ലിയോനാർഡോ ഡികാപ്രിയോയുടെ 'ദി റെവനന്റ്' എന്ന ചിത്രം പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ഈ മാസം 13ന് ചിത്രം വീണ്ടും റിലീസ് ചെയ്യുമെന്ന് 20-ാം സെഞ്ചുറി സ്റ്റുഡിയോസ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. യു.എസ്, യു.കെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, മെക്സിക്കോ എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
അലെയാന്ദ്രോ ഗോൺസാലെസ് ഇനാരിറ്റു സംവിധാനം ചെയ്ത ഈ ചിത്രം 2016ലാണ് ആദ്യമായി പുറത്തിറങ്ങിയത്. ഹ്യൂ ഗ്ലാസ് എന്ന അതിജീവന പോരാളിയായി വേഷമിട്ട ലിയോനാർഡോ ഡികാപ്രിയോക്ക് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം നേടിക്കൊടുത്തത് ഈ ചിത്രമായിരുന്നു. കടുത്ത ശൈത്യത്തിലും ദുർഘടമായ സാഹചര്യങ്ങളിലും മാസങ്ങളോളം നീണ്ട ചിത്രീകരണമായിരുന്നു ഈ സിനിമയുടെ പ്രധാന പ്രത്യേകത. തന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ സിനിമ എന്നാണ് ലിയോനാർഡോ ഡികാപ്രിയോ ഇതിനെ വിശേഷിപ്പിച്ചത്.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം, മഞ്ഞുമൂടിയ മലനിരകളിൽ അതിജീവനം നടത്തുന്ന ഒരു മനുഷ്യന്റെ കഥയാണ് പറയുന്നത്. ഓസ്കറിന് പുറമെ ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക്സ് ചോയ്സ്, ബാഫ്റ്റ തുടങ്ങിയ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും ഈ ചിത്രം വാരിക്കൂട്ടിയിരുന്നു.
അതേസമയം, വരാനിരിക്കുന്ന 98-ാമത് ഓസ്കർ പുരസ്കാര വേദിയിൽ മറ്റൊരു ഓസ്കാറിനായുള്ള കാത്തിരിപ്പിലാണ് ലിയോനാർഡോ ഡികാപ്രിയോ. 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള നോമിനേഷൻ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇത്തവണ 16 നോമിനേഷനുകളുമായി 'സിണേഴ്സ്' എന്ന ചിത്രമാണ് മുന്നിലുള്ളത്. തിമോത്തി ഷാലമെ, ഏതൻ ഹോക്ക്, മൈക്കൽ ബി. ജോർദാൻ, വാഗ്നർ മൗറ എന്നിവരാണ് ഡികാപ്രിയോക്കൊപ്പം മികച്ച നടനുള്ള മത്സരത്തിലുള്ളത്. 2026 മാർച്ച് 15നാണ് 98-ാമത് ഓസ്കർ പുരസ്കാര നിശ നടക്കുന്നത്. കൊനാൻ ഒബ്രിയനാണ് ഇത്തവണത്തെ അവതാരകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.