രാജ്യവ്യാപകമായി ചർച്ചയായ നീറ്റ് പേപ്പർ പ്രതിഷേധത്തിനിടയിലെ സംഭവവികാസങ്ങളിൽ നടി ഭൂമി പഡ്‌നേക്കറും ഗായിക നേഹ ഭാസും തമ്മിൽ സോഷ്യൽ മീഡിയയിൽ വാക്‌പോര്. പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ പ്രധാനമന്ത്രിക്കെതിരെയുള്ള അധിക്ഷേപകരമായ ഭാഷാപ്രയോഗങ്ങളെ വിമർശിച്ച ഭൂമി പെഡ്‌നേക്കറിനെതിരെയാണ് നേഹ ഭാസിൻ രംഗത്തുവന്നത്. പ്രക്ഷോഭകാരികളുടെ ഭാഷയെ ചോദ്യം ചെയ്യുന്നവർ എന്തുകൊണ്ടാണ് പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാത്തതെന്ന് നേഹ ചോദിക്കുന്നു.
നീറ്റ്-യു.ജി 2026 പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ചിലർ അധിക്ഷേപകരമായ മുദ്രാവാക്യങ്ങൾ വിളിച്ചിരുന്നു. ഈ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് നടി ഭൂമി പെഡ്‌നേക്കർ ഇൻസ്റ്റാഗ്രാമിൽ പ്രതികരണവുമായി എത്തിയത്.
പ്രതിഷേധിക്കുന്ന യുവജനങ്ങളോട് മാന്യമായ രീതിയിൽ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കാൻ ഭൂമി അഭ്യർത്ഥിച്ചിരുന്നു. ‘രാജ്യത്തെ ഉന്നതമായ പദവിയിലിരിക്കുന്ന ഒരാളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. നമ്മുടെ വീടുകളിലെ മുതിർന്നവരോട് നമ്മൾ ഇങ്ങനെ സംസാരിക്കാറുണ്ടോ? അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് നമ്മുടെ സംസ്കാരമല്ല’ എന്നായിരുന്നു ഭൂമിയുടെ പ്രതികരണം.
ഭൂമിയുടെ ഈ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഗായിക നേഹ ഭാസിൻ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. പ്രതിഷേധ വേളയിൽ സ്ത്രീകൾക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമങ്ങളെക്കുറിച്ചും നിയമലംഘനങ്ങളെക്കുറിച്ചും സംസാരിക്കാൻ താരം തയാറാകാത്തത് എന്തുകൊണ്ടാണെന്ന് നേഹ ചോദിച്ചു.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിൽ വിഷമം പ്രകടിപ്പിക്കുന്ന ഭൂമി പ്രതിഷേധത്തിനിടയിൽ സ്ത്രീകൾക്ക് നേരെ മോശമായി പെരുമാറിയ പൊലീസുകാരുടെ നടപടിയെക്കൂടി ചോദ്യം ചെയ്തിരുന്നെങ്കിൽ ഞാൻ കൂടുതൽ ബഹുമാനിച്ചേനെ. ജനങ്ങളെ സംരക്ഷിക്കേണ്ടവരാണ് പൊലീസ്, അപ്പോൾ അവിടെ എവിടെയാണ് ഉത്തരവാദിത്തം. കൂടാതെ, ഭൂമിയുടെ നിലപാടുകളെ പരിഹസിച്ച് ഭൂമി പെഡ്‌നേക്കർ റിയാലിറ്റി ഷോകളിലും സ്ക്രിപ്റ്റഡ് ആയിരുന്നു, ഇപ്പോഴത്തെ പ്രതിഷേധങ്ങളിലും അതുതന്നെയാണ് സ്ഥിതി. ധൈര്യമില്ലെങ്കിൽ മിണ്ടാതിരിക്കുന്നതാണ് നല്ലത്’ എന്നും നേഹ തുറന്നടിച്ചു.
ഈ വിവാദത്തിൽ പ്രതികരണവുമായി നടി ദിയ മിർസയും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. പ്രതിഷേധക്കാരുടെ ഭാഷയെ മാത്രം കുറ്റപ്പെടുത്തുന്നവർ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണെന്ന് ദിയ ചൂണ്ടിക്കാണിച്ചു. പൊലീസ് അതിക്രമങ്ങൾ, പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ നടക്കുന്ന ഓൺലൈൻ ആക്രമണങ്ങൾ, പ്രായപൂർത്തിയാകാത്ത സമരക്കാർക്കെതിരെയുള്ള അനധികൃത എഫ്.ഐ.ആറുകൾ എന്നിവയാണ് നാം ഗൗരവമായി ചോദ്യം ചെയ്യേണ്ടതെന്ന് ദിയ മിർസ വ്യക്തമാക്കി. ഇത്തരം വിഷയങ്ങളിൽ മൗനം പാലിച്ച് ഭാഷയെ മാത്രം വിമർശിക്കുന്നത് ശരിയല്ലെന്നും അവർ അഭിപ്രായപ്പെട്ടു. നടൻ സബാ ആസാദ് ഉൾപ്പെടെയുള്ള മറ്റ് പ്രമുഖരും ദിയയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.