ചിപ്പി
നീണ്ട 25 വർഷത്തെ ഇടവേളക്ക് ശേഷം ചലച്ചിത്ര ലോകത്തേക്ക് വീണ്ടും സജീവമാകാൻ ഒരുങ്ങി നടി ചിപ്പി. ആന്റണി പെരുമ്പാവൂരിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ 'തുടക്കം' എന്ന സിനിമയിലൂടെയാണ് ചിപ്പിയുടെ തിരിച്ചുവരവ്. ചിത്രത്തിൽ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അവതരിപ്പിക്കുന്ന 'മീനു' എന്ന പ്രധാന കഥാപാത്രത്തിന്റെ അമ്മ വേഷത്തിലാണ് ചിപ്പി എത്തുന്നത്.
വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷം ചിപ്പി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ‘25 വർഷത്തിനു ശേഷം സിനിമ ചെയ്തിരിക്കുന്നു. ആശിർവാദ് സിനിമാസിനും ആന്റണി പെരുമ്പാവൂരിനും സുചിത്ര മോഹൻലാലിനും നന്ദി. വിസ്മയക്ക് എല്ലാ ആശംസകളും’ എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ നടി പങ്കുവെച്ചത്. ചിത്രത്തിലെ ചിപ്പി അഭിനയിച്ച 'തളിരോമലേ' എന്ന ഗാനം ഇതിനോടകം തന്നെ ജനശ്രദ്ധ നേടിയിരുന്നു.
2000ൽ പുറത്തിറങ്ങിയ 'കാറ്റുവന്നു വിളിച്ചപ്പോൾ' എന്ന ചിത്രത്തിലായിരുന്നു ചിപ്പി അവസാനമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം ടെലിവിഷൻ രംഗത്ത് സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു.
വിസ്മയ മോഹൻലാൽ ആദ്യമായി നായികയായി അരങ്ങേറ്റം കുറിക്കുന്ന തുടക്കത്തിന്‍റെ സംവിധായകൻ ജൂഡ് ആന്റണി ജോസഫാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയാണ് ചിത്രത്തിൽ പ്രതിനായക വേഷം കൈകാര്യം ചെയ്യുന്നത്.
ലിനീഷ് നെല്ലിക്കലിന്റെ കഥയെ ആസ്പദമാക്കി അഖിൽ കൃഷ്ണയും ജൂഡും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ശാന്തമായി മുന്നേറുന്ന കഥ, ഒരു അപ്രതീക്ഷിത സംഭവത്തോടെ തീവ്രമായ വഴിത്തിരിവിലേക്ക് നീങ്ങുന്നു. ജീവിതം പൂർണമായും മാറിമറിയുന്ന സാഹചര്യത്തിൽ കേന്ദ്ര കഥാപാത്രം നടത്തുന്ന അതിജീവന പോരാട്ടമാണ് ചിത്രത്തിന്റെ കാതൽ. സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളും ഭയത്തെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ മുന്നേറേണ്ടതിന്റെ ആവശ്യകതയും ചിത്രം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.