പ്രദീപ് റാവത്ത്, ആമിർ ഖാൻ
സിനിമയിൽ ഒരു ഒറ്റക്കഥാപാത്രം മതി ഒരു നടന്റെ പേരും പ്രശസ്തിയും എന്നെന്നേക്കുമായി അടയാളപ്പെടുത്താൻ. തമിഴ്, തെലുങ്ക് പതിപ്പുകളിൽ ഗജിനിയിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനായ അന്തരിച്ച നടൻ പ്രദീപ് റാവത്തിന്റെ സിനിമാജീവിതം ഇതിന് ഉത്തമ ഉദാഹരണമാണ്. എന്നാൽ 'ഗജിനി'യുടെ ഹിന്ദി റീമേക്കിലേക്ക് സൂപ്പർതാരം ആമിർ ഖാനെ നായകനാക്കാൻ പ്രധാന കാരണക്കാരനായത് പ്രദീപ് റാവത്ത് തന്നെയാണെന്ന യാഥാർത്ഥ്യം ഏറെ കൗതുകമുണർത്തുന്ന ഒന്നാണ്. രണ്ട് വർഷം മുമ്പ് സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ പ്രദീപ് റാവത്ത് വെളിപ്പെടുത്തിയ ആ കഥ ഇങ്ങനെയാണ്.
അക്കാലത്ത് തെലുങ്ക് സിനിമകളിൽ സജീവമായി തിളങ്ങിനിൽക്കുകയായിരുന്നു പ്രദീപ് റാവത്ത്. 'ലഗാൻ' എന്ന ചിത്രത്തിലെ പ്രകടനം കണ്ടാണ് എസ്.എസ്. രാജമൗലിയുടെ അസിസ്റ്റന്റുമാർ പ്രദീപ് റാവത്തിനെ കണ്ടെത്തുന്നത്. രാജമൗലിയുടെ രണ്ടാമത്തെ ചിത്രമായ 'സൈ' എന്ന ചിത്രത്തിലെ കോളജ് വിദ്യാർഥിയുടെ വേഷത്തിനായി അദ്ദേഹത്തെ സമീപിച്ചു. എന്നാൽ പ്രായത്തിനനുസരിച്ച് ആ കഥാപാത്രം പിന്നീട് ഒരു ഗുണ്ടയുടെ വേഷമായി രാജമൗലി മാറ്റുകയായിരുന്നു.
‘വളരെ ആത്മാർത്ഥതയുമുള്ള, ഒപ്പം ഭയരഹിതനുമായ ഒരു നടനായിരുന്നു അദ്ദേഹം. 'ഗജിനി' എന്ന ചിത്രത്തിൽ ടൈറ്റിൽ വേഷം ചെയ്തത് പ്രദീപ്ജിയാണ്. നമ്മുടെ സിനിമാചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വില്ലൻ കഥാപാത്രങ്ങളിലൊന്നാണിത്. അദ്ദേഹമില്ലാതെ ആ ചിത്രം വിജയമാകുമായിരുന്നില്ല’ എന്നാണ് ആമിർ ഖാൻ കുറിച്ചത്.
ഈ ചിത്രത്തിന്റെ ഹൈദരാബാദിലെ ഷൂട്ടിങ് നടക്കുമ്പോഴാണ് പ്രദീപ് റാവത്തിന്റെ ജീവിതത്തിലെ വഴിതിരിവായ ആ സംഭവം നടക്കുന്നത്. ‘ഷൂട്ടിങ് സെറ്റിൽ എന്റെ മേക്കപ്പ് റൂമിന് പിന്നിൽ വന്ന് ഒളിഞ്ഞുനോക്കുകയും, എന്നോട് ഒന്നും മിണ്ടാതെ തിരിച്ചുപോവുകയും ചെയ്യുന്ന ഒരാളെ ഞാൻ ശ്രദ്ധിച്ചു. ഇത് രണ്ടുമൂന്നു തവണ ആവർത്തിച്ചപ്പോൾ ഞാൻ എന്റെ അസിസ്റ്റന്റിനോട് ചോദിച്ചു, 'ആരാളത്?' എന്ന്. അപ്പോഴാണ് ആ വ്യക്തി മറുപടി പറഞ്ഞത്: 'സാർ, ഞാൻ എ.ആർ. മുരുഗദാസ് ആണ്, സംവിധായകനാണ്' എന്ന്." ഒരു സാധാരണ സംവിധായകന്റെ ഗെറ്റപ്പിൽ അല്ലാത്ത എ.ആർ. മുരുഗദാസിനെയാണ് പ്രദീപ് റാവത്ത് അവിടെ കണ്ടുമുട്ടിയത്.
തമിഴിൽ വിജയിച്ച 'ഗജിനി'യുടെ ഹിന്ദി റീമേക്കിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നപ്പോൾ, സൽമാൻ ഖാനെയായിരുന്നു സംവിധായകൻ എ.ആർ. മുരുഗദാസ് നായകനായി പ്രധാനമായും പരിഗണിച്ചിരുന്നത്. എന്നാൽ പ്രദീപ് റാവത്ത് അതിനെ എതിർക്കുകയാണുണ്ടായത്. ‘സൽമാൻ ഖാന് കുറച്ചു ദേഷ്യക്കൂടുതലുണ്ട്. അതിനാൽ തന്നെ എ.ആർ. മുരുഗദാസുമായി അദ്ദേഹത്തിന് ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം എന്ന് എനിക്ക് തോന്നി. എന്നാൽ എനിക്ക് ആമിർ ഖാനെ കഴിഞ്ഞ 25 വർഷമായി അറിയാം. അദ്ദേഹം ആരോടും ഉച്ചത്തിൽ സംസാരിക്കുന്നതോ അസഭ്യങ്ങൾ പറയുന്നതോ ഞാൻ കണ്ടിട്ടില്ല. അതുകൊണ്ടാണ് ഞാൻ ആമിർ ഖാനെ ഈ വേഷത്തിനായി സമീപിച്ചത്’ പ്രദീപ് റാവത്ത് പറഞ്ഞു.
ആമിർ ഖാനിലേക്ക് നേരിട്ട് ചെന്ന് നായകനാകാൻ ആവശ്യപ്പെടുകയല്ല പ്രദീപ് റാവത്ത് ചെയ്തത്. ആദ്യം തമിഴ് ചിത്രം കാണണമെന്ന് മാത്രമാണ് അദ്ദേഹം ആമിർ ഖാനോട് ആവശ്യപ്പെട്ടത്. ഹിന്ദി റീമേക്കിലെ നായകനാണ് താൻ എന്ന് ആദ്യമേ അദ്ദേഹം ആമിർ ഖാനോട് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ചിത്രം കണ്ട ആമിർ ഖാൻ അതിൽ ആകൃഷ്ടനാകുകയും സിനിമയുടെ ഭാഗമാകാൻ തയാറാകുകയും ചെയ്യുകയായിരുന്നു. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായി 'ഗജിനി' മാറുന്നതിന് പിന്നിൽ പ്രവർത്തിച്ച നിർണ്ണായക കണ്ണികളിൽ ഒരാളായിരുന്നു പ്രദീപ് റാവത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.