ആയുഷ്മാൻ ഖുറാന, ജൂഡ് ആന്റണി ജോസഫ്

മോഹൻലാൽ ലെജൻഡാണ്, അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ആയുഷ്മാൻ ഖുറാന; ആയുഷ്മാനുമായുള്ള സിനിമ മുടങ്ങിയ കാരണം വ്യക്തമാക്കി ജൂഡ് ആന്റണി

ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയെ കേന്ദ്രകഥാപാത്രമാക്കി ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ഹിന്ദി ചിത്രം ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. അടുത്തിടെ ആയുഷ്മാനെ നേരിട്ട് കണ്ട ജൂഡ്, മുൻപ് താൻ നടത്തിയ ചില പരാമർശങ്ങളിൽ ഉണ്ടായ തെറ്റിദ്ധാരണകൾ തിരുത്തുകയും ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു.

സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയുമായി ചെയ്യാൻ ഉദ്ദേശിച്ച ഹിന്ദി സിനിമ ഉപേക്ഷിച്ചതിനെക്കുറിച്ചുള്ള ചർച്ചകളിൽ വ്യക്തത വരുത്തി. അടുത്തിടെ ആയുഷ്മാനെ കണ്ട ജൂഡ്, മുൻപ് താൻ നടത്തിയ പ്രസ്താവനകളെക്കുറിച്ച് വിശദീകരിച്ചു. ആയുഷ്മാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താൻ മുൻപ് പറഞ്ഞ 'മോഹൻലാൽ' പരാമർശം സിനിമയുടെ നിർമാതാക്കളെക്കുറിച്ചായിരുന്നുവെന്നും ആയുഷ്മാനെ ഉദ്ദേശിച്ചല്ലെന്നും ജൂഡ് വ്യക്തമാക്കി.

‘ഇന്ന് ആയുഷ്മാനെ കാണാൻ സാധിച്ചതിൽ സന്തോഷം. എന്റെ 'മോഹൻലാൽ സർ' എന്ന പരാമർശം നിർമാതാക്കളെ കുറിച്ചുള്ളതായിരുന്നു, അദ്ദേഹത്തെക്കുറിച്ചല്ല. ഞങ്ങൾക്കിടയിൽ വലിയ ബഹുമാനമുണ്ട്. ഉടൻ തന്നെ ഒന്നിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന് ജൂഡ് കുറിച്ചു. മോഹൻലാലിനെ മനസ്സിൽ കണ്ട് തയാറാക്കിയ പ്രോജക്ടിന്റെ കഥയിൽ ആയുഷ്മാൻ ഏറെ സന്തോഷവാനായിരുന്നുവെന്ന് ജൂഡ് വിശദീകരിച്ചു. സിനിമ നടക്കാതെ പോയതിന് താരം ഉത്തരവാദിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മോഹൻലാൽ സാറിനായി തയാറാക്കിയ ആ കഥകേട്ട് അദ്ദേഹം ഏറെ സന്തോഷിച്ചിരുന്നു. നിർഭാഗ്യവശാൽ ആ പ്രോജക്ട് നടന്നില്ല. അത് നടക്കാതിരുന്നതിൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് യാതൊരു തെറ്റുമില്ല. എന്നാൽ ഇത്രയും പ്രതിഭയും മികവുമുള്ള ഒരു നടനെ കാണാൻ സാധിച്ചതിൽ സത്യസന്ധമായി തന്നെ സന്തോഷമുണ്ട്’ എന്ന് ജൂഡ് പറഞ്ഞു. അടുത്തിടെ ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഈ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യങ്ങളെക്കുറിച്ച് ജൂഡ് തുറന്നുപറഞ്ഞത്.

ജൂഡിന്റെ പോസ്റ്റിന് മറുപടിയുമായി ആയുഷ്മാൻ ഖുറാനയും രംഗത്തെത്തി. ജൂഡിന്റെ സംവിധാന മികവിനെ പുകഴ്ത്തിയ ആയുഷ്മാൻ, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള ആഗ്രഹവും പങ്കുവെച്ചു. ‘ഞാൻ നിങ്ങളുടെ സിനിമകളുടെ വലിയൊരു ആരാധകനാണ്. ഉടൻ തന്നെ നിങ്ങളുടെ കൂടെ പ്രവർത്തിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോഹൻലാൽ സാറിന്റെ അഭിനയത്തോടും വർക്കിനോടും എനിക്ക് അളറ്ററ്റ ബഹുമാനമാണുള്ളത്. അദ്ദേഹം ഒരു ലെജൻഡ് തന്നെയാണ്. എന്നെങ്കിലും അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടാൻ സാധിച്ചാൽ അത് വലിയൊരു ഭാഗ്യമായി കരുതും’ എന്നായിരുന്നു ആയുഷ്മാന്റെ കുറിപ്പ്.

ഹിന്ദി പ്രോജക്ടിന്റെ തുടക്കത്തിൽ തന്നെ താൻ ചില നിബന്ധനകൾ വെച്ചിരുന്നതായി ജൂഡ് വെളിപ്പെടുത്തിയിരുന്നു. കഥയുടെ അടിസ്ഥാന രൂപം തയാറാക്കിയ ശേഷം ഒരു പ്രമുഖ നിർമാണ കമ്പനിയെ സമീപിക്കുകയായിരുന്നു. ‘സ്ക്രിപ്റ്റ് പൂർത്തിയാക്കാമെന്നും, എന്നാൽ ലാൽ സർ ഈ പ്രോജക്ടിന്റെ ഭാഗമാകുമെന്ന് ഉറപ്പുതരണമെന്നും ഞാൻ അവരോട് ആവശ്യപ്പെട്ടു’ എന്ന് ജൂഡ് പറഞ്ഞു.

എന്നാൽ നിർമാണ കമ്പനി ഈ നിബന്ധന അംഗീകരിച്ചില്ല. തിരക്കഥ പൂർണ്ണമായി വായിച്ചു നോക്കിയ ശേഷം മാത്രമേ അഭിനേതാക്കളുടെ കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന നിലപാടാണ് അവർ സ്വീകരിച്ചത്. ആദ്യം ഞങ്ങൾക്ക് സ്ക്രിപ്റ്റ് ഇഷ്ടപ്പെടണം, അതിനുശേഷമേ സെക്കൻഡറി ആർട്ടിസ്റ്റുകളെക്കുറിച്ച് ആലോചിക്കാനാകൂ എന്നായിരുന്നു അവരുടെ പ്രതികരണം ജൂഡ് വ്യക്തമാക്കി.

നിർമാതാക്കളുടെ ഈ വ്യത്യസ്ത സമീപനമാണ് പ്രോജക്ട് ഉപേക്ഷിക്കാൻ കാരണമായതെന്നും, ഇതിൽ ആയുഷ്മാന് യാതൊരു പങ്കുമില്ലെന്നും ജൂഡിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, വിസ്മയ മോഹൻലാൽ അരങ്ങേറ്റം കുറിച്ച ജൂഡ് ആന്റണി ജോസഫിന്റെ പുതിയ ചിത്രം 'തുടക്കം' തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

Tags:    
News Summary - മോഹൻലാൽ ലെജൻഡാണ്, അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ആയുഷ്മാൻ ഖുറാന; ആയുഷ്മാനുമായുള്ള സിനിമ മുടങ്ങിയ കാരണം വ്യക്തമാക്കി ജൂഡ് ആന്റണി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.