ഉഷ,ആശ,ലത
മുംബൈ: ഇന്ത്യൻ സംഗീത ലോകത്തെ സുവർണ്ണ അധ്യായത്തിന് വിരാമമിട്ട് ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ വിടവാങ്ങി ആഴ്ചകൾ പിന്നിടുമ്പോൾ, സഹോദരിയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി ഉഷാ മങ്കേഷ്‌കർ. ആശാ ഭോസ്‌ലെയുടെ മരണശേഷം ആദ്യമായി ഒരു പൊതുവേദിയിൽ എത്തിയപ്പോഴാണ് ഉഷ തന്റെ സങ്കടം പങ്കുവെച്ചത്. മുംബൈയിൽ നടന്ന 18-ാമത് ന്യൂസ്‌മേക്കേഴ്‌സ് അവാർഡ്‌സ് 2026ൽ പങ്കെടുക്കുകയായിരുന്നു ഉഷ.
കഴിഞ്ഞ എട്ട് വർഷത്തിനിടെ തന്റെ രണ്ട് മുതിർന്ന സഹോദരിമാരെയും (ലതാ മങ്കേഷ്‌കറും ആശാ ഭോസ്‌ലെയും) നഷ്ടപ്പെട്ടത് കുടുംബത്തിനും രാജ്യത്തിനും വലിയ ആഘാതമാണെന്ന് ഉഷാ മങ്കേഷ്‌കർ പറഞ്ഞു.‘എന്റെ രണ്ട് ചേച്ചിമാരെയും എനിക്ക് നഷ്ടമായി. എനിക്കും ഈ രാജ്യത്തിനും ഇത് വലിയൊരു ഞെട്ടലാണ്. കുട്ടിക്കാലം മുതൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. ഒരുപാട് ഓർമകളുണ്ട്. ഇപ്പോൾ വീട്ടിൽ എനിക്ക് വലിയ ഏകാന്തതയും സങ്കടവും അനുഭവപ്പെടുന്നു’ ഉഷ പറഞ്ഞു. സങ്കടപ്പെട്ട് വീട്ടിൽ തന്നെ ഇരിക്കുന്നത് പ്രയാസകരമായതിനാലാണ് മനസ്സ് മാറ്റാൻ വേണ്ടി ഈ ചടങ്ങിൽ പങ്കെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു.
2026 ഏപ്രിൽ 12നാണ് 92-ാം വയസ്സിൽ ആശാ ഭോസ്‌ലെ അന്തരിച്ചത്. നെഞ്ചിലെ അണുബാധയെയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെയും തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എട്ട് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ ഒട്ടനവധി ഭാഷകളിൽ അവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ദാദാസാഹേബ് ഫാൽക്കെ അവാർഡും പത്മവിഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്.
2022 ഫെബ്രുവരി 6നായിരുന്നു ലതാ മങ്കേഷ്‌കർ അന്തരിച്ചത്. കോവിഡ് ബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളായിരുന്നു മരണകാരണം. ഭാരതരത്‌ന ഉൾപ്പെടെയുള്ള പരമോന്നത ബഹുമതികൾ നേടിയാണ് ലത സംഗീത ലോകത്ത് നിന്ന് മടങ്ങിയത്. രണ്ട് ഇതിഹാസങ്ങളുടെയും വിയോഗം മങ്കേഷ്‌കർ കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.