രക്തം ചിന്തിയ പോർക്കളത്തിൽ യാഷ്; ടോക്സിക് ടീസർ ഉടൻ

'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സ്' സിനിമയുടെ അണിയറപ്രവർത്തകർ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ ടീസർ ഫെബ്രുവരി 20ന് രാവിലെ 9:35ന് റിലീസ് ചെയ്യും. വയലൻസും സങ്കീർണമായ കഥാപരിസരവും സൂചിപ്പിക്കുന്ന പോസ്റ്റർ സിനിമയുടെ സ്വഭാവം വ്യക്തമാക്കുന്നു. രക്തം ചിന്തിയ മഞ്ഞുവീഴ്ചക്ക് നടുവിൽ, മുഖം മറച്ച് കുപ്പിയിൽ നിന്ന് മദ്യം കഴിക്കുന്ന 'രായ' എന്ന യാഷിന്റെ കഥാപാത്രമാണ് പോസ്റ്ററിലുള്ളത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രമായ ടോക്സിക്, ഓരോ ഘട്ടങ്ങളിലായാണ് വിവരങ്ങൾ പുറത്തുവിടുന്നത്. കഥയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താത്തതിനാൽ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ആകാംക്ഷയുണ്ട്. ഫെബ്രുവരി 20ന് പുറത്തിറങ്ങുന്ന ടീസർ സിനിമയെക്കുറിച്ച് കൃത്യമായ കാഴ്ച നൽകും. സിനിമയുടെ അന്തരീക്ഷവും ദൃശ്യഭംഗിയും കൂടുതൽ ആഴത്തിൽ അനുഭവപ്പെടുന്നതിനായി ടീസർ ഒറ്റ ഭാഷയിലായിരിക്കും റിലീസ് ചെയ്യുക.

ചിത്രത്തിലെ താരനിരയും ഏറെ ഇൻഡസ്ട്രിയിലെ ഏറെ ശ്രദ്ധിക്കപ്പെട്ടവരാണ്. നാദിയയായി കിയാര അദ്വാനി, കരുത്തുറ്റ എലിസബത്തായി ഹുമ ഖുറേഷി, സിനിമയുടെ ഗതി മാറ്റുന്ന ഗംഗ എന്ന കഥാപാത്രമായി നയൻതാര എന്നിവരെത്തുന്നു. താരാ സുതാരിയ റെബേക്കയായും, രുക്മിണി വസന്ത് മെലീസയായും വേഷമിടുന്നു. ഒടുവിൽ പുറത്തുവിട്ട യാഷിന്റെ 'രായ' എന്ന കഥാപാത്രം തിയറ്ററുകളിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്നു.

യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്, കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി നിരവധി ഭാഷകളിൽ സിനിമ മൊഴിമാറ്റി എത്തും.

മികച്ച സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന് പിന്നിലുള്ളത്. ദേശീയ അവാർഡ് ജേതാവ് രാജീവ് രവി കാമറയും, രവി ബസ്രുർ സംഗീതവും നിർവഹിക്കുന്നു. ഉജ്വൽ കുൽക്കർണിയാണ് എഡിറ്റർ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി, ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കെച്ച എന്നിവർ ചേർന്നാണ് സംഘട്ടനം ഒരുക്കുന്നത്. ടി.പി ആബിദാണ് പ്രൊഡക്ഷൻ ഡിസൈൻ.

കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണനും യാഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2026 മാർച്ച് 19ന് ഈദ്, ഉഗാദി പ്രമാണിച്ച് ചിത്രം ലോകമെമ്പാടും തിയറ്ററുകളിൽ എത്തും. 

Tags:    
News Summary - Toxic: Yash Stands Firm in a Bloody Battlefield in New Poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.