്കന്മാർ കളിയഴകിെന്റ പൂരമൊരുക്കുമ്പോൾ സിരകൾക്ക് ചൂടുപിടിക്കാതിരിക്കുന്നതെങ്ങനെ? നാലാണ്ട് കൂടുമ്പോൾ ആവേശക്കടലായി എത്തുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിന് ഇന്ന് മെക്സികോയിൽ തുടക്കമാകുമ്പോൾ ലോകം ഒരു തുകൽ പന്തിലേക്ക് ചുരുങ്ങും.
നൂറുവർഷത്തോടടുക്കുന്ന ലോകകപ്പിെന്റ ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് രാജ്യങ്ങൾ (മെക്സികോ, കാനഡ, യു.എസ്) ലോകമാമാങ്കത്തിന് ഒരുമിച്ച് ആതിഥ്യമരുളുന്നത്. ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രി 12.30ന് മെക്സികോയും ദക്ഷിണാഫ്രിക്കയും പോരിന് തുടക്കം കുറിക്കും. ജൂലൈ 19ന് യു.എസിലെ ന്യൂ ജഴ്സിയിൽ കലാശക്കൊട്ട്.
48 രാജ്യങ്ങളുമായി ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ലോകകപ്പാണ് ഇത്തവണ അരങ്ങേറുന്നത്. നാല് രാജ്യങ്ങൾ വീതമുള്ള 12 ഗ്രൂപ്പുകളായാണ് ആദ്യഘട്ട മത്സരം. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ 32 ടീമുകളുടെ അടുത്ത റൗണ്ടിൽ കടക്കും. മൂന്നാം സ്ഥാനത്തെത്തുന്ന എട്ട് മികച്ച ടീമുകളും ഇവർക്കൊപ്പം ഈ റൗണ്ടിൽ പോരിനിറങ്ങും.
കഴിഞ്ഞതവണ ലോക ജേതാക്കളായ അർജന്റീനയും രണ്ടുതവണ ജേതാക്കളായ ഫ്രാൻസും 2010ലെ ചാമ്പ്യന്മാരായ സ്പെയിനും ഇംഗ്ലണ്ടും ലാറ്റിനമേരിക്കൻ പവർഹൗസ് ബ്രസീലുമെല്ലാം ആരാധകക്കൂട്ടങ്ങൾക്ക് കാൽപന്ത് കളിയുടെ വിസ്മയ വിരുന്നൊരുക്കാൻ കളത്തിലിറങ്ങും. ഫ്രാൻസിെന്റ കിലിയൻ എംബാപ്പെയും സ്പെയിനിെന്റ ലാമിൻ യമാലും കളം ഭരിക്കാനെത്തുമ്പോൾ സാക്ഷാൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും കാണികളെ വിരുന്നൂട്ടും. 1,56,000 മാത്രം ജനസംഖ്യയുള്ള കുറക്കാവോ ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യമെന്ന ഖ്യാതിയുമായി ലോകകപ്പിൽ അരങ്ങേറ്റം കുറിക്കും.
ആതിഥേയരായ മൂന്ന് രാജ്യങ്ങളെയും കോർത്തിണക്കുന്ന പ്രമേയത്തിലായിരിക്കും ഉദ്ഘാടന ചടങ്ങുകൾ. നിരവധി ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകൾക്ക് പിന്നിൽ പ്രവർത്തിച്ച മാർക്കോ ബാലിച്ച് ആണ് ദൃശ്യവിസ്മയമൊരുക്കുന്നത്. നൈജീരിയൻ ഗായകൻ ബർണ ബോയ് യും കൊളംബിയൻ ഗായിക ഷക്കീറയും ‘ദായി ദായി’ ലോകകപ്പിെന്റ ഔദ്യോഗിക ഗാനവുമായി സ്റ്റേഡിയത്തെ തീപിടിപ്പിക്കാനെത്തും. ഇന്ത്യൻ സമയം രാത്രി 10.30ന് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.