അല്ലു സിരിഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ
അല്ലു അർജുന്റെ സഹോദരനും പ്രശസ്ത തെലുങ്ക് നടനുമായ അല്ലു സിരിഷിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. താരം തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നിശ്ചയത്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചു. സുഹൃത്തായ നയനികയെയാണ് അല്ലു സിരിഷ് വിവാഹം കഴിക്കുന്നത്. ഹൈദരാബാദിലെ ഒരു സമ്പന്ന ബിസിനസ് കുടുംബത്തിലെ അംഗമാണ് നയനിക.
അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിൽ ഇരുവരും മോതിരം കൈമാറി. വെള്ള എത്തിനിക് വെയറിൽ സിരിഷും ചുവപ്പു ലെഹങ്കയിൽ നൈനികയും പരിപാടിയിൽ തിളങ്ങി. തെലുങ്കു ആചാര പ്രകാരം വെള്ളിയാഴ്ച നടന്ന ചടങ്ങിൽ അല്ലു അർജ്ജുനും ചിരഞ്ജീവിയും രാം ചരണും വരുൺ തേജും കുടുംബത്തോടൊപ്പം പങ്കെടുത്തു.
പരേതനായ മുത്തച്ഛൻ അല്ലു രാമലിംഗയ്യയുടെ ജന്മവാർഷികത്തിലായിരുന്നു വിവാഹ നിശ്ചയ പ്രഖ്യാപനം സിരിഷ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. 'ഇന്ന്, എന്റെ മുത്തച്ഛൻ അല്ലു രാമലിംഗയ്യയുടെ ജന്മദിനത്തിൽ, എന്റെ ഹൃദയത്തോട് വളരെ അടുപ്പമുള്ള ഒരു കാര്യം പങ്കിടാൻ കഴിഞ്ഞത് ഭാഗ്യമായി തോന്നുന്നു. ഒക്ടോബർ 31ന് എന്‍റെയും നയനികയുടെയും വിവാഹനിശ്ചയം നടക്കും'- എന്ന് അദ്ദേഹം എഴുതി.
നിർമാതാവ് അല്ലു അരവിന്ദിന്റെ ഇളയ മകനാണ് അല്ലു സിരീഷ്. ഗൗരവം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്ക് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചത്. രാധ മോഹൻ സംവിധാനം ചെയ്ത ചിത്രത്തിൽ യാമി ഗൗതമായിരുന്നു നായിക. തെലുങ്കിലും തമിഴിലും ഒരേസമയം ഗൗരവം ചിത്രീകരിച്ചു.
2017ൽ മോഹൻലാൽ നായകനായ 1971: ബിയോണ്ട് ബോർഡേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് അല്ലു സിരിഷ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അല്ലു സിരീഷ് അവസാനമായി പ്രധാന വേഷത്തിൽ അഭിനയിച്ചത് ഫാന്റസി ആക്ഷൻ ചിത്രമായ ബഡ്ഡി(2024)യിലാണ്. ആര്യ അഭിനയിച്ച ടെഡി എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.