രഞ്ജിനി ഹരിദാസ്

‘വെക്കേഷന് വന്ന് പത്ത് മണി വരെയും റൂമിൽ: ഇരുപതുകളിലെ ഞാനല്ല ഇപ്പോൾ’; ഇടക്കൊന്ന് സ്ലോ ഡൗൺ ചെയ്യുന്നതിൽ തെറ്റില്ലെന്ന് രഞ്ജിനി ഹരിദാസ്

വേഗതയേറിയ ജീവിതത്തിനും യാത്രകൾക്കുമിടയിൽ ഇടക്കൊന്ന് സ്ലോ ഡൗൺ ചെയ്യുന്നതിൽ തെറ്റില്ലെന്ന് തുറന്നുപറഞ്ഞ് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. പാരീസിൽ നിന്നുള്ള തന്റെ ഏറ്റവും പുതിയ യാത്രാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ് രഞ്ജിനി പാരീസിലെത്തിയത്. ഏറെ പ്രതീക്ഷയോടെ എത്തിയ യാത്രയുടെ ആദ്യ ദിവസം തന്നെ താരത്തിന് തിരിച്ചടി നേരിട്ടു. ഫുഡ് പോയിസണിങ് മൂലം ശാരീരികമായി ഏറെ ബുദ്ധിമുട്ടിയെന്ന് രഞ്ജിനി പറയുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങളെയെല്ലാം മറികടന്ന് ഏറ്റെടുത്ത പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കാൻ താരത്തിന് സാധിച്ചു.

പ്രോഗ്രാം കഴിഞ്ഞാൽ പാരീസ് നഗരം മുഴുവൻ ചുറ്റിക്കറങ്ങി കാണണമെന്നായിരുന്നു രഞ്ജിനിയുടെ വലിയ ആഗ്രഹം. അതിനായി ഒരുപാട് പ്ലാനുകളും ലിസ്റ്റുകളും തയാറാക്കിയിരുന്നു. എന്നാൽ വിചാരിച്ചതുപോലെ കാര്യങ്ങൾ മുന്നോട്ടുപോയില്ലെന്ന് രഞ്ജിനി തന്നെ പറയുന്നു. ഒരുപാട് സ്ഥലങ്ങൾ കാണണം, നിരവധി കാര്യങ്ങൾ ചെയ്തുതീർക്കണം എന്നെല്ലാം കരുതിയെങ്കിലും ശരീരം അതിന് സഹകരിച്ചില്ല. യാത്രക്കിടെ താൻ അപ്രതീക്ഷിതമായി തളർന്നുപോയെന്ന് രഞ്ജിനി വെളിപ്പെടുത്തി. ആവശ്യം വരുമ്പോൾ ശരീരത്തിന് വിശ്രമം നൽകേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് ഈ യാത്ര തന്നെ പഠിപ്പിച്ചുവെന്നാണ് രഞ്ജിനിയുടെ വാക്കുകൾ.

‘ഇതാദ്യമായിട്ടാണ് ഒരു വെക്കേഷന് വന്ന് പത്ത് മണി കഴിഞ്ഞിട്ടും ഞാൻ ഹോട്ടൽ റൂമിൽ തന്നെ ഇരിക്കുന്നത്. പണ്ടത്തെ ഞാനായിരുന്നെങ്കിൽ രാവിലെ തന്നെ എഴുന്നേറ്റ് സൺറൈസ് കാണാനോ സൺസെറ്റ് കാണാനോ എവിടേക്കെങ്കിലും ഓടുമായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ ഓരോ സ്ഥലവും കണ്ടുതീർക്കാൻ ശ്രമിക്കുമായിരുന്നു’ രഞ്ജിനി പറഞ്ഞു.

ഇരുപതുകളിലും മുപ്പതുകളിലും യാത്ര ചെയ്തിരുന്ന താനല്ല ഇപ്പോഴത്തെ താനെന്നും താരം തുറന്നുപറഞ്ഞു. അന്നൊക്കെ അവധിക്കാലത്ത് പരമാവധി സ്ഥലങ്ങൾ കണ്ടുതീർക്കാനും എല്ലാം ചെയ്തുതീർക്കാനുമുള്ള ഒരു തിരക്കായിരുന്നു മനസിൽ. ഒരു സ്ഥലം പോലും വിട്ടുപോകരുതെന്ന ചിന്തയായിരുന്നു അന്ന്. എന്നാൽ നാൽപ്പതുകളിലേക്ക് കടന്നതോടെ ആ ചിന്താഗതി പാടെ മാറി.ശരീരവും മനസും ഒരുപോലെ മാറിയെന്നും പഴയ പോലെ ഓടിനടക്കാൻ ഇപ്പോൾ കഴിയില്ലെന്നും രഞ്ജിനി സമ്മതിക്കുന്നു.

പാരീസിലെ ഹോട്ടൽ മുറിയിൽ തനിച്ചിരുന്ന് പഴയ തന്നെയും ഇന്നത്തെ തന്നെയും താരതമ്യം ചെയ്യുകയായിരുന്നുവെന്നും താരം വെളിപ്പെടുത്തി. ‘പണ്ടത്തെ ഞാൻ ആവാൻ ഇനി എനിക്ക് കഴിയില്ല. ഇന്നത്തെ എന്നെ അംഗീകരിക്കാനേ എനിക്ക് സാധിക്കൂ. അതുകൊണ്ടുതന്നെ ജീവിതത്തിലും യാത്രകളിലും എല്ലാം അൽപം സ്ലോ ഡൗൺ ചെയ്യണമെന്ന് താൻ തിരിച്ചറിഞ്ഞുവെന്നും താരം വ്യക്തമാക്കി. എല്ലാത്തിനും പിന്നാലെ ഓടിയെത്തുന്നതിന് പകരം ഓരോ നിമിഷവും റിലാക്സ് ചെയ്ത് ആസ്വദിക്കാനാണ് ഇപ്പോൾ തനിക്ക് ഇഷ്ടമെന്നും രഞ്ജിനി കൂട്ടിച്ചേർത്തു. ജീവിതം ആസ്വദിക്കാൻ പഠിക്കണമെന്നും ഓരോ നിമിഷത്തെയും സാവധാനം ആസ്വദിക്കാനാണ് താൻ ഇപ്പോൾ ശ്രമിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് രഞ്ജിനി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags:    
News Summary - Ranjini Haridas Opens Up About Slowing Down In Life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.