സണ്ണി വെയ്ൻ 

‘വണ്ടി പണി തന്നല്ലേ?’ എഥനോൾ രാസസൂത്രം പങ്കുവെച്ച സണ്ണി വെയ്നിനെതിരെ കടുത്ത സൈബർ ആക്രമണം

സണ്ണി വെയ്ൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റും അതിനു താഴെ വരുന്ന രസകരമായ കമന്റുകളുമാണ് ഇപ്പോൾ സൈബർ ഇടങ്ങളിലെ പ്രധാന ചർച്ചാവിഷയം. യാതൊരുവിധ വാക്കുകളോ വിശദീകരണങ്ങളോ ഇല്ലാതെ ഒരു രാസസൂത്രം മാത്രമാണ് താരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

സണ്ണി വെയ്ൻ പങ്കുവെച്ച ആ രാസസൂത്രം മറ്റൊന്നുമായിരുന്നില്ല, മറിച്ച് CH3-CH2-OH എന്ന എഥനോളിന്റെ രാസവാക്യമായിരുന്നു. പെട്രോളിൽ എഥനോൾ കലർത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും വിവാദങ്ങളും സജീവമായി നിൽക്കുന്ന ഈ സമയത്ത് വന്ന പോസ്റ്റ് പെട്ടെന്ന് തന്നെ ആരാധകരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഈ വിഷയത്തിലുള്ള പരോക്ഷമായ വിമർശനമായാണ് താരത്തിന്റെ പോസ്റ്റ് വ്യാഖ്യാനിക്കപ്പെടുന്നത്.

സണ്ണി വെയ്ന്റെ പോസ്റ്റിന് പിന്നാലെ സോഷ്യൽമീഡിയയിൽ വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഇന്ധന നയത്തെ കളിയാക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ച് ഒരു വിഭാഗം ആളുകൾ നടനെതിരെ കടുത്ത അധിക്ഷേപങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. നടന്റെ സിനിമ കാണില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാൽ, സാധാരണക്കാരായ വാഹന ഉടമകൾ നേരിടുന്ന വലിയൊരു പ്രശ്നത്തിലേക്ക് സർക്കാസ്റ്റിക് രീതിയിൽ വിരൽ ചൂണ്ടിയ താരത്തെ പിന്തുണച്ചും നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്.

പെട്രോളിലെ എഥനോൾ മിശ്രിതം മൂലം വാഹനങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് സണ്ണി വെയ്ന്റെ ഈ ഒറ്റ പോസ്റ്റോടെ സമൂഹമാധ്യമത്തിൽ വീണ്ടും ജീവൻ വച്ചിരിക്കുകയാണ്. എന്നാൽ ഉയർന്നുവരുന്ന വിമർശനങ്ങൾക്കോ സൈബർ ആക്രമണങ്ങൾക്കോ താരം ഇതുവരെ ഔദ്യോഗികമായി പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

രാജ്യത്ത് 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ വിതരണം നടപ്പിലാക്കി ഒരു വർഷം പിന്നിടുകയാണ്. എന്നാൽ എഥനോൾ കലർത്തിയ ഈ ഇന്ധനം വാഹനങ്ങളുടെ കാര്യക്ഷമതയും മൈലേജും കുറക്കുമെന്ന് കേന്ദ്ര സർക്കാർ തന്നെ പാർലമെന്റിലെ ചോദ്യോത്തര വേളയിൽ വ്യക്തമാക്കിയരുന്നു. ഇതേത്തുടർന്ന് വാഹന ഉടമകൾക്കിടയിൽ വലിയ തോതിലുള്ള ആശങ്കകളും ചർച്ചകളും നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സണ്ണി വെയ്നിന്റെ പോസ്റ്റ്.

Tags:    
News Summary - എഥനോൾ രാസസൂത്രവുമായി സണ്ണി വെയ്ൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.