വാക്കുമാറ്റി ആമിർ ഖാൻ; 'സിതാരേ സമീൻ പർ' ഒ.ടി.ടിയിലേക്ക്

തിയറ്ററുകളിൽ വൻ വിജയം നേടിയ ശേഷം, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആമിർ ഖാൻ നായകനായ സ്പോർട്സ് ഡ്രാമ 'സിതാരേ സമീൻ പർ' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഈ പ്ലാറ്റ്‌ഫോമിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യത്തെ ഹിന്ദി ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

‘സിതാരേ സമീൻ പർ’ യൂട്യൂബിൽ മാത്രമായി ലഭ്യമാകുമെന്നും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യില്ലെന്നും ആമിർ ഖാൻ പറഞ്ഞിരുന്നു. ആഗസ്റ്റ് 1ന് ചിത്രം യുട്യൂബിൽ റിലീസ് ചെയ്യും. ലോകത്തിന്റെ എല്ലാ കോണുകളിലും താങ്ങാനാവുന്ന നിരക്കിൽ സിനിമ എത്തുന്നുവെന്ന് ഉറപ്പാക്കുകയായിരുന്നു ആമിറിന്‍റെ ലക്ഷ്യം. ആർ.എസ്. പ്രസന്ന സംവിധാനം ചെയ്ത ചിത്രം തിയറ്റർ റിലീസിന് ഏകദേശം ഒൻപത് മാസങ്ങൾക്ക് ശേഷമാണ് ഒ.ടി.ടിയിൽ എത്തുന്നത്.

'ഇന്ത്യയിലെ ഓരോ പ്രേക്ഷകന്റെയും 100 രൂപയാണ് എനിക്ക് വേണ്ടത് അല്ലാതെ ഒരു വലിയ കമ്പനി നൽകുന്ന 125 കോടി അല്ല. എനിക്ക് വർക്കിലും എന്റെ പ്രേക്ഷകരിലും വിശ്വാസമുണ്ട്. എന്റെ സിനിമകൾ നല്ലതാണെങ്കിൽ പ്രേക്ഷകർ അത് തിയറ്ററിലും തുടർന്ന് യൂട്യൂബിൽ പേ പെർ വ്യൂവിൽ വരുമ്പോഴും കാണും. എനിക്ക് മാത്രം ഗുണമുണ്ടാകുന്നത് കൊണ്ട് ഒരിക്കലും ഒരു ഇൻഡസ്ട്രി മുഴുവനായും രക്ഷപ്പെടില്ല. അതുകൊണ്ടാണ് ഒ.ടി.ടിയുടെ ഓഫറിന് ഞാൻ നോ പറഞ്ഞത് ആമിർ പറഞ്ഞിരുന്നു. 

2007ൽ പുറത്തിറങ്ങിയ താരേ സമീൻ പറിന്‍റെ തുടർച്ചയും, സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസി'ന്‍റെ ഒഫീഷ്യൽ റീമേക്കുമാണ് 'സിതാരേ സമീൻ പർ'. ഡൗൺ സിൻട്രോം ബാധിതരുൾപ്പെട്ട ബാസ്ക്കറ്റ്ബാൾ ടീമിന്‍റെ പരിശീലകന്‍റെ വേഷത്തിലാണ് ആമിർ ഖാൻ എത്തുന്നത്. ആമിറിനൊപ്പം ജെനീലിയയാണ് പ്രധാനവേഷത്തിൽ. ജൂൺ 20 ന് തിയറ്ററുകളിലെത്തിയ ചിത്രം ഈ വർഷം ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മൂന്നാമത്തെ ഹിന്ദി ചിത്രവും, 2025ൽ ഇതുവരെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ നാലാമത്തെ ഇന്ത്യൻ ചിത്രവുമായി മാറിയിട്ടുണ്ട്.

122 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം ആഗോളതലത്തിൽ 266.49 കോടി രൂപയിലധികം നേടി. 2016ലെ 'ദംഗലിന്' ശേഷം ആമിർ ഖാന്റെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാണിത്. ആമിർ ഖാൻ പ്രൊഡക്ഷൻസും അപർണ്ണ പുരോഹിതും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദിവ്യ നിധി ശർമ്മയാണ് തിരക്കഥ രചിച്ചത്.

Tags:    
News Summary - Sitaare Zameen Par OTT Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.