ഐശ്വര്യ റായ് കജ്ര രേ ഗാന രംഗത്തിൽ
ബണ്ടി ഔർ ബബ്ലി (2005) എന്ന ചിത്രത്തിലെ 'കജ്ര രേ' എന്ന ഗാനം വൻ ഹിറ്റായിരുന്നു. ഇന്നും ഈ പാട്ടിന് ആരാധകർ ഏറെയാണ്. അതിലെ ആകർഷകമായ വരികൾക്കും ഈണത്തിനും മാത്രമല്ല, നടിയുടെ ശ്രദ്ധേയമായ ലുക്കിനും പ്രശംസ ഏറെയായിരുന്നു. എന്നാൽ, ഗാനത്തിൽ ഐശ്വര്യ മേക്കപ്പ് ഇല്ലാതെയാണ് പ്രത്യക്ഷപ്പെട്ടതെന്ന് വെളിപ്പെടുത്തുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് മിക്കി കോൺട്രാക്ടർ. ലെഹ്രെൻ റെട്രോയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മിക്കി.
മേക്കപ്പ് ഇല്ലാത്ത ലുക്കിൽ അഭിനയിക്കാനുള്ള ആഗ്രഹം ഐശ്വര്യ നേരത്തെ പ്രകടിപ്പിച്ചിരുന്നുവെന്ന് മിക്കി വെളിപ്പെടുത്തി. 'അത് ഒരു നോ മേക്കപ്പ് ലുക്കായിരുന്നില്ല, യഥാർത്ഥത്തിൽ മേക്കപ്പ് തന്നെ ഇല്ലാത്ത ലുക്കായിരുന്നു. ഈ കജ്ര രേ ലുക്കിന് പിന്നിലെ പ്രധാന കാര്യവും അതാണ്. ഐഷും ഞാനും വളരെക്കാലമായി അതിനെക്കുറിച്ച് സംസാരിച്ചിരുന്നു. യഥാർഥത്തിൽ മേക്കപ്പ് ഇടാതെ ഒരു സിനിമ ചെയ്യണമെന്ന് ഞങ്ങൾക്കുണ്ടായിരുന്നു. അത്തരമൊരു കാര്യം ചെയ്യാൻ ശരിയായ നിമിഷത്തിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. കാരണം പെൺകുട്ടികൾ മേക്കപ്പ് ഇല്ലാതെ പൂർണമായൊരു സിനിമ ചെയ്യാൻ ആ കാലത്ത് കഴിയില്ലായിരുന്നു' -അദ്ദേഹം പറഞ്ഞു.
'കജ്ര രേ' എന്ന ഗാനം ഐശ്വര്യ റായിക്ക് ശരിയായ സമയത്ത് ശരിയായ വ്യക്തി വാഗ്ദാനം ചെയ്ത ഒന്നാണ്. കാരണം ബണ്ടി ഔർ ബബ്ലി നിർമാതാവ് ആദിത്യ ചോപ്ര അവരെ കൂടുതൽ നാചുറൽ ആയ ലുക്കിൽ സിനിമയിൽ കാണിക്കാനാണ് ആഗ്രഹിച്ചത്. ഈ ഗാനം വരുമ്പോൾ ഐശ്വര്യ വളരെ ഗ്ലാമറസായി കാണപ്പെടണമായിരുന്നു. എന്നാൽ അതേ സമയം ആദി അവളെ വളരെ നാചുറലായും തോന്നിക്കണമെന്ന് ആഗ്രഹിച്ചു. ഗാനത്തിൽ ഐശ്വര്യ ഫൗണ്ടേഷൻ ഒട്ടുംതന്നെ ഉപയോഗിച്ചിട്ടില്ല. ഗാനത്തിന്‍റെ മുഴുവൻ വരികളും കജ്ര രേ, തേരേ കാലേ കാലേ നൈന എന്നിങ്ങനെയായിരുന്നു. അതുകൊണ്ട് ഞങ്ങൾ അവൾക്ക് ലെൻസുകൾ നൽകാൻ ആഗ്രഹിച്ചില്ല. പകരം ഞങ്ങൾ ഒരു കറുത്ത കാജലും മസ്കാരയും ഉപയോഗിച്ചു. ചുണ്ടുകളിൽ ചെറുതായ് ലിപ് ഗ്ലോസ് ധരിച്ചിരുന്നു. അത്രമാത്രം -അദ്ദേഹം പറഞ്ഞു.
ഐശ്വര്യ റായിക്ക് സ്‌ക്രീനിൽ മേക്കപ്പ് ഇല്ലാതെ ഇരിക്കുന്നതിനെകുറിച്ച് എന്തെങ്കിലും സംശയമുണ്ടായിരുന്നോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ 'ഐഷ് അധികം ചോദ്യങ്ങൾ ചോദിക്കുന്ന തരത്തിലുള്ള ആളല്ല. ചില ആളുകളിൽ അവർക്ക് ആത്മവിശ്വാസമുണ്ട്. സാധാരണയായി നമ്മൾ പറയുന്നത് അവർ അനുസരിക്കുന്നു. ഞങ്ങൾ എപ്പോഴും അവരുടെ നല്ലത് ആഗ്രഹിക്കുന്നവരാണ്. സ്വന്തം സൗന്ദര്യത്തിലും, വ്യക്തിത്വത്തിലും, കഴിവിലും ഐശ്വര്യക്ക് വളരെ ആത്മവിശ്വാസമുണ്ട്. അതിൽ സംശക്കേണ്ട കാര്യമില്ലെന്ന് ഞാൻ കരുതുന്നു. അവൾ സുന്ദരിയാണെന്ന് അവൾക്കറിയാം' -അദ്ദേഹം കൂട്ടിച്ചേർത്തു.
മണിരത്നത്തിന്‍റെ പൊന്നിയിൻ സെൽവൻ II എന്ന ചിത്രത്തിലാണ് ഐശ്വര്യ റായി അവസാനമായി അഭിനയിച്ചത്. വിക്രം, രവി മോഹൻ, കാർത്തി, തൃഷ കൃഷ്ണൻ, ജയറാം, പ്രഭു, ആർ. ശരത്കുമാർ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, വിക്രം പ്രഭു, പ്രകാശ് രാജ്, റഹ്മാൻ, ആർ. പാർഥിബൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതൊരു ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു. തന്‍റെ അടുത്ത പ്രോജക്ട് താരം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.