കാന്തയിൽ നിന്ന്

‘രണ്ട് കലാകാരന്മാർ, ഒരു പിണക്കം, അവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു പാഠം; ദുൽഖറിന്‍റെ ‘കാന്ത’ ഡിസംബറിൽ ഒ.ടി.ടിയിലേക്ക്

ദുൽഖർ സൽമാന്‍റെ ഏറ്റവും പുതിയ ചിത്രമായ കാന്ത ഒ.ടി.ടിയിലേക്ക്. സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ  സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. കാന്ത നെറ്റ്ഫ്ലിക്സിൽ ഡിസംബർ 12 ന് സ്ട്രീം ചെയ്യുമെന്നാണ് വിവരം. 'രണ്ട് കലാകാരന്മാർ. ഒരു പിണക്കം. അവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു പാഠം. തിയറ്റർ റിലീസിന് ശേഷം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ 'കാന്ത' നെറ്റ്ഫ്ലിക്സിൽ എത്തുമെന്ന് പ്ലാറ്റ്‌ഫോം നേരത്തെ അറിയിച്ചിരുന്നു.

1950കളിലെ മദ്രാസിലെ സൂപ്പർസ്റ്റാറായിരുന്ന ടി.കെ. മഹാദേവന്റെ കഥയാണ് 'കാന്ത' പറയുന്നത്. സ്പിരിറ്റ് മീഡിയ, വേഫെറർ ഫിലിംസ് ബാനറുകളിൽ റാണ ദഗ്ഗുബതിയും ദുൽഖർ സൽമാനും ചേർന്നാണ് ചിത്രം നിർമിച്ചത്. 2022ലെ ഹേ സിനാമികക്ക് ശേഷം ദുൽഖറിന്‍റെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ചിത്രമാണ് 'കാന്ത'.

തമിഴ് സിനിമയിലെ ആദ്യത്തെ സൂപ്പർസ്റ്റാറായി പരക്കെ കണക്കാക്കപ്പെട്ടിരുന്ന പഴയകാല നടൻ എം.കെ ത്യാഗരാജ ഭാഗവതരുടെ ഉദയവും പതനവുമാണ് കാന്തക്ക് പ്രചോദനമായത്. അതേസമയം, ത്യാഗരാജ ഭാഗവതരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ചു എന്ന് ആരോപിച്ച് ചിത്രത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ചെറുമകൻ കോടതിയെ സമീപിച്ചിരുന്നു.

ത്യാഗരാജ ഭാഗവതരെ മോശം സ്വഭാവമുളള വ്യക്തിയായും അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ അവസാന നാളുകളിൽ ദാരിദ്രത്തിൽ കഴിഞ്ഞതായും ചിത്രീകരിച്ചതായി ഹരജിക്കാരൻ ആരോപിക്കുന്നു. ഇവ തെറ്റാണെന്നും അദ്ദേഹത്തിന്‍റെ യശസ്സിന് കോട്ടം തട്ടുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. എന്നാൽ കാന്ത സിനിമ പൂർണമായും സാങ്കൽപ്പികമാണെന്നും യഥാർഥ ജീവിതത്തിലെ ഒരു വ്യക്തിയെയും അടിസ്ഥാനപ്പെടുത്തിയതല്ലെന്നും ദുൽഖർ മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ചിത്രം ബോക്സ് ഓഫിസിൽ ആദ്യ ദിനം നാല് കോടി രൂപ നേടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ദുൽഖറിന്റെ മുൻ ചിത്രമായ ലക്കി ഭാസ്‌കർ ആദ്യ ദിനം നേടിയ 8.45 കോടിയുടെ പകുതി മാത്രമേ കാന്തക്ക് നേടാനായിട്ടുള്ളു. എന്നാൽ ചിത്രത്തിലെ ദുൽഖറിന്‍റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രത്തിന്‍റെ മന്ദഗതിയിലുള്ള രണ്ടാം പകുതി  വിമർശനത്തിന് കാരണമായിരുന്നു. നെഗറ്റീവ് വശങ്ങൾ ഉണ്ടായിരുന്നിട്ടും ദുൽഖറിന്‍റെ പ്രകടനത്തിന്റെ കാര്യത്തിൽ കാന്തക്ക് ഒരേസ്വരത്തിൽ നല്ല പ്രതികരണമാണ് ലഭിച്ചത്.

Tags:    
News Summary - Kaantha on OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.