രജനികാന്ത് നായകനായ കോച്ചടയാൻ പുതിയ സാങ്കേതികവിദ്യയുടെ കരുത്തിൽ വീണ്ടും എത്തുന്നു. ഇറോസ് ജനറേറ്റീവ് എ.ഐയുടെ സഹായത്തോടെ റീമാസ്റ്റർ ചെയ്ത ചിത്രത്തിന്റെ ടീസർ ചൊവ്വാഴ്ച പുറത്തിറങ്ങി. ഇന്ത്യയിലെ ആദ്യത്തെ 'ഫോട്ടോ റിയലിസ്റ്റിക് മോഷൻ കാപ്‌ചർ' ചിത്രമെന്ന ഖ്യാതിയോടെ 2014ൽ റിലീസ് ചെയ്ത ഈ ചിത്രം സൗന്ദര്യ രജനികാന്ത് ആണ് സംവിധാനം ചെയ്തത്.
‘കോച്ചടയാൻ പുനർനിർമിക്കപ്പെട്ടിരിക്കുന്നു. ഈ വികാരം എനിക്ക് വിവരിക്കാനാവില്ല. എന്റെ ആദ്യ കണ്മണിയാണീ ചിത്രം. പത്ത് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ അതുവരെ പരീക്ഷിക്കാത്ത ഒന്നിലേക്ക് ഞങ്ങൾ ചുവടുവെച്ചു. അത് എന്നെ വെല്ലുവിളിക്കുകയും മാറ്റിയെടുക്കുകയും ചെയ്തു. ചില യാത്രകൾ അവസാനിക്കുന്നില്ല, അവ പരിണമിച്ചുകൊണ്ടേയിരിക്കും’ പുതിയ ടീസർ പങ്കുവെച്ചുകൊണ്ട് സൗന്ദര്യ കുറിച്ചു. റീമാസ്റ്റർ ചെയ്ത പതിപ്പിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
കെ.എസ്. രവികുമാർ തിരക്കഥയൊരുക്കിയ ചിത്രത്തിൽ രജനികാന്ത് ഇരട്ട വേഷത്തിലാണ് എത്തിയത്. ദീപിക പദുകോണിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. രജനികാന്ത്, ദീപിക പദുകോൺ, ശോഭന, നാസർ, ആദി പിനിസെട്ടി, രുക്മിണി വിജയകുമാർ എന്നിവരാണ് മറ്റ് താരങ്ങൾ. എട്ടാം നൂറ്റാണ്ടിലെ ഒരു യോദ്ധാവിന്റെ കഥയാണിത്. അസൂയാലുവായ രാജാവിനാൽ ചതിക്കപ്പെട്ട തന്റെ പിതാവിന്റെ മരണത്തിന് പ്രതികാരം വീട്ടാനിറങ്ങുന്ന മകന്റെ പോരാട്ടമാണ് ചിത്രം പറയുന്നത്. എ.ആർ. റഹ്മാൻ സംഗീതം നിർവഹിച്ച ചിത്രത്തിൽ പത്മേഷ് ഛായാഗ്രഹണവും ആന്റണി എഡിറ്റിങ്ങും നിർവഹിക്കുന്നു.
‘റിലീസ് സമയത്ത് നേരിട്ട വിമർശനങ്ങളെക്കുറിച്ച് സൗന്ദര്യ അടുത്തിടെ സംസാരിക്കുകയുണ്ടായി. ‘കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയിൽ മറ്റൊരു പൂർണ്ണ മോഷൻ കാപ്‌ചർ ചിത്രം ആരും പരീക്ഷിച്ചിട്ടില്ല എന്നതിൽ എനിക്ക് അഭിമാനമുണ്ട്. അന്ന് സാങ്കേതികവിദ്യ വികസിച്ചുകൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഓരോ ഫ്രെയിമും ഞങ്ങൾ അത്രമേൽ കഷ്ടപ്പെട്ടാണ് നിർമിച്ചത്. ഇന്ന് സാങ്കേതികവിദ്യ എത്രത്തോളം വളർന്നു എന്ന് ഞാൻ തിരിച്ചറിയുന്നു’ സൗന്ദര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.