ഫ്ലോറിഡ: ഫിഫ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളുടെ പട്ടികയിൽ ഇംഗ്ലണ്ടില്ലെന്ന് പരിശീലകൻ തോമസ് ടുഷേൽ. എങ്കിലും കാൽപ്പന്തുകളിയിലെ ഏറ്റവും വലിയ കിരീടം സ്വന്തമാക്കാൻ തന്റെ കളിക്കാർക്ക് 'സ്വപ്നം കാണാനുള്ള ധൈര്യമുണ്ടെന്നും' അദ്ദേഹം വ്യക്തമാക്കി. 60 വർഷത്തെ കാത്തിരിപ്പിന് വിരാമമിടാൻ ലക്ഷ്യമിട്ടാണ് 'ത്രീ ലയൺസ്' വ്യാഴാഴ്ച തുടങ്ങുന്ന ലോകകപ്പിന് ഇറങ്ങുന്നത്.
സ്പെയിൻ, ഫ്രാൻസ്, ബ്രസീൽ, പോർച്ചുഗൽ, നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തുടങ്ങിയ രാജ്യങ്ങളാണ് ഇത്തവണത്തെ ഫേവറിറ്റുകളുടെ പട്ടികയിലുള്ളത്. ചൊവ്വാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ ഇംഗ്ലണ്ടിന്റെ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ടുഷേൽ മനസ്സ് തുറന്നത്.
'എത്ര ഫേവറിറ്റുകളുണ്ട്? ഇല്ല, ഞങ്ങൾ മികച്ച ഫേവറിറ്റുകളുടെ ഗണത്തിലില്ല. വർഷങ്ങളായി കിരീടം നേടാത്തതുകൊണ്ട് തന്നെ ഞങ്ങൾക്ക് അങ്ങനെ ആകാനും കഴിയില്ല. ടൂർണമെന്റിൽ മികച്ച വിജയങ്ങൾ നേടിയവരുണ്ട്. അവരാണ് ഫേവറിറ്റുകൾ. എന്നാൽ ഞങ്ങൾ കിരീടത്തിനായി മത്സരിക്കുന്നവരാണ്, വലിയ സ്വപ്നങ്ങൾ കാണുന്നവരാണ്. വലിയ സ്വപ്നങ്ങൾ കാണുമ്പോൾ അതിന് വലിയ ഉത്തരവാദിത്തവുമുണ്ട്. ആ ഉത്തരവാദിത്തം ഞങ്ങളുടെ പ്രയത്നത്തിലുണ്ടാകും, അവിടെയാണ് ഞങ്ങളുടെ ശ്രദ്ധ." ടുഷേൽ വ്യക്തമാക്കി.
വിംബിൾഡൺ പോലെയാണ് ലോകകപ്പും
മുൻ പരിശീലകൻ ഗാരെത് സൗത്ത്‌ഗേറ്റിന് കീഴിൽ കഴിഞ്ഞ രണ്ട് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളുടെ ഫൈനലിലും, 2018 ലോകകപ്പിന്റെ സെമിയിലും, കഴിഞ്ഞ ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിലും ഇംഗ്ലണ്ട് എത്തിയിരുന്നു. ഈ ഫലങ്ങൾ തീർച്ചയായും പ്രസക്തമാണെന്ന് ടുഷേൽ ചൂണ്ടിക്കാട്ടി.
'യൂറോ ഫൈനലിലും ലോകകപ്പ് സെമിയിലും ക്വാർട്ടറിലുമൊക്കെ എത്തുന്നുണ്ടെങ്കിൽ, തീർച്ചയായും നിങ്ങൾക്ക് കിരീടം നേടാനുള്ള കഴിവുണ്ട്. അവിടെ കുറച്ച് ഭാഗ്യം കൂടി വേണമെന്ന് മാത്രം. ഞങ്ങൾ അവിടെ വരെയെത്തിയിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട്, എന്നാൽ ചരിത്രം നോക്കുമ്പോൾ ഞങ്ങൾ ഫേവറിറ്റുകളല്ല. വിംബിൾഡണിൽ വർഷങ്ങളായി നിങ്ങൾ കിരീടം നേടിയിട്ടില്ലെങ്കിലോ അല്ലെങ്കിൽ 60 വർഷം മുമ്പാണ് വിജയിച്ചതെങ്കിലോ, നിങ്ങളെ ഫേവറിറ്റുകളായി കണക്കാക്കില്ല. അതുപോലൊരു താരതമ്യമാണിത്.' അദ്ദേഹം കൂട്ടിച്ചേർത്തു. പർവ്വതത്തിന്റെ മുകളിൽ എത്തണമെങ്കിൽ ഓരോ പടിയായി കയറണമെന്നും, ബേസ് ക്യാമ്പുകളിൽ നിന്ന് ബേസ് ക്യാമ്പുകളിലേക്ക് ലക്ഷ്യം വെച്ചില്ലെങ്കിൽ ശ്രദ്ധ മാറിപ്പോകുമെന്നും ടുഷേൽ ഓർമ്മിപ്പിച്ചു.
രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് മാറിനിൽക്കുന്നു
മിയാമിയിലെ അതിർത്തി ഉദ്യോഗസ്ഥർ അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് സൊമാലിയൻ റഫറി ഉമർ അർതാൻ ലോകകപ്പിൽ മത്സരം നിയന്ത്രിക്കില്ലെന്ന വാർത്തകൾക്ക് പിന്നാലെ ടൂർണമെന്റിന് ചുറ്റുമുള്ള രാഷ്ട്രീയ വിവാദങ്ങൾ വീണ്ടും ചർച്ചയായിട്ടുണ്ട്. എന്നാൽ ഫുട്ബാളിനെയും രാഷ്ട്രീയത്തെയും വേർതിരിച്ച് കാണാനാണോ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന്, 'അതെ' എന്നായിരുന്നു ടുഷേലിന്റെ മറുപടി.
''ഫുട്ബോളിനെക്കുറിച്ച് മാത്രം സംസാരിക്കാനും പരിശീലകനെന്ന നിലയിൽ എന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അനുവദിച്ചതിന് ഫുട്ബോൾ അസോസിയേഷനോട് എനിക്ക് വലിയ നന്ദിയുണ്ട്. അല്ലെങ്കിൽ ഞങ്ങൾക്ക് ടൂർണമെന്റിൽ മുന്നോട്ട് പോകാൻ കഴിയില്ല. പൂർണ്ണമായ അറിവില്ലാതെ അഭിപ്രായങ്ങൾ പറയുന്നത് ടീമിന് ഗുണം ചെയ്യില്ല,' അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.