ഇളയരാജ
ഇളയരാജക്ക് തിരിച്ചടിയായി ഡൽഹി ഹൈകോടതിയുടെ പുതിയ ഉത്തരവ്. 'സരിഗമ ഇന്ത്യ ലിമിറ്റഡ്' കമ്പനിക്ക് പകർപ്പവകാശമുള്ള ഗാനങ്ങൾ ഉപയോഗിക്കുന്നതിനോ മറ്റ് പ്ലാറ്റ്‌ഫോമുകൾക്ക് ലൈസൻസ് നൽകുന്നതിനോ കോടതി അദ്ദേഹത്തെ വിലക്കി. 134 സിനിമകളിലെ സംഗീതവുമായി ബന്ധപ്പെട്ട് സരിഗമ ഫയൽ ചെയ്ത വാണിജ്യ ഹരജിയിലാണ് കോടതിയുടെ ഈ നടപടി. 1976നും 2001നും ഇടയിൽ വിവിധ ഭാഷകളിലെ സിനിമകളുടെ നിർമാതാക്കളുമായി ഒപ്പിട്ട കരാറുകൾ പ്രകാരം തങ്ങൾക്കാണ് ഈ പാട്ടുകളുടെ പകർപ്പവകാശമെന്ന് സരിഗമ കോടതിയിൽ വാദിച്ചു.
2026 ഫെബ്രുവരി മുതൽ ഇളയരാജ ഈ ഗാനങ്ങൾ ആമസോൺ മ്യൂസിക്, ഐട്യൂൺസ്, ജിയോസാവൻ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് ലൈസൻസ് നൽകുന്നുണ്ടെന്നും ഇതിലൂടെ തന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്നും കമ്പനി ആരോപിച്ചു. മറ്റ് കരാറുകൾ ഒന്നുമില്ലെങ്കിൽ, പകർപ്പവകാശ നിയമപ്രകാരം സിനിമയിലെ സംഗീതത്തിന്റെ ആദ്യ ഉടമസ്ഥർ നിർമാതാക്കളാണ്. ഇളയരാജയുടെ നടപടി സരിഗമയുടെ നിയമപരമായ ഉടമസ്ഥാവകാശത്തെ ബാധിക്കുമെന്നും സാമ്പത്തികമായി പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
ഒരു പാട്ട് സൃഷ്ടിക്കുന്നത് സംഗീത സംവിധായകനാണ്. അതിനാൽ ആ സംഗീതത്തിന്റെ മേലുള്ള ധാർമ്മികവും നിയമപരവുമായ അവകാശം സ്രഷ്ടാവിനാണ്. പകർപ്പവകാശ നിയമത്തിലെ 2012ലെ ഭേദഗതി പ്രകാരം, സംഗീതജ്ഞർക്ക് അവരുടെ സൃഷ്ടിയിൽ നിന്നുള്ള റോയൽറ്റിക്ക് അവകാശമുണ്ടെന്നാണ് ഇളയരാജയുടെ വാദം. 30 ദിവസത്തിനുള്ളിൽ ഇളയരാജ രേഖാമൂലം മറുപടി നൽകണം. കേസ് 2026 ഏപ്രിൽ 2ന് കോടതി വീണ്ടും പരിഗണിക്കും.
ഏകദേശം അഞ്ച് പതിറ്റാണ്ടിലേറെ നീളുന്ന കരിയറിൽ 1,500ലധികം സിനിമകൾക്കായി 8,600ലേറെ ഗാനങ്ങളാണ് ഇളയരാജ ഒരുക്കിയിട്ടുള്ളത്. സംഗീത രംഗത്തെ ഇതിഹാസമാണെങ്കിലും, പകർപ്പവകാശവുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങൾ അദ്ദേഹത്തിന് പുത്തരിയല്ല. തന്റെ അനുവാദമില്ലാതെ സിനിമകളിലോ സ്റ്റേജ് ഷോകളിലോ പാട്ടുകൾ ഉപയോഗിക്കുന്നതിനെതിരെ അദ്ദേഹം മുമ്പും ശക്തമായി രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.