കെ. റഫീഖ്, മമ്മൂട്ടി

‘അപമാനിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല, സ്വകാര്യമായി പറഞ്ഞ കാര്യം ഇത്രയും വലിയ വിവാദമാവുമെന്ന് കരുതിയില്ല’ കെ. റഫീഖിനെ ഫോണിൽ വിളിച്ച് സംസാരിച്ച് മമ്മൂട്ടി

സൈബർ ആക്രമണം നേരിടവെ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനെ ഫോണിൽ വിളിച്ച് സംസാരിച്ച് മമ്മൂട്ടി. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ റഫീഖിനോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് മമ്മൂട്ടിയുടെ ഫോൺ കോൾ. അപമാനിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല എന്നും സ്വകാര്യമായി പറഞ്ഞ കാര്യമാണ് അത് ഇത്രയും വലിയ വിവാദമാവുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി റഫീഖിനോട് പറഞ്ഞുവെന്നാണ് വിവരം. റഫീഖ് ഇതുവരെ പരസ്യപ്രതികരണത്തിന് തയാറായിട്ടില്ല.

സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് 'നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ' എന്ന മമ്മൂട്ടിയുടെ ചോദ്യമാണ് വിവാദത്തിന് കാരണമായത്. ജനങ്ങളുടെ ടൗൺഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമർശവും അതൃപ്തിക്ക് കാരണമായി.

ഡി.വൈ.എഫ്‌.ഐ പ്രാദേശിക ഘടകങ്ങളുടെ ഉൾപ്പെടെ സമൂഹമാധ്യമ പേജുകളിലാണ് കടുത്ത വിമർശനം നടനെതിരെ ഉയരുന്നത്. ജില്ലാ സെക്രട്ടറിയോട് മാറി നിൽക്കാൻ പറയാൻ മമ്മൂട്ടി ആരാണ് എന്ന ചോദ്യമാണ് സൈബർ ഗ്രൂപ്പുകൾ ചോദിക്കുന്നത്. മമ്മൂട്ടിയെന്ന മഹാനടനിൽനിന്ന് ഇതൊരിക്കലും പ്രതീക്ഷിച്ചതല്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.

'അപൂർവമായി മാത്രമേ ഇങ്ങനെയുണ്ടാകൂ. ഒരു നാട്ടിലെ ജനങ്ങൾ എല്ലാരും ചേർന്ന് നിരാശ്രയരായ, ആപത്തുസംഭവിച്ച ആളുകൾക്ക് വേണ്ടി സംഭാവന ചെയ്തുണ്ടാക്കിയതാണിത്. ഇത് സംഭാവനചെയ്തുണ്ടാക്കിയത് ജനങ്ങളാണ്. കേരളത്തിലെ ജനങ്ങളിൽനിന്ന് പിരിച്ച കാശാണല്ലോ സർക്കാർ കൊടുക്കുന്നത്.

ജനങ്ങളുടെ മനസാണ് ഈ കാണുന്നത്. സാമൂഹികമൂലധനം ആണ് ഈ കാണുന്നത്. മറ്റുളളവരോടുള്ള അനുതാപവും സഹതാപവും കേരളത്തിലാണ് ഏറ്റവും കൂടുതലുള്ളത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ സാമൂഹികമൂലധനമുള്ളത്. അതിന്റെ ഏറ്റവുംവലിയ ഉദാഹരണമാണിത്' എന്നായിരുന്നു ടൗൺഷിപ്പ് സന്ദർശിച്ച ശേഷം മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞത്.

Tags:    
News Summary - I didn’t mean to insult, I didn’t think that what I said in private would become such a big controversy’, Mammootty says on phone to K. Rafeeq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.