'സലിം ഖാന്‍റെ മകനാണെന്ന് പറഞ്ഞിരുന്നില്ല, അത് അറിയാമായിരുന്നെങ്കിൽ ആ വേഷം അഭിനയിപ്പിക്കില്ലായിരുന്നു' -സൽമാൻ ഖാന്‍റെ ആദ്യ ചിത്രത്തെക്കുറിച്ച് സംവിധായകൻ

തന്റെ ആദ്യ ചിത്രമായ 'ബിവി ഹോ തോ ഐസി'യെക്കുറിച്ച് സൽമാൻ ഖാൻ പലപ്പോഴും സംസാരിക്കാറുണ്ട്. സംവിധായകൻ ജെ.കെ. ബിഹാരിയുടെ ഗാരേജിലേക്ക് കയറിച്ചെല്ലാൻ കഴിഞ്ഞതും ആ വേഷം ലഭിച്ചതും ഭാഗ്യം കൊണ്ടുമാത്രമാണെന്ന് അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ, തന്‍റെ ഓഫിസിലേക്ക് സൽമാൻ നടക്കുന്നത് കണ്ടപ്പോൾ തന്നെ അദ്ദേഹത്തെ അഭിനയിപ്പിക്കാൻ തീരുമാനിച്ചതായി ബിഹാരി പറഞ്ഞു. ആദ്യ ചിത്രത്തിൽ ഒരു സഹനടനായാണ് സൽമാൻ അഭിനയിച്ചത്. രേഖയും ഫാറൂഖ് ശൈഖുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സലിം ഖാന്റെ മകനായതിനാൽ സൽമാന് ആ വേഷം നിരസിക്കാമായിരുന്നെന്നും പക്ഷേ അദ്ദേഹം അവസരം നഷ്ടപ്പെടുത്തിയില്ലെന്നും ബിഹാരി പറഞ്ഞു.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയൊക്കെ തീരുമാനിച്ചിരുന്നു. എന്നാൽ ഫാറൂഖിന്റെ ഇളയ സഹോദരനായി അഭിനയിക്കാൻ കഴിയുന്ന ഒരു ആൺകുട്ടിയെ അന്വേഷിക്കുകയായിരുന്നെന്ന് സിദ്ധാർഥ് കണ്ണനുമായുള്ള ഒരു സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. അപ്പോഴാണ് സൽമാൻ റോഡിലൂടെ തന്റെ ഓഫിസിലേക്ക് നടക്കുന്നത് കണ്ടതെന്നും, അപ്പോൾ തന്നെ അദ്ദേഹത്തെ അഭിനയിപ്പിക്കാൻ തീരുമാനിച്ചതായും ജെ.കെ. ബിഹാരി പറഞ്ഞു. 'ഞാൻ എന്റെ ഗാരേജിൽ ഇരിക്കുകയായിരുന്നു. ഒരു ആൺകുട്ടി കൈയിൽ ഒരു ഫയലുമായി എന്റെ നേരെ റോഡ് മുറിച്ചുകടക്കുന്നത് ഞാൻ കണ്ടു. അവന്റെ നടത്തം നോക്കിയാണ് ഞാൻ അവനെ അഭിനയിപ്പിക്കാൻ തീരുമാനിച്ചത്' -അദ്ദേഹം പറഞ്ഞു. ഈ വേഷത്തിനായി സൽമാനെ ഓഡിഷൻ പോലും ചെയ്തില്ലെന്ന് അദ്ദേഹം ഓർമിച്ചു.

സൽമാൻ വന്ന് ഇരുന്ന ഉടനെ സൽമാനെ ആ വേഷത്തിനായി തെരഞ്ഞെടുത്തുവെന്ന് പ്രഖ്യാപിച്ചതായും നടന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും ജെ.കെ. ബിഹാരി പറഞ്ഞു. 'അദ്ദേഹം വന്ന് എന്നോട് സംസാരിച്ചു. ഞാൻ യെസ് പറഞ്ഞു. പക്ഷെ അദ്ദേഹത്തിന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം തന്റെ പിതാവിന്റെ പേര് പറഞ്ഞില്ല. അദ്ദേഹം അങ്ങനെ ചെയ്തിരുന്നെങ്കിൽ, ഞാൻ അദ്ദേഹത്തെ അഭിനയിപ്പിക്കില്ലായിരുന്നു' -ബിഹാരി പറഞ്ഞു. ബോളിവുഡിലെ മികച്ച എഴുത്തുകാരനായ സലിം ഖാന്റെ മകനെപ്പോലെയുള്ള ഒരാൾക്ക് അതൊരു ചെറിയ വേഷം ആണെന്ന് ബിഹാരി പറഞ്ഞു.

പിന്നീട് സലിം ഖാനുമായുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ സൽമാൻ പിന്മാറാൻ സാധ്യതയുണ്ടെന്ന് തനിക്ക് തോന്നിയെങ്കിലും അത് സംഭവിച്ചില്ലെന്ന് ബിഹാരി പറഞ്ഞു. സലിം ഖാൻ തന്നെ വിളിച്ചിരുന്നെന്നും, അദ്ദേഹത്തിന് ആ വേഷത്തെക്കുറിച്ച് അറിയാമെന്നതിനാൽ അത് നിരസിച്ചേക്കാം എന്ന് കരുതിയതായും ബിഹാരി പറഞ്ഞു. പക്ഷേ അദ്ദേഹം അത് ചെയ്തില്ല. നിങ്ങൾ ഒരു പുതിയ സംവിധായകനാണെന്നും സൽമാൻ പുതിയ ആളാണെന്നുമാണ് സലിം ഖാൻ പറഞ്ഞതെന്ന് ബിഹാരി ഓർമിച്ചു.

വളരെ കുറഞ്ഞ തുകക്ക് നിർമാതാക്കളുമായി മൂന്ന് സിനിമകളുടെ കരാറിൽ ഒപ്പിടാൻ സൽമാൻ ഖാൻ നിർബന്ധിതനായെന്നും ജോലി ചെയ്യാൻ അത്രയധികം ആഗ്രഹിച്ചിരുന്നതിനാൽ, തന്റെ മുന്നിൽ അവതരിപ്പിക്കപ്പെടുന്ന ഏത് ചിത്രത്തിലും സൽമാൻ ഒപ്പിട്ടിരുന്നുവെന്നും ജെ.കെ. ബിഹാരി പറഞ്ഞു. ബിവി ഹോ തോ ഐസിക്ക് ഒരു വർഷത്തിന് ശേഷം, സൂരജ് ബർജാത്യയുടെ മേനേ പ്യാർ കിയയിൽ സൽമാൻ ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് വളരെപ്പെട്ടെന്ന് തന്നെ ബോളിവുഡിലെ പ്രധാനപ്പെട്ട താരമായി അദ്ദേഹം മാറി.  

Tags:    
News Summary - Salman Khan didn’t reveal he was Salim Khan’s son says JK Bihari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.