പ്രകൃതി ചിലപ്പോൾ മനുഷ്യനെ വിസ്മയിപ്പിക്കുകയും ചിലപ്പോൾ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. അത്തരത്തിൽ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു സ്ഥലമാണ് അസമിലെ ദിമാ ഹസാവോ ജില്ലയിലെ ചെറിയ മലയോര ഗ്രാമമായ ജതിംഗ. എല്ലാ വർഷവും സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള ദിവസങ്ങളിൽ ഇവിടെ സംഭവിക്കുന്ന ഒരു വിചിത്ര പ്രതിഭാസം ഇന്നും ശാസ്ത്രലോകത്തിന് പൂർണമായി വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. വൈകുന്നേരങ്ങളിൽ പക്ഷികൾ കൂട്ടത്തോടെ ആകാശത്ത് നിന്ന് താഴേക്ക് വീഴുന്നതാണ് ഈ ഗ്രാമത്തെ ലോകപ്രശസ്തമാക്കിയത്.
വർഷത്തിലെ ഭൂരിഭാഗം സമയവും ജതിംഗ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ നിറഞ്ഞ ശാന്തമായ ഗ്രാമമാണ്. പച്ചപ്പാർന്ന വനങ്ങളും മൂടൽമഞ്ഞ് മൂടിയ മലനിരകളും പക്ഷികളുടെ ശബ്ദ കോലാഹലവും നിറഞ്ഞ ഈ പ്രദേശം വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമാണ്. എന്നാൽ മഴക്കാലം അവസാനിച്ച് സെപ്റ്റംബർ എത്തുമ്പോൾ അന്തരീക്ഷം മാറിത്തുടങ്ങുന്നു. വൈകുന്നേരം ആറുമണി മുതൽ രാത്രി ഒമ്പതരവരെ ഗ്രാമത്തിലെ ഒരു ചെറിയ പ്രദേശത്ത് അസാധാരണമായ കാഴ്ചകൾ അരങ്ങേറും.
ഈ സമയത്ത് നിരവധി പക്ഷികൾ അസാധാരണ വേഗത്തിൽ താഴ്ന്ന് പറന്നെത്തി മരങ്ങളിലും മുളങ്കാടുകളിലും വീടുകളുടെ മേൽക്കൂരകളിലും വൈദ്യുതിക്കമ്പികളിലും ഇടിച്ചുവീഴുന്നു. ചിലത് നിലത്തേക്കും പതിക്കുന്നു. ആദ്യമായി കാണുന്നവർക്ക് ഇവ ചത്തതുപോലെ തോന്നുമെങ്കിലും പല പക്ഷികൾക്കും ജീവനുണ്ടാവും. അവക്ക് താൽക്കാലികമായി ദിശാബോധം നഷ്ടപ്പെട്ട നിലയിലാണ് കണ്ടെത്താറുളളത്.
ഏറ്റവും വിചിത്രമായ കാര്യം,ആകാശത്ത് നിന്ന് വീഴുന്ന പക്ഷികൾ രാത്രി സഞ്ചാരികളല്ലാ, ഈ പ്രതിഭാസം ഏകദേശം 1.5 കിലോമീറ്റർ മാത്രം നീളമുള്ള ഒരു ചെറിയ പ്രദേശത്ത് മാത്രമാണ് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇന്നും ദുരൂഹമായി തുടരുകയാണ്. ഇതുവരെ 40-ലധികം പക്ഷിവർഗങ്ങൾ ഈ പ്രതിഭാസത്തിന്റെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്. കിംഗ്‌ഫിഷർ, എഗ്രറ്റ്, ബിറ്റേൺ, ഡ്രോങ്കോ, ബീ-ഈറ്റർ, പിറ്റ തുടങ്ങി പകൽ സജീവമായ നിരവധി പക്ഷികളാണ് ഇതിൽപ്പെടുന്നത്. ഇവയിൽ കൂടുതലും പ്രായം കുറഞ്ഞ പക്ഷികളാണെന്നതും ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഈ പ്രതിഭാസത്തെക്കുറിച്ച് നിരവധി നാടോടിക്കഥകളും പ്രാദേശിക വിശ്വാസങ്ങളും നിലനിൽക്കുന്നു. ആദ്യകാലത്ത് ഇവിടെ താമസിച്ചിരുന്ന ആദിവാസി സമൂഹങ്ങൾ, ഗ്രാമത്തെ ശിക്ഷിക്കാൻ ദുഷ്ടാത്മാക്കൾ ആകാശത്ത് നിന്ന് ഇറങ്ങിവരുന്നതിന്റെ സൂചനയാണിതെന്ന് വിശ്വസിച്ചിരുന്നു. ഒരു പക്ഷി അടുപ്പിലേക്ക് വീണ സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ വലിയ ഭീതിയിലായെന്ന കഥയും പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വിശ്വാസങ്ങൾ ജതിംഗയെ ദുരൂഹതയുടെ ഗ്രാമമായി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു.
1960-കളിൽ പ്രശസ്ത പ്രകൃതിശാസ്ത്രജ്ഞനായ ഇ.പി.ഗീ ജതിംഗ സന്ദർശിച്ചതോടെയാണ് ഈ പ്രതിഭാസം അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. തുടർന്ന് നിരവധി പക്ഷിശാസ്ത്രജ്ഞരും വന്യജീവി ഗവേഷകരും പരിസ്ഥിതി വിദഗ്ധരും ഇവിടെ എത്തി പഠനങ്ങൾ നടത്തി. ഗവേഷകർ മുന്നോട്ടുവക്കുന്ന പ്രധാന നിഗമനം, താഴ്ന്ന മേഘങ്ങൾ, കനത്ത മൂടൽമഞ്ഞ്, ശക്തമായ മൺസൂൺ കാറ്റ്, മലനിരകളുടെ ഭൂപ്രകൃതി എന്നിവ ചേർന്ന് താഴ്ന്ന ഉയരത്തിൽ പറക്കുന്ന പക്ഷികളെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നാണ്. ഗ്രാമത്തിലെ വീടുകളിൽ നിന്നുള്ള കൃത്രിമ വെളിച്ചം പക്ഷികളെ ആകർഷിക്കുകയും അവ മരങ്ങളിലും കെട്ടിടങ്ങളിലും ഇടിച്ചുവീഴാൻ കാരണമാകുകയും ചെയ്യാമെന്നാണ് മറ്റൊരു വിശദീകരണം.
ചില ഗവേഷകർ പറയുന്നത്, മഴക്കാലത്ത് മലനിരകളിൽ ജലം ആഗിരണം ചെയ്യുന്നതിലൂടെ പ്രദേശത്തിന്റെ കാന്തികസ്വഭാവത്തിൽ താൽക്കാലികമായ മാറ്റമുണ്ടാകുകയും അത് പക്ഷികളുടെ സ്വാഭാവിക ദിശാനിർണയ സംവിധാനത്തെ ബാധിക്കുകയുമാകാമെന്നാണ്. എന്നാൽ ഒരു കാര്യത്തിൽ ശാസ്ത്രലോകം ഏകാഭിപ്രായത്തിലാണ്. ജതിംഗയിൽ പക്ഷികൾ കൂട്ടമായി ആത്മഹത്യ ചെയ്യുന്നു എന്ന വിശ്വാസത്തിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. പക്ഷികൾ താൽക്കാലികമായി ദിശതെറ്റുകയും ആശയക്കുഴപ്പത്തിലാകുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസത്തിന് പിന്നിലെ പ്രധാന കാരണമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
ഈ അപൂർവ പ്രതിഭാസം നേരിൽ കാണാൻ നിരവധി സഞ്ചാരികൾ വർഷംതോറും ജതിംഗ സന്ദർശിക്കാറുണ്ട്. എന്നാൽ ഇത് വന്യജീവികളുമായി ബന്ധപ്പെട്ട അതീവ സങ്കീർണമായ പ്രകൃതി പ്രതിഭാസമായതിനാൽ വനംവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുകയും പക്ഷികളെ ശല്യപ്പെടുത്താതിരിക്കുകയും ചെയ്യേണ്ടത് ഓരോ സന്ദർശകന്റെയും ഉത്തരവാദിത്വമാണ്. ഇന്നും ശാസ്ത്രത്തിന് പൂർണമായി ഉത്തരം കണ്ടെത്താൻ കഴിയാത്ത ഈ ദുരൂഹത ജതിംഗയെ ലോകത്തിലെ ഏറ്റവും വിചിത്രമായ ഗ്രാമങ്ങളിലൊന്നാക്കി മാറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.