വിജയ്, സാമന്ത

‘വെറുമൊരു നടനായി മാത്രം ഒതുങ്ങേണ്ട ആളല്ല’; യുവതലമുറക്ക് വലിയൊരു മാതൃകയാണ് വിജയിയുടെ ഈ രാഷ്ട്രീയ യാത്രയെന്ന് സാമന്ത

ചെന്നൈ: തന്റെ പുതിയ തെലുങ്ക് ചിത്രമായ മാ ഇന്തി ബംഗാരം റിലീസിന് മുന്നോടിയായി, തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ സന്ദർശിച്ച് നടി സാമന്ത റൂത്ത് പ്രഭു. ചെന്നൈയിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സാമന്ത സമൂഹമാധ്യമങ്ങളിൽ വൈകാരികമായ ഒരു കുറിപ്പും പങ്കുവെച്ചു. അഭിനയരംഗത്തെ വൻ വിജയത്തിന് ശേഷം ഒരു പുതിയ മേഖലയിലേക്ക്, അതും വലിയ ഉത്തരവാദിത്തങ്ങൾ നിറഞ്ഞ രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ കാണിച്ച വിജയിയുടെ ധൈര്യത്തെ സാമന്ത വാനോളം പുകഴ്ത്തി.

‘വിജയ് സാർ വെറുമൊരു നടനായി മാത്രം ഒതുങ്ങേണ്ട ആളല്ലെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഊർജ്ജവും ജനങ്ങളുമായുള്ള ബന്ധവും അദ്ദേഹത്തെ വലിയൊരു ലക്ഷ്യത്തിലേക്ക് നയിക്കുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു’ സാമന്ത കുറിച്ചു. എളുപ്പമുള്ള വഴിയേക്കാൾ കൂടുതൽ ഉത്തരവാദിത്തമുള്ള വെല്ലുവിളികൾ സ്വീകരിക്കാൻ അദ്ദേഹം കാണിച്ച ആർജ്ജവം വലിയൊരു പാഠമാണെന്നും, നിസ്വാർത്ഥമായ ലക്ഷ്യബോധത്തോടെയാണ് അദ്ദേഹം തന്റെ പുതിയ പദവിയെ സമീപിക്കുന്നതെന്നും താരം പറഞ്ഞു. യുവതലമുറക്ക് വലിയൊരു മാതൃകയാണ് വിജയിയുടെ ഈ രാഷ്ട്രീയ യാത്രയെന്നും സാമന്ത കൂട്ടിച്ചേർത്തു.

ബി.വി നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന സാമന്തയുടെ ഏറ്റവും പുതിയ ആക്ഷൻ-കോമഡി ചിത്രമാണ് മാ ഇന്തി ബംഗാരം. ജൂൺ 19ന് ചിത്രം തിയറ്ററുകളിൽ എത്തും. റിലീസിന് മുമ്പേ ചിത്രം നിർമാണച്ചെലവ് തിരിച്ചുപിടിച്ചതായി നിർമാതാവ് ഹിമാങ്ക് ദുവ്വുരു അറിയിച്ചു. 2023ലെ ശാകുന്തളം, ഖുഷി എന്നീ ചിത്രങ്ങൾക്ക് ശേഷം സാമന്ത വെള്ളിത്തിരയിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഏറെ നാളായി ആരാധകർ കാത്തിരിക്കുന്ന, തികച്ചും വ്യത്യസ്തവും കരുത്തുറ്റതുമായ ഒരു സാമന്തയെ ഈ ചിത്രത്തിൽ കാണാൻ സാധിക്കുമെന്ന് സംവിധായിക നന്ദിനി റെഡ്ഡി നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. രാജ് നിഡിമോരു, സാമന്ത റൂത്ത് പ്രഭു, ഹിമാങ്ക് ദുവ്വുരു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം പ്രേക്ഷകരിൽ വലിയ ആവേശമാണ് ഇതിനകം തന്നെ സൃഷ്ടിച്ചിരിക്കുന്നത്.

Tags:    
News Summary - Samantha Ruth Prabhu reveals what inspires her most after meeting CM Vijay in Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.