കഴിഞ്ഞ വർഷത്തെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ധുരന്ധറിന്റെ രണ്ടാം ഭാഗത്തിന്റെ പ്രീ ബുക്കിങ് കലക്ഷനിൽ വൻ നേട്ടം. റിലീസിന് 11 ദിവസം ബാക്കിനിൽക്കെ ഞായറാഴ്ച മാത്രം 80,000 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഇതിലൂടെ എട്ട് കോടി രൂപ ചിത്രം സ്വന്തമാക്കി. ശനിയാഴ്ച ട്രെയിലർ ലോഞ്ചിന് പിന്നാലെ ആദ്യ 24 മണിക്കൂറിൽ 1.2 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച ചിത്രം 10 കോടിയിലധികം നേടിയിരുന്നു.
ആദിത്യ ധർ ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗം ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും, പ്രത്യേകിച്ച് വടക്കേ അമേരിക്ക, കാനഡ, യു.കെ, ആസ്ട്രേലിയ എന്നിവിടങ്ങളിലും റെക്കോർഡ് ബോക്സ് ഓഫിസ് പ്രകടനമാണ് നടത്തിയത്. അമർ കൗശിക് ചിത്രം ‘സ്ത്രീ 2’വിന്റെ 8.50 കോടിയുടെ പെയ്ഡ് പ്രിവ്യൂ റെക്കോർഡാണ് 24 മണിക്കൂറിനുള്ളിൽ ‘ധുരന്ധർ 2 ’മറികടന്നത്. ഇതോടെ ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ പെയ്ഡ് പ്രിവ്യൂ കലക്ഷൻ എന്ന നേട്ടം ധുരന്ധറിനാണ്.
സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം ചിത്രത്തിന്റെ ഇതുവരെയുള്ള അഡ്വാൻസ് ബുക്കിങ് കലക്ഷൻ 18.11 കോടി രൂപയാണ്. ഇതോടെ റിലീസിന് മുമ്പ് തന്നെ ഈ വർഷത്തെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ആറാമത്തെ ഹിന്ദി ചിത്രമായി ധുരന്ധർ 2 മാറി. ബി62 സ്റ്റുഡിയോ നിർമിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ചിത്രം, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്. 2026 മാർച്ച് 19ന് ചിത്രം ആഗോളതലത്തിൽ തിയറ്ററുകളിൽ എത്തും.
ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ ആരാധകർ വളരെയധികം ആവേശത്തിലാണ്. ആക്ഷനും വൈലൻസും നിറഞ്ഞ ട്രെയിലർ ആദ്യ ഭാഗത്തെക്കാൾ കലക്ഷൻ നേടുമെന്നാണ് ആരാധകരുടെ പ്രതികരണം. ധുരന്ധർ- ദി റിവഞ്ച് എന്നാണ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പേര്. പേരു പോലെതന്നെ ഏറെ പ്രതീക്ഷ നൽകുന്നതാണ് ചിത്രത്തിന്‍റെ ട്രെയിലർ. സി.ബി.എഫ്.സി വെബ്‌സൈറ്റ് പ്രകാരം ആദിത്യ ധർ സംവിധാനം ചെയ്യുന്ന ഈ രണ്ടാം ഭാഗത്തിന്റെ റൺടൈം മൂന്ന് മണിക്കൂറും 28 മിനിറ്റും ആണ്.
ധുരന്ധർ 2025 ഡിസംബർ അഞ്ചിനാണ് തിയറ്ററുകളിൽ എത്തിയത്. 2025ലെ ഏറ്റവും വലിയ വിജയമായി മാറിയ ഈ ചിത്രം ലോകമെമ്പാടുമായി 1300 കോടിയിലധികം രൂപയാണ് കലക്ട് ചെയ്തത്. പാകിസ്താൻ പശ്ചാത്തലമാക്കി ഒരുക്കിയ ഈ സ്പൈ ത്രില്ലറിൽ, ഭീകരവാദ ശൃംഖലയിലേക്ക് നുഴഞ്ഞുകയറുന്ന ഇന്ത്യൻ ചാരനായാണ് രൺവീർ സിങ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.