'പ്രീതി വളരെ ബുദ്ധിമതിയായ സ്ത്രീയാണ്, എനിക്ക് അവരോട് വലിയ ബഹുമാനമുണ്ട്'; പ്രീതി സിന്റയുമായുള്ള പ്രണയവാർത്തകളിൽ മൗനം വെടിഞ്ഞ് ബ്രെറ്റ് ലീ

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീയും ബോളിവുഡ് നടി പ്രീതി സിന്റയും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഐ.പി.എൽ തുടക്കകാലം മുതൽ ക്രിക്കറ്റ് ലോകത്തും ബോളിവുഡിലും വലിയ ചർച്ചയായിരുന്നു. വർഷങ്ങൾ നീണ്ട ഈ അഭ്യൂഹങ്ങൾക്ക് ഒടുവിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ബ്രെറ്റ് ലീ. പ്രീതി സിന്റയുമായി ഒരിക്കലും പ്രണയത്തിലായിരുന്നില്ലെന്നും തങ്ങൾ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണെന്നും ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നുപറഞ്ഞു.

ഐ.പി.എൽ ആദ്യ സീസണായ 2008 മുതൽ 2010 വരെ പ്രീതി സിന്റ സഹ-ഉടമയായ കിങ്സ് ഇലവൻ പഞ്ചാബ് (ഇപ്പോഴത്തെ പഞ്ചാബ് കിങ്സ്) ടീമിനായി ബ്രെറ്റ് ലീ കളിച്ചിരുന്നു. അക്കാലത്താണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ മാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങിയത്. എന്നാൽ ഇതേക്കുറിച്ച് സംസാരിച്ച ലീ താൻ ഇതുവരെ ഒരു ബോളിവുഡ് നടിയുമായും പ്രണയത്തിലായിട്ടില്ലെന്ന് വ്യക്തമാക്കി. 'അന്ന് പഞ്ചാബ് ടീമിന്റെ ഉടമയായിരുന്നു പ്രീതി. അവർ വളരെ ബുദ്ധിമതിയായ സ്ത്രീയാണ്, എനിക്ക് അവരോട് വലിയ ബഹുമാനമുണ്ട്,' ലീ കൂട്ടിച്ചേർത്തു.

തനിക്കെതിരെ വന്ന ഗോസിപ്പ് വാർത്തകളെ താൻ ഒരിക്കലും കാര്യമാക്കിയിരുന്നില്ലെന്ന് ബ്രെറ്റ് ലീ പറഞ്ഞു. സത്യം എന്താണെന്ന് കൃത്യമായി അറിയാമായിരുന്നതുകൊണ്ട് ഇത്തരം പ്രചരണങ്ങൾ തന്നെ ബാധിച്ചിരുന്നില്ലെന്നും അദ്ദേഹം ഓർത്തെടുത്തു. മുൻപ് 2010-ൽ പ്രീതി സിന്റയും ഈ വാർത്തകൾ തള്ളിപ്പറഞ്ഞിരുന്നു. തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും ഇതിൽ മറ്റൊന്നുമില്ലെന്നും പ്രീതിയും അന്ന് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

ഇരുവരുടെയും വ്യക്തിജീവിതത്തിലും കരിയറിലും ഇതിനിടെ വലിയ മാറ്റങ്ങളുണ്ടായി. 2006-ൽ എലിസബത്ത് കെമ്പുമായി നടന്ന ആദ്യ വിവാഹബന്ധം പിരിഞ്ഞ ബ്രെറ്റ് ലീ, 2014-ൽ ലാന ആൻഡേഴ്സണെ വിവാഹം കഴിക്കുകയും നിലവിൽ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നു. മറുഭാഗത്ത് പ്രീതി സിന്റ 2016-ൽ ജീൻ ഗുഡ്ഇനഫിനെ വിവാഹം കഴിക്കുകയും ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ പിറക്കുകയും ചെയ്തു. സിനിമാ തിരക്കുകളിലേക്ക് തിരിച്ചെത്തുന്ന പ്രീതി ഇപ്പോഴും പഞ്ചാബ് കിങ്സ് ഉടമയെന്ന നിലയിൽ ഐ.പി.എൽ മത്സരവേദികളിൽ സജീവമാണ്.

Tags:    
News Summary - Brett Lee On Dating Preity Zinta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.