സിനിമയെന്നാൽ വെറും കഥപറച്ചിലല്ല, വികാരങ്ങളെ സ്പർശിക്കാനുള്ള വഴിയാണ്; ‘കെയൂരി പ്രൊഡക്ഷൻസുമായി’ നിത്യ മേനൻ

സ്വന്തം നിർമാണ കമ്പനി പ്രഖ്യാപിച്ച് നിത്യ മേനൻ. ‘കെയൂരി പ്രൊഡക്ഷൻസ്’ എന്നാണ് പുതിയ ബാനറിന്റെ പേര്. തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ച വിഡിയോയിലൂടെയാണ് നിത്യ ഈ വാർത്ത ആരാധകരെ അറിയിച്ചത്. ‘എന്നെ സംബന്ധിച്ച് സിനിമയെന്നാൽ വെറും കഥപറച്ചിലല്ല. അത് മനുഷ്യരുടെ ഉള്ളിലെ ചിന്തകൾക്കും അപ്പുറമുള്ള ആഴത്തിലുള്ള വികാരങ്ങളെ സ്പർശിക്കാനുള്ള വഴിയാണ്. അഭിനയിക്കാൻ തുടങ്ങിയ കാലം മുതൽക്കേ എന്റെ ലക്ഷ്യം ഇതായിരുന്നു. നിർമാതാവാകുമ്പോഴും ആ ലക്ഷ്യം മാറ്റമില്ലാതെ തുടരും. 'കെയൂരി പ്രൊഡക്ഷൻസ്' ഞാൻ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു’ എന്നാണ് നിത്യ സോഷ്യൽമീഡിയയിൽ കുറിച്ചത്.

കെയൂരി പ്രൊഡക്ഷൻസിന്റെ കീഴിൽ നിർമിക്കുന്ന ആദ്യ ചിത്രം ഏതാണെന്ന് നിത്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ധനുഷ് സംവിധാനം ചെയ്ത ‘ഇഡ്‌ലി കടൈ’ ആണ് നിത്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ വർഷം വിജയ് സേതുപതിയോടൊപ്പം ‘തലൈവൻ തലൈവി’ എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. പുതിയ സിനിമകളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

‘ഏത് സിനിമയാണെങ്കിലും ആ കഥാപാത്രം ഭംഗിയായി ചെയ്യണം എന്ന് ആഗ്രഹിക്കും. അത് ഒരു പതിവ് കഥാപാത്രമാവരുത് എന്നതില്‍ ഉറച്ചു നില്‍ക്കും. പൊതുവേ ഒരു സിനിമയില്‍ എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ടെങ്കില്‍, അതിലെ ഡയലോഗ്, മറ്റുള്ള വിഷയങ്ങള്‍ എല്ലാം യോജിച്ചു വന്നാലേ ആ സിനിമ വര്‍ക്ക് ഔട്ട് ആവുകയുള്ളൂ. എന്റെ ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ഞാന്‍ അവതരിപ്പിച്ചിട്ടുള്ളത്. അതിന് ലഭിച്ച അംഗീകാരത്തില്‍ ചാരിതാര്‍ത്ഥ്യമുണ്ട്’ നിത്യ പറഞ്ഞു.

എട്ട് വയസ്സുള്ളപ്പോൾ 'ഹനുമാൻ' എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെയാണ് നിത്യ കാമറക്ക് മുന്നിലെത്തുന്നത്. തബുവിന്റെ സഹോദരിയുടെ വേഷമായിരുന്നു അതിൽ. ആകാശഗോപുരം (2008) എന്ന ചിത്രത്തിലൂടെ മോഹൻലാലിനൊപ്പം മലയാളത്തിലൂടെ നായികയായി അരങ്ങേറ്റം. അല മൊഡലൈന്ദി (2011) തെലുങ്ക് ചിത്രം നിത്യയുടെ കരിയറിലെ വലിയ ബ്രേക്കായിരുന്നു. അഭിനയത്തിന് പുറമെ നിത്യ ഒരു മികച്ച പിന്നണി ഗായിക കൂടിയാണ്. മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് പാട്ടുകൾ താരം പാടിയിട്ടുണ്ട്.

Tags:    
News Summary - Nithya Menen turns producer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.