"പാമ്പ്!" ഈ ഒരു വാക്ക് കേട്ടാൽ തന്നെ പലരുടെയും മനസ്സിൽ ആദ്യം നിറയുന്നത് ഭയമാണ്. എന്നാൽ ഭൂമിയിലെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ജീവികളിൽ ഒന്നാണ് പാമ്പുകൾ. വിഷവും മരണവും മാത്രമായി അവയെ കാണുന്ന മനുഷ്യർ പലപ്പോഴും മറന്നുപോകുന്നത്, പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്ന നിശ്ശബ്ദ കാവൽക്കാരാണ് പാമ്പുകൾ എന്ന യാഥാർഥ്യമാണ്. ജൂലൈ 16-ന് ആചരിക്കുന്ന ലോക പാമ്പ് ദിനം ഈ തെറ്റിദ്ധാരണകൾ മാറ്റി ശാസ്ത്രീയമായ അവബോധം വളർത്താനും പാമ്പുകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തെ ഓർമ്മിപ്പിക്കാനുമുള്ള അവസരമാണ്.
ലോകത്ത് നിലവിൽ 4,000-ത്തിലധികം പാമ്പ് ഇനങ്ങളുണ്ട്. അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും അവ ജീവിക്കുന്നു. മഴക്കാടുകളിലും മരുഭൂമികളിലും പുൽമേടുകളിലും പർവതപ്രദേശങ്ങളിലും നദികളിലും കടലിലും വരെ പാമ്പുകൾ അതിജീവിക്കുന്നു. ഏതാനും സെന്റിമീറ്റർ മാത്രം നീളമുള്ള ബാർബഡോസ് ത്രെഡ്‌സ്നേക്ക് മുതൽ 20 അടി കവിയുന്ന റെറ്റിക്കുലേറ്റഡ് പൈത്തൺ വരെ വലുപ്പത്തിലും സ്വഭാവത്തിലും വലിയ വൈവിധ്യമാണ് ഇവക്കുളളത്.
ഇന്ത്യയിൽ മാത്രം മുന്നൂറിലധികം പാമ്പ് ഇനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ വളരെ ചെറിയൊരു വിഭാഗം മാത്രമാണ് മനുഷ്യന് ഗുരുതര അപകടമുണ്ടാക്കുന്ന വിഷപ്പാമ്പുകൾ. എന്നാൽ ഭയവും തെറ്റിദ്ധാരണയും കാരണം വിഷമില്ലാത്ത പാമ്പുകൾ പോലും പലപ്പോഴും കൊല്ലപ്പെടുന്നു.
ഒരു പാമ്പ് ഒരു വർഷം നൂറുകണക്കിന് എലികളെ വേട്ടയാടുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എലികൾ കൃഷിയിടങ്ങൾ നശിപ്പിക്കുകയും ധാന്യശേഖരങ്ങൾ നശിപ്പിക്കുകയും രോഗങ്ങൾ പരത്തുകയും ചെയ്യുന്നു. പാമ്പുകൾ ഇല്ലാതായാൽ എലികളുടെ എണ്ണം കുത്തനെ വർധിക്കുകയും കൃഷിക്ക് വലിയ തിരിച്ചടി നേരിടുകയും ചെയ്യും. അതുകൊണ്ടാണ് പാമ്പുകളെ "പ്രകൃതിയുടെ കീടനിയന്ത്രണ സേന" എന്ന് വിശേഷിപ്പിക്കുന്നത്. രാസവിഷങ്ങൾ ഉപയോഗിക്കാതെ തന്നെ കൃഷിയെ സംരക്ഷിക്കാൻ പ്രകൃതി ഒരുക്കിയ സംവിധാനം.
പാമ്പുകൾ മികച്ച വേട്ടക്കാരാണ്. എന്നാൽ അവയും മറ്റുജീവികൾക്ക് ഭക്ഷണമാണ്. പരുന്തുകൾ, കഴുകൻമാർ, മൂങ്ങകൾ, കീരികൾ, കുറുക്കന്മാർ തുടങ്ങി നിരവധി ജീവികൾ പാമ്പുകളെ ഭക്ഷിക്കുന്നു. അതിനാൽ ഒരു ആവാസവ്യവസ്ഥയിലെ ഭക്ഷ്യശൃംഖലയുടെ മധ്യഭാഗത്താണ് പാമ്പുകളുടെ സ്ഥാനം. അവയുടെ എണ്ണം കുറയുന്നത് നിരവധി ജീവിവർഗങ്ങളുടെ നിലനിൽപ്പിനെയും ബാധിക്കും.
പാമ്പുകളുടെ രണ്ടായി പിരിഞ്ഞ നാവ് പലരെയും കൗതുകപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ അത് ഭക്ഷണം രുചിക്കാനല്ല പ്രധാനമായും ഉപയോഗിക്കുന്നത്. വായുവിലെയും നിലത്തെയും രാസകണങ്ങൾ ശേഖരിച്ച് വായിന്റെ മേൽഭാഗത്തുള്ള ജേക്കബ്സൺസ് അവയവത്തിലേക്ക് എത്തിക്കുന്നതിനാണ് നാവ് ഉപയോഗിക്കുന്നത്. മനുഷ്യൻ കണ്ണും മൂക്കും ചേർത്ത് ചെയ്യുന്ന പല കാര്യങ്ങളും പാമ്പ് നാവിന്റെ സഹായത്തോടെയാണ് ചെയ്യുന്നത്. ഇരയുടെ സാന്നിധ്യവും ശത്രുക്കളും ഇണയും തിരിച്ചറിയാൻ ഇതുവഴിപാമ്പുകൾക്ക് കഴിയും.
അതുപോലെ, പാമ്പുകൾക്ക് മനുഷ്യരെപ്പോലെ ചലിക്കുന്ന കണ്ണിമകളില്ല. അതിനാൽ അവ ഒരിക്കലും കണ്ണടക്കില്ലെന്ന് തോന്നും. എന്നാൽ കണ്ണിനെ സംരക്ഷിക്കാൻ സുതാര്യമായ ഒരു പ്രത്യേക ശൽക്കമാണ് അവയുടെ കണ്ണുകൾക്ക് മുകളിലുണ്ട്. അതിനാൽ അവ എപ്പോഴും തുറന്ന കണ്ണുകളോടെ നോക്കുന്നതുപോലെ അനുഭവപ്പെടുന്നു. പാമ്പുകൾ തന്നെക്കാൾ വലിയ ഇരകളെ വിഴുങ്ങുന്നതും അത്ഭുതമാണ്. പാമ്പുകളുടെ താടിയെല്ലുകൾ വളരെ ഇളക്കാവുന്ന രീതിയിലാണ് രൂപപ്പെട്ടിരിക്കുന്നത്. ഇലാസ്റ്റിക് ബന്ധനങ്ങളുടെ സഹായത്തോടെ വായ് അസാധാരണമായി വികസിപ്പിക്കാൻ കഴിയുന്നതിനാലാണ് സ്വന്തം തലയേക്കാൾ വലിപ്പമുള്ള ഇരയെയും മുഴുവനായി വിഴുങ്ങാൻ സാധിക്കുന്നത്.
എല്ലാ പാമ്പുകളും ഒരുപോലെയല്ല. ചില ഇനങ്ങൾ മരങ്ങളിലാണ് ജീവിതമെങ്കിൽ മറ്റുചിലത് വെള്ളത്തിലാണ്. ചിലത് ഭൂമിക്കടിയിലും ജീവിക്കുന്നു. ചില പാമ്പുകൾ മുട്ടയിടുന്നു മറ്റുചിലത് കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. വളർച്ചയുടെ ഭാഗമായി പഴയ തൊലി ഇടക്കിടെ പൊഴിച്ച് പുതിയ തൊലി സ്വീകരിക്കുന്നതും പാമ്പുകളുടെ പ്രത്യേകതയാണ്.
പാമ്പുകളെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണകളിലൊന്നാണ് അവ മനഃപൂർവം മനുഷ്യരെ ആക്രമിക്കുന്നു എന്നത്. യാഥാർഥ്യം അതല്ല. മനുഷ്യനെ ഭക്ഷണമാക്കുന്ന ജീവിയല്ല പാമ്പ്. അപകടം തോന്നുമ്പോഴോ അബദ്ധത്തിൽ ചവിട്ടിപ്പോകുമ്പോഴോ പിടിക്കാൻ ശ്രമിക്കുമ്പോഴോ സ്വയം പ്രതിരോധിക്കാനാണ് ഭൂരിഭാഗം പാമ്പുകളും കടിക്കുന്നത്. ലോകത്തിലെ പാമ്പുകളിൽ വളരെ ചെറിയ ശതമാനം മാത്രമാണ് മനുഷ്യന് അപകടകാരിയായ വിഷപ്പാമ്പുകൾ. ഭൂരിഭാഗം പാമ്പുകളും വിഷമില്ലാത്തവയാണ്.
വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടാൽ അതിനെ കൊല്ലാൻ ശ്രമിക്കരുതെന്നാണ് വിദഗ്ധരുടെ നിർദേശം. പാമ്പിനെ കണ്ടാൽ അകലം പാലിക്കുകയും അതിന് രക്ഷപ്പെടാൻ അവസരം നൽകുകയും ചെയ്യുകയാണ് ഏറ്റവും സുരക്ഷിതമായ മാർഗം. സുരക്ഷിതമായ അകലം പാലിച്ച് പ്രദേശത്തെ വനവകുപ്പിനെയോ പരിശീലനം ലഭിച്ച പാമ്പുപിടിത്തക്കാരെയോ വിവരം അറിയിക്കണം.
വനനശീകരണം, നഗരവൽക്കരണം, റോഡ് അപകടങ്ങൾ, അന്ധവിശ്വാസങ്ങൾ, അനധികൃത വേട്ട എന്നിവ മൂലം നിരവധി പാമ്പ് ഇനങ്ങൾ ഇന്ന് ഭീഷണി നേരിടുകയാണ്. പ്രകൃതിയുടെ ആരോഗ്യത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും പാമ്പുകളുടെ നിലനിൽപ്പ് അനിവാര്യമാണ്. അതിനാൽ ഭയത്തിനുപകരം ശാസ്ത്രീയമായ അറിവും സംരക്ഷണബോധവുമാണ് സമൂഹത്തിൽ വളരേണ്ടതെന്ന് ലോക പാമ്പ് ദിനം ഓർമ്മപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.