തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ മോഡൽ പരീക്ഷയിലെ ഒരു ചോദ്യം വിദ്യാർഥികൾക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലീഷ് പരീക്ഷയിൽ ഒരു പ്രശസ്ത വ്യക്തിയുടെ ലഘു ജീവചരിത്രം തയാറാക്കാനുള്ള ചോദ്യമാണ് കൗതുകമുണർത്തിയത്. സാധാരണയായി ഇംഗ്ലീഷ് എഴുത്തുകാരുടെയോ ശാസ്ത്രജ്ഞരുടെയോ പേരുകളാണ് ഇത്തരം ചോദ്യങ്ങളിൽ വരാറുള്ളതെങ്കിൽ, ഇത്തവണ വിദ്യാർഥികളോട് ആവശ്യപ്പെട്ടത് നടൻ മോഹൻലാലിന്റെ ജീവിതരേഖ തയാറാക്കാനായിരുന്നു. താരത്തിന്റെ ജീവിതത്തെയും നേട്ടങ്ങളെയും കുറിച്ചുള്ള സൂചനകളും ചോദ്യപേപ്പറിൽ നൽകിയിരുന്നു.
1978ൽ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ചിത്രത്തിലൂടെ വില്ലനായി അരങ്ങേറ്റം കുറിച്ചു എന്ന സൂചന. അഞ്ച് ദേശീയ അവാർഡുകൾ, പത്മഭൂഷൺ, പത്മശ്രീ ബഹുമതികൾ, ജനനം മുതൽ ദാദാസാഹേബ് ഫാൽക്കെ അവാർഡ് വരെയുള്ള കാര്യങ്ങൾ, മണിച്ചിത്രത്താഴ്, തന്മാത്ര, ഒടിയൻ, നേര് തുടങ്ങിയ കരിയറിലെ മികച്ച ചിത്രങ്ങളും വരാനിരിക്കുന്ന പ്രോജക്റ്റുകളെക്കുറിച്ചുള്ള സൂചനകളും ചോദ്യപേപ്പറിലുണ്ട്. വിദ്യാർഥികൾക്ക് ഏറെ പ്രിയപ്പെട്ട താരത്തെക്കുറിച്ച് എഴുതാൻ വന്നത് പരീക്ഷാ ഹാളിലെ സമ്മർദം കുറക്കാൻ സാധിച്ചെന്ന് വിദ്യാർഥികളും അധ്യാപകരും പറയുന്നു.
ചോദ്യം വൈറലായതോടെ അതിലെ ചില വസ്തുതാപരമായ പിഴവുകൾ ചൂണ്ടിക്കാട്ടുകയാണ് സോഷ്യൽ മീഡിയ. ഇതൊക്കെ നമ്മടെ കയ്യിൽ കിട്ടണമായിരുന്നു. അടിച്ച് കയ്യിൽ കൊടുത്തേനെ എന്നാണ് ഒരു ആരാധകന്‍റെ കമന്‍റ്. മോഹൻലാലിന്റെ ആദ്യ ചിത്രം 1978ൽ പുറത്തിറങ്ങിയ 'തിരനോട്ടം' ആണ്. എന്നാൽ ചോദ്യത്തിൽ 1978ൽ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്നാണ് നൽകിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഈ ചിത്രം റിലീസ് ചെയ്തത് 1980ലാണ്. താരത്തിന്റെ തൊഴിലിനെ വിവരിക്കുന്നിടത്ത് So-called superstar എന്ന പ്രയോഗം ഉപയോഗിച്ചതിനെതിരെയും ആരാധകർക്കിടയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.