'തിരുമ്പി വന്തിട്ടേന്ന് സൊല്ല്...' നെയ്മർ വേഗത്തിൽ സുഖം പ്രാപിക്കുന്നു, ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങിയേക്കും

ബ്രസീൽ: ഫുട്ബാൾ ആരാധകർക്ക് ആവേശമേകി സൂപ്പർ താരം നെയ്മറുടെ പരിക്ക് ഭേദമാകുന്നു. കാൽവണ്ണയിലെ പേശിക്കേറ്റ പരിക്കിൽ നിന്ന് താരം വേഗത്തിൽ മുക്തി നേടുകയാണെന്നും ലോകകപ്പിലെ ആദ്യ മത്സരത്തിന് മുൻപ് തന്നെ കായികക്ഷമത വീണ്ടെടുക്കുമെന്നുമാണ് പുതിയ വൈദ്യപരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നത്.

നെയ്മറുടെ ഏറ്റവും പുതിയ എം.ആർ.ഐ സ്കാനിങ് റിപ്പോർട്ടുകളിൽ മികച്ച പുരോഗതിയുണ്ടെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ ഫിഫ ലോകകപ്പിന്റെ തുടക്കത്തിൽ തന്നെ കളത്തിലിറങ്ങുമെന്ന പ്രതീക്ഷ ഇതോടെ സജീവമായിരിക്കുകയാണ്.

കഴിഞ്ഞ മാസം പേശികൾക്കേറ്റ പരിക്കിനെ തുടർന്ന് രണ്ടോ മൂന്നോ ആഴ്ചത്തേക്ക് താരത്തിന് വിശ്രമം നിർദേശിച്ചിരുന്നു. ജൂൺ 13ന് മൊറോക്കോക്കെതിരെ നടക്കുന്ന ബ്രസീലിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ നെയ്മർ കളിക്കുമോ എന്ന കാര്യത്തിൽ ഇതോടെ കടുത്ത ആശങ്ക ഉയർന്നിരുന്നു. 'ചികിത്സയിൽ മികച്ച പുരോഗതിയാണുള്ളത്. ദേശീയ ടീമിന്റെ മെഡിക്കൽ സ്റ്റാഫ് തയ്യാറാക്കിയ റിക്കവറി പ്രോഗ്രാമും ശാരീരികക്ഷമതാ പരിശീലനവും അദ്ദേഹം തുടർന്നും നടത്തും,' ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി

ലോകകപ്പിന് മുന്നോടിയായി ബ്രസീൽ കളിച്ച പാനമ, ഈജിപ്ത് എന്നീ രാജ്യങ്ങൾക്കെതിരായ സന്നാഹ മത്സരങ്ങൾ 34-കാരനായ നെയ്മർക്ക് ഇതിനകം നഷ്ടമായിരുന്നു. ഈ രണ്ട് മത്സരങ്ങളിലും ബ്രസീൽ മികച്ച വിജയം നേടിയിരുന്നു.

'തുടർച്ചയായ പരിക്കുകൾ; എങ്കിലും ബ്രസീലിന്റെ കുന്തമുന'

മുൻ ബാഴ്സലോണ-പി.എസ്.ജി താരമായ നെയ്മറെ സംബന്ധിച്ചിടത്തോളം പരിക്കുകൾ തുടർച്ചയായി വേട്ടയാടുന്ന പ്രതിസന്ധി ഘട്ടമാണിത്. 2023 ഒക്ടോബറിൽ ഉറുഗ്വായ്ക്കെതിരായ മത്സരത്തിൽ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റതിന് ശേഷം, സൗദി അറേബ്യൻ ക്ലബ്ബിലും പിന്നീട് സ്വന്തം തട്ടകമായ സാന്റോസിലേക്ക് തിരിച്ചെത്തിയപ്പോഴും ഫിറ്റ്നസ് പ്രശ്നങ്ങൾ താരത്തെ അലട്ടിയിരുന്നു. എന്നിരുന്നാലും, പരിശീലകൻ കാർലോ ആൻസലോട്ടിയുടെ ബ്രസീൽ ടീമിലെ അവിഭാജ്യ ഘടകമാണ് നെയ്മർ. 128 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയ നെയ്മറാണ് ബ്രസീലിന്റെ റെക്കോർഡ് ഗോൾവേട്ടക്കാരൻ. 2014, 2018, 2022 ലോകകപ്പുകൾക്ക് ശേഷം തന്റെ കരിയറിലെ നാലാമത്തെ ലോകകപ്പ് കളിക്കാനാണ് നെയ്മർ ലക്ഷ്യമിടുന്നത്.

'ലോകകപ്പിലെ ബ്രസീലിന്റെ മത്സരങ്ങൾ:'

ആദ്യ മത്സരം: ബ്രസീൽ vs മൊറോക്കോ (ജൂൺ 13)

മറ്റ് ഗ്രൂപ്പ് മത്സരങ്ങൾ:* ബ്രസീൽ vs സ്കോട്ട്ലാൻഡ്, ബ്രസീൽ vs ഹെയ്തി

Tags:    
News Summary - Neymar Recovery Gains Momentum As Brazil Star Eyes World Cup Return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.