'ഉദയനിധിക്ക് ലഭിച്ച അതേ ശിക്ഷ സ്ത്രീത്വത്തെ അപമാനിക്കുന്ന എല്ലാവർക്കും ലഭിക്കണം'; തൃഷക്കെതിരായ അപമാന പരാമർശത്തിൽ വിശാൽ

നടി തൃഷ കൃഷ്ണനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത നടപടിയെ പിന്തുണച്ച് പ്രമുഖ തമിഴ് നടൻ വിശാൽ രംഗത്ത്. സിനിമാമേഖലയിലെ സ്ത്രീകളെക്കുറിച്ച് അപകീർത്തികരമായി സംസാരിക്കുന്ന ഏത് വ്യക്തിക്കെതിരെയും രാഷ്ട്രീയ ഭേദമില്ലാതെ സമാനമായ നടപടികൾ ഉണ്ടാകണമെന്നാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്.

രാഷ്ട്രീയ രംഗത്ത് ഇത്തരം വിവാദങ്ങളും സംഭവങ്ങളും സ്വാഭാവികമാണെങ്കിലും സ്ത്രീകളെ അധിക്ഷേപിക്കുന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ മാനദണ്ഡവും ശിക്ഷാവിധിയുമാണ് ബാധകമാകേണ്ടതെന്ന് വിശാൽ മാധ്യമങ്ങളോട് വ്യക്തമാക്കുകയുണ്ടായി. ഉദയനിധിയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ സിനിമാലോകത്തെ പെൺകുട്ടികളെയും സഹപ്രവർത്തകരെയും കുറിച്ച് മോശമായി സംസാരിക്കുന്ന യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമ ഉപയോക്താക്കൾക്ക് എതിരെയും നിയമനടടികൾ ഉണ്ടാകണമെന്ന് അദ്ദേഹം ശക്തമായി വാദിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആർക്കും ഇതിൽ ഇളവ് ലഭിക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാവേരി അവകാശ സംരക്ഷണ പ്രക്ഷോഭത്തിനിടെ തൃഷയുടെ പേര് പരാമർശിച്ചുകൊണ്ട് ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് തഞ്ചാവൂർ ജില്ലയിലെ സെങ്കിപ്പെട്ടി പൊലീസ് സ്റ്റേഷനിൽ വെച്ച് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് തമിഴക വെട്രി കഴകം വനിതാ വിഭാഗം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പ്രസ്താവന സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചാണെന്നും വ്യക്തിപരമല്ലെന്നുമാണ് ഡി.എം.കെ പക്ഷത്തിന്റെ വിശദീകരണം. തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്കാണ് ഈ സംഭവവികാസങ്ങൾ ഇപ്പോൾ തിരികൊളുത്തിയിരിക്കുന്നത്.

Tags:    
News Summary - Vishal backs Udhayanidhi Stalin's detention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.