സോനാക്ഷി സിൻഹ
ഏറെ ആരാധകരുള്ള താരമാണ് സോനാക്ഷി സിൻഹ. പലപ്പോഴും ബോഡി ഷെയ്മിങ്ങിനും താരം ഇരയായിട്ടുണ്ട്. ഇപ്പോഴിതാ തന്‍റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ നേരിട്ട ബോഡി ഷെയ്‌മിങ്ങിനെ കുറിച്ചും അതിനോടുള്ള തന്‍റെ നിലപാടുകളെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് ബോളിവുഡ് താരം സോനാക്ഷി സിൻഹ. സിനിമക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത് 30 കിലോയോളം ഭാരം കുറച്ചതിന് ശേഷവും ആളുകൾ തന്നെ കളിയാക്കിയതിനെ കുറിച്ചും താരം സംസാരിച്ചു.
ചെറുപ്പം മുതൽ താൻ അമിതഭാരമുള്ള കുട്ടിയായിരുന്നുവെങ്കിലും കഴിവുകളിലാണ് എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും സംവാദങ്ങളിലും മറ്റ് കഴിവുകളിലുമുള്ള ആത്മവിശ്വാസമാണ് മുന്നോട്ട് നയിച്ചതെന്നും താരം പറയുന്നു. സൽമാൻ ഖാൻ നായകനായ 'ദബാങ്' എന്ന ചിത്രത്തിലൂടെയാണ് സോനാക്ഷി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലേക്ക് വരുന്നതിന് മുമ്പ് താൻ 95 കിലോയോളം ഉണ്ടായിരുന്നു എന്നും ഈ വേഷത്തിനായി 30 കിലോയോളം ഭാരം കുറച്ചാണ് താൻ ഫിറ്റ് ആയതെന്നും സോനാക്ഷി പറഞ്ഞു.
‘ഞാൻ എത്തിപ്പെട്ടത് രൂപഭംഗിക്ക് പ്രാധാന്യം നൽകുന്ന ഒരു തൊഴിൽ മേഖലയിലാണ്. ഇവിടെ എത്തിയപ്പോഴേക്കും അതൊന്നും എനിക്കൊരു വിഷയമായിരുന്നില്ല. ഫിറ്റാകാൻ ഞാൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അത് കാണാനോ തിരിച്ചറിയാനോ ആളുകൾക്ക് കഴിയുന്നില്ലെങ്കിൽ, വെറും നിസാര കാരണങ്ങൾ പറഞ്ഞ് എന്നെ വെറുക്കാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ അത് അവരുടെ മാത്രം പ്രശ്നമാണ്. 30 കിലോ കുറച്ച് ദബാങ്ങിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷവും എനിക്ക് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുണ്ട്. അങ്ങനെയുള്ള ആളുകളെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്’ സോനാക്ഷി പറഞ്ഞു. ആളുകളുടെ ഇത്തരം വിഡ്ഢിത്തപരമായ അഭിപ്രായങ്ങളെ താൻ കാര്യമാക്കാറില്ലെന്നും, തന്‍റെ ആത്മവിശ്വാസം തകർക്കാൻ ഇത്തരം നെഗറ്റീവ് കമന്‍റുകൾക്ക് കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ബോഡി ഷെയ്മിങ് ഉണ്ടാക്കിയ മാനസിക ബുദ്ധിമുട്ടുകൾ അവർ തുറന്നു സമ്മതിക്കുന്നുണ്ടെങ്കിലും ഇപ്പോൾ അനാവശ്യ വിമർശനങ്ങളെ ശ്രദ്ധിക്കാതെ അവഗണിക്കുകയാണ് തന്‍റെ രീതിയെന്ന് സോനാക്ഷി സിൻഹ വ്യക്തമാക്കി. അതേസമയം, സോനാക്ഷിയുടെ ‘ജടാധാര’യാണ് അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം. സൂപ്പർനാച്ചുറൽ ത്രില്ലറാണ്. ചിത്രത്തിൽ സുധീർ ബാബു, ശിൽപ ശിരോദ്കർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സീ സ്റ്റുഡിയോസും പ്രേരണ അറോറയും ചേർന്ന് അവതരിപ്പിക്കുന്ന ജടാധര, ഉമേഷ് കുമാർ ബൻസാൽ, ശിവൻ നാരങ്, അരുണ അഗർവാൾ, പ്രേരണ അറോറ, ശിൽപ സിങാൾ, നിഖിൽ നന്ദ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. നവംബർ ഏഴിന് ഹിന്ദിയിലും തെലുങ്കിലുമായി ‘ജടാധാര’ റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.