ഭൂമി പഡ്നേക്കർ
ബോളിവുഡ് താരം ഭൂമി പഡ്നേക്കർ അസമിലെ പ്രളയബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഭാരത് ഡിസാസ്റ്റർ റിലീഫ് ഫൗണ്ടേഷന്റെ (BDRF) സഹകരണത്തോടെയാണ് താരം ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യസാധനങ്ങളും മറ്റും എത്തിച്ചുനൽകിയത്. വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളിലൂടെ രാത്രി വൈകിയും താരം യാത്ര ചെയ്യുന്നതിന്റെയും സന്നദ്ധപ്രവർത്തകർക്കൊപ്പം നിന്ന് ജോലികൾ ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
പ്രളയത്തിൽ മുങ്ങിയ റോഡുകളിലൂടെ രാത്രി പതിനൊന്നണിയോടെ കാറിൽ സഞ്ചരിക്കുന്ന ഒരു വിഡിയോ ഭൂമി പങ്കുവെച്ചിട്ടുണ്ട്. ‘ഗൂഗ്ൾ മാപ്പിൽ റോഡ് എന്ന് കാണിക്കുന്നുണ്ടെങ്കിലും ചുറ്റും വെള്ളം മാത്രമാണുള്ളത്’ എന്ന് അവർ വിഡിയോയിൽ പറയുന്നുണ്ട്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട ദുരിതാശ്വാസ ക്യാമ്പുകളിലെയും താൽക്കാലിക ഷെൽട്ടറുകളിലെയും കുടുംബങ്ങൾക്ക് രാത്രികാലങ്ങളിൽ പാമ്പുകളിൽ നിന്നും മറ്റ് ഇഴജന്തുക്കളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്നതിനായി താരം സോളാർ ലൈറ്റുകൾ വിതരണം ചെയ്തു.
കഴിഞ്ഞ മൂന്ന് ആഴ്ചകളായി വെള്ളം ഇറങ്ങിയിട്ടില്ലെന്നും അവിടുത്തെ അവസ്ഥ നേരിട്ട് വന്നു കണ്ടാൽ മാത്രമേ മനസ്സിലാകൂ എന്നും അവർ കൂട്ടിച്ചേർത്തു. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷണപ്പൊതികളും മറ്റ് അവശ്യവസ്തുക്കളും നൽകി സംസാരിക്കുന്ന താരത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇതിനുപുറമെ, മുട്ടോളം വെള്ളത്തിലൂടെ നടന്നും ബോട്ട് മാർഗ്ഗവും പ്രളയബാധിത വീടുകളിലെത്തി ഭൂമി പഡ്നേക്കർ സഹായങ്ങൾ എത്തിച്ചിരുന്നു. അസമിലെ ജനങ്ങളെ സഹായിക്കാനായി മറ്റ് പ്രമുഖരും മുന്നോട്ടുവന്നിട്ടുണ്ട്. നടൻ രൺദീപ് ഹൂഡ അസമിലെ ശിവസാഗർ ജില്ലയിലെത്തി ഗ്ലോബൽ സിഖ്സ് എന്ന എൻ.ജി.ഒയുമായി ചേർന്ന് പ്രളയബാധിതർക്ക് ഭക്ഷണങ്ങൾ വിതരണം ചെയ്തു. കൂടാതെ, പ്രശസ്ത സ്റ്റാൻഡപ്പ് കൊമേഡിയൻ സമയ് റെയ്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഡൽഹിയിലെ സി.ജെ.പി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ ഭാഷ ഉപയോഗിച്ചതിനെതിരെ ഭൂമി നടത്തിയ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രതിഷേധക്കാരെ വിമർശിച്ച താരം നീറ്റ് പേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർത്ഥികൾ നടത്തിയ സമരങ്ങളിൽ മൗനം പാലിച്ചതെന്തുകൊണ്ടാണെന്ന് ചോദിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തുകയുണ്ടായി. ഇത്തരം വിവാദങ്ങൾക്കിടയിലാണ് താരം അസമിലെത്തി മാതൃകാപരമായ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.