ലോക

ലോക ചാപ്റ്റർ 2 ലോഡിങ്; ‘രണ്ടാം ഭാഗത്തിൽ ഞാനുമുണ്ട്, എല്ലാവരും കാത്തിരിക്കുക’ -കല്യാണി പ്രിയദർശൻ

ടോവിനോ തോമസ് നായകനാകുന്ന 'ലോക' ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗത്തിൽ താൻ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് കല്യാണി പ്രിയദർശൻ. അടുത്തിടെ നടന്ന ഒരു പൊതുപരിപാടിയിലാണ് താരം ഈ ആവേശകരമായ വാർത്ത പങ്കുവെച്ചത്. ‘സിനിമയുടെ തിരക്കഥാ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. മിക്കവാറും സെപ്റ്റംബറോടെ ചിത്രീകരണം ആരംഭിക്കാൻ സാധിക്കുമെന്ന് കരുതുന്നു. രണ്ടാം ഭാഗത്തിൽ ഞാനുമുണ്ട്. അതുകൊണ്ട് എല്ലാവരും കാത്തിരിക്കുക’ കല്യാണി പറഞ്ഞു. ഇതോടെ ചിത്രത്തിൽ കല്യാണി ഉണ്ടാകുമോ എന്ന കാര്യത്തിൽ ആരാധകർക്കിടയിലുണ്ടായിരുന്ന ആകാംക്ഷകൾക്ക് വിരാമമായി.

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക ചാപ്റ്റർ 1: ചന്ദ്ര'യുടെ വൻ വിജയത്തിന് പിന്നാലെയാണ് രണ്ടാം ഭാഗത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. 2025 ആഗസ്റ്റിൽ ഓണം റിലീസായെത്തിയ ചിത്രം അതിന്റെ ലോകനിർമിതി കൊണ്ടും സാങ്കേതിക മികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രമാണ് 'ലോക ചാപ്റ്റര്‍ വണ്‍-ചന്ദ്ര'. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ഈ ചിത്രം വലിയ പ്രീ റിലീസ് ഹൈപ്പുകൾ ഇല്ലാതെതന്നെ 300 കോടി കലക്ഷനാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത്.

കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് ഭാഗങ്ങള്‍ ഉള്ള വമ്പന്‍ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ബിഗ് ബജറ്റ് ചിത്രത്തില്‍ ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും നിർണായക വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സൂപ്പര്‍ വിജയം നേടുകയും വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി അഞ്ച് മില്യണില്‍ കൂടുതല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പുകള്‍ വഴി വിറ്റ ചിത്രം എന്ന റെക്കോര്‍ഡും ലോകക്കാണ്. ഇന്ത്യയില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന മലയാള ചിത്രം എന്ന നേട്ടവും ലോകക്ക് തന്നെ.

മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കലക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക നേടിയിരിക്കുന്നത്.

Tags:    
News Summary - Kalyani Priyadarshan confirms she’s on Lokah Chapter 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.