ജൂഡ് സുചിത്രക്കും വിസ്മയക്കുമൊപ്പം
സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന് വിലകൂടിയ ആഡംബര വാച്ച് സമ്മാനിച്ച് മോഹൻലാലിന്റെ ഭാര്യ സുചിത്ര മോഹൻലാൽ. വിസ്മയ മോഹൻലാൽ നായികയായി എത്തുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും തങ്ങൾക്ക് ലഭിച്ച സ്നേഹവും പങ്കുവെച്ചുകൊണ്ട് സംവിധായകൻ തന്നെയാണ് ഈ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഹൃദയസ്പർശിയായ കുറിപ്പിനൊപ്പമാണ് സുചിത്രയുടെ സ്നേഹസമ്മാനത്തെക്കുറിച്ച് ജൂഡ് പറഞ്ഞത്.
ഷൂട്ടിങ് സെറ്റിൽ വെച്ച് വിസ്മയ മോഹൻലാലിനും സുചിത്ര മോഹൻലാലിനും ഒപ്പം നിന്നെടുത്ത ചിത്രവും സുചിത്ര സമ്മാനിച്ച വാച്ച് ധരിച്ചുള്ള ഫോട്ടോയും ജൂഡ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ‘ലോകത്തിന് അവർ ഒരുപക്ഷേ അമ്മയും മകളുമായിരിക്കാം. പക്ഷേ, എനിക്ക് അവർ എല്ലായ്പ്പോഴും എന്റെ ചേച്ചിയും കുഞ്ഞനുജത്തിയുമാണ്. തുടക്കം കണ്ടതിനുശേഷം സുചി ചേച്ചി എനിക്കു നൽകിയ സമ്മാനമാണ് ഈ വാച്ച്. ജീവിതകാലം മുഴുവൻ ഈ സ്നേഹവും കരുതലും ഞാൻ എന്നും മനസ്സിൽ താലോലിക്കും. ചേച്ചീ, നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഈ മറക്കാനാവാത്ത ഓർമക്കും ഹൃദയം നിറഞ്ഞ നന്ദി! എന്നായിരുന്നു ജൂഡ് കുറിച്ചത്.
സ്വിസ്സ് ലക്ഷ്വറി ബ്രാൻഡായ ബൗം ആൻഡ് മഴ്സ്യേയുടെ പ്രീമിയം വാച്ചാണ് സുചിത്ര മോഹൻലാൽ ജൂഡിന് സമ്മാനിച്ചത്. ഏകദേശം ഒരു ലക്ഷം രൂപ മുതൽ നാല് ലക്ഷം രൂപ വരെ വിലവരുന്ന ആഡംബര മോഡലിലുള്ളതാണ് ഈ വാച്ച്.
ജൂഡ് ആന്‍റണി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന വിസ്മയ മോഹൻലാലിന്റെ ആദ്യചിത്രമായ ‘തുടക്കം’ ആഗസ്റ്റ് 7ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഈ ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം മലയാളികളുടെ പ്രിയതാരം മോഹൻലാൽ ഇതിൽ ഒരു അതിഥിവേഷത്തിൽ എത്തുന്നുണ്ട് എന്നതാണ്.
തനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം മകൾ വിസ്മയ പ്രകടിപ്പിച്ചപ്പോൾ, സുചിത്ര മോഹൻലാലിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ജൂഡ് ആന്‍റണിയെ സമീപിക്കുന്നത്. തുടർന്ന് കുറച്ചുവർഷത്തെ തയാറെടുപ്പുകൾക്ക് ശേഷമാണ് ‘തുടക്കം’ എന്ന സിനിമ യാഥാർത്ഥ്യമായത്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ വലിയ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ഈ ഓണക്കാല ചിത്രത്തിന്റെ റിലീസിനായി ആരാധകരും സിനിമാലോകവും ഒരുപോലെ കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.