നയൻതാര അന്നപൂരണി ചിത്രത്തിൽനിന്നും

വിവാദങ്ങൾക്കൊടുവിൽ ‘അന്നപൂരണി’ ഒ.ടി.ടിയിലേക്ക്

നയൻതാര പ്രധാനകഥാപാത്രമായി എത്തുന്ന നിലേഷ് കൃഷ്ണ ചിത്രം അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ് ഒക്ടോബർ ഒന്നിന് ഒ.ടി.ടിയിൽ എത്തും. ഡിസംബർ ഒന്നിന് തിയറ്ററുകളിൽ എത്തിയിരുന്ന ചിത്രം, ഡിസംബർ 29 മുതൽ നെറ്റ്ഫ്ലിക്സിൽ എത്തിയതോടെ വിവാദങ്ങൾക്ക് കാരണമാവുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെതുടർന്ന് ചിത്രം നെറ്റ്ഫ്ലിക്സ് നീക്കം ചെയ്തു. ഹിന്ദുത്വ വിശ്വാസങ്ങൾക്ക് ചിത്രം എതിരാണെന്ന് ആരോപിച്ച് നിരവധിപേർ രംഗത്തുവന്നു. ഇതിൽ ചിലർ ചിത്രത്തിന്‍റെ നിർമാതാക്കൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

എന്നാൽ, ചില മാറ്റങ്ങളോടെ ചിത്രം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഒക്ടോബർ ഒന്നുമുതൽ അന്നപൂരണി ജിയോ ഹോട്ട്സ്റ്റാറിൽ കാണാം. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രമാണ് ലഭ്യമാവുക. വിവാദ രംഗങ്ങൾ ചിത്രത്തിൽ നിന്നും ഒഴിവാക്കിയതായാണ് റിപ്പോർട്ട്. ചിത്രത്തിന്‍റെ മൊത്തം റൺ ടൈമിൽ നിന്ന് 10 മിനിറ്റ് കുറച്ച് ഇപ്പോൾ 2 മണിക്കൂർ 15 മിനിറ്റ് ആണ് ആകെ സിനിമ.

ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ നിന്ന് വരുന്ന അന്നപൂരണിയെന്ന പെൺകുട്ടി (നയൻതാര) രാജ്യത്തെ മികച്ച പാചകക്കാരിയായി മാറാൻ ആഗ്രഹിക്കുന്നതാണ് സിനിമ. അന്നപൂരണി മാംസം പാകം ചെയ്യുന്നതും ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട രംഗവും ചിത്രത്തിലുണ്ട്. ഇതാണ് ഒരുവിഭാഗം ആളുകൾ ചിത്രത്തിനെതിരെ രംഗത്തെത്താൻ കാരണമായത്.

എഫ്.ഐ.ആറിന് പിന്നാലെ, ചിത്രത്തിന്റെ സഹനിർമാതാവായ സീ സ്റ്റുഡിയോ ക്ഷമാപണ കത്ത് പുറപ്പെടുവിച്ചു. ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യുമെന്നും എഡിറ്റ് ചെയ്ത പതിപ്പ് ഉടനെ പുറത്തിറക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. സിനിമയുടെ സഹ നിർമ്മാതാക്കൾ എന്ന നിലയിൽ ഹിന്ദുക്കളുടെയും ബ്രാഹ്മണരുടെയും മതവികാരം വ്രണപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല. ആരുടെയെങ്കിലും വികാരങ്ങളെ അറിയാതെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ഔദ്യോഗിക കത്തിൽ നിർമാതാക്കൾ പറഞ്ഞു.

നയൻതാരക്ക് പുറമെ ജയ്, സത്യരാജ്, അച്യുത് കുമാർ, കെ.എസ് രവികുമാർ, കാർത്തിക് കുമാർ, രേണുക സച്ചു എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ. നിലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമാസ് എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സത്യൻ സൂര്യൻ സിനിമാറ്റോഗ്രഫിയും പ്രവീൺ ആന്‍റണി എഡിറ്റിങും നിർവഹിച്ചു.

Tags:    
News Summary - After backlash, Nayanthara’s Annapoorani makes its way back to OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.