ഫോട്ടോ കടപ്പാട്  റോയിട്ടേഴ്സ്

ഉഷ്ണതരംഗത്തിൽ തളർന്ന് യൂറോപ്പ്; ഒരാഴ്ചയിൽ 10,650 ലധികം മരണങ്ങൾ

ബ്രസൽസ്: ജൂൺ അവസാനവാരത്തിൽ പടിഞ്ഞാറൻ യൂറോപ്പിനെ പിടിച്ചുകുലുക്കിയ റെക്കോർഡ് ഉഷ്ണതരംഗം പതിനായിരത്തിലധികം ജീവനുകൾ കവർന്നതായി ഔദ്യോഗിക കണക്കുകൾ. യൂറോപ്യൻ രാജ്യങ്ങളിൽ ഒരാഴ്ചക്കിടെ 10,650-ലധികം മരണങ്ങൾ രേഖപ്പെടുത്തിയതായി യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ , ലോകാരോഗ്യ സംഘടന എന്നിവയുടെ പിന്തുണയുള്ള യൂറോമോമോ (EuroMOMO) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ജൂൺ 22 മുതൽ 28 വരെയുള്ള ആഴ്ചയിലെ മരണനിരക്കാണ് പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫ്രാൻസ്, സ്‌പെയിൻ, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉഷ്ണതരംഗം ഏറ്റവും രൂക്ഷമായത് ഈ കാലയളവിലായിരുന്നു. റിപ്പോർട്ട് പ്രകാരം, മരിച്ചവരിൽ 9,000-ത്തിലധികം പേർ 65 വയസിന് മുകളിലുള്ളവരാണ്. കടുത്ത ചൂട് മൂലം ഹീറ്റ് സ്ട്രോക്ക്, നിർജലീകരണം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ ഗുരുതരമാകുന്നതാണ് മരണനിരക്ക് ഉയരാൻ പ്രധാന കാരണം.

ഡെൻമാർക്കിലെ സ്റ്റാറ്റൻസ് സീറം ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ഫിസിഷ്യൻ  യൂറോമോമോയുടെ ചുമതലക്കാരനുമായ ലാസെ വെസ്റ്റർഗാർഡ്, ഇത്രയും വലിയ തോതിൽ മരണങ്ങൾ സംഭവിക്കുന്നത് അസാധാരണമാണെന്നും.ഇതിന് കാരണം അതിശക്തമായ ചൂടാണെന്നുമാണ് റോയിട്ടേഴ്സിനോട് പറഞ്ഞത്. 27 യൂറോപ്യൻ രാജ്യങ്ങളിലെ ദേശീയ മരണകണക്കുകൾ സംയോജിപ്പിച്ചാണ് യൂറോമോമോ ഈ റിപ്പോർട്ട് തയ്യാറാക്കിയത്.

ചൂട് മൂലമുള്ള മരണങ്ങൾ മാത്രമല്ല, എല്ലാ കാരണങ്ങളാലും ഉണ്ടായ മരണങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും, ഈ കാലയളവിൽ കോവിഡ്-19 പോലുള്ള വലിയ രോഗവ്യാപനങ്ങളോ മറ്റേതെങ്കിലും അസാധാരണ സംഭവങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ അധിക മരണങ്ങളുടെ പ്രധാന കാരണം ഉഷ്ണതരംഗമാണെന്നാണ് നിഗമനം. ആഗോളതാപനം ഇല്ലായിരുന്നെങ്കിൽ ജൂൺ അവസാനം യൂറോപ്പിനെ ബാധിച്ച ഈ ഉഷ്ണതരംഗം സംഭവിക്കാനുള്ള സാധ്യത വളരെ കുറവായിരുന്നുവെന്നും അവർ വിലയിരുത്തുന്നു.

ഉഷ്ണതരംഗം മനുഷ്യജീവിതത്തെ മാത്രമല്ല, ദൈനംദിന ജീവിതത്തെയും സാരമായി ബാധിച്ചു. ഫ്രാൻസ്, സ്‌പെയിൻ, ബ്രിട്ടൻ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടായി. നിരവധി സ്കൂളുകൾ അടച്ചിടേണ്ടിവന്നു. പല നഗരങ്ങളിലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലകൾ രേഖപ്പെടുത്തി. രാജ്യങ്ങൾ തിരിച്ചുള്ള കണക്കുകൾ യൂറോമോമോ പ്രസിദ്ധീകരിച്ചിട്ടില്ല.

എന്നാൽ ജൂൺ അവസാനവാരത്തിൽ 'വളരെ ഉയർന്ന അധിക മരണനിരക്ക്' രേഖപ്പെടുത്തിയ രാജ്യങ്ങൾ ഫ്രാൻസും ബെൽജിയവും മാത്രമാണെന്ന് റിപ്പോർട്ട് പറയുന്നു. ബെൽജിയത്തിലെ പൊതുജനാരോഗ്യ സ്ഥാപനമായ സിയൻസാനോയുടെ കണക്കുകൾ പ്രകാരം, 2000 മുതൽ രേഖപ്പെടുത്തിയ എല്ലാ ഉഷ്ണതരംഗങ്ങളിലും ഏറ്റവുമധികം മരണങ്ങൾ ഇത്തവണയാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

ഇതിനിടെ, ഇംപീരിയൽ കോളേജ് ലണ്ടൻ, യു.കെ മെറ്റ് ഓഫീസ്, ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ എന്നിവ ചേർന്ന് നടത്തിയ മറ്റൊരു പഠനവും ആശങ്ക ഉയർത്തുന്ന കണക്കുകളാണ് പുറത്തുവിട്ടത്. മെയ്, ജൂൺ മാസങ്ങളിലെ ഉഷ്ണതരംഗങ്ങൾക്കിടെ ഇംഗ്ലണ്ടും വെയിൽസും ചേർന്ന് ഏകദേശം 2,700 പേർ ചൂട് സംബന്ധമായ കാരണങ്ങളാൽ മരിച്ചതായി പഠനം കണക്കാക്കുന്നു. ഈ മരണങ്ങളിൽ 42 ശതമാനവും ആഗോളതാപനം മൂലം ചൂട് കൂടുതൽ രൂക്ഷമായതിന്റെ ഫലമാണെന്നും പഠനം വ്യക്തമാക്കുന്നു. 

Tags:    
News Summary - Europe reels under heatwave; Over 10,650 deaths recorded in one week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.