ഫഹദ് എന്നെ 'അണ്ണാ' എന്ന് വിളിച്ചത് വലിയ സന്തോഷം; ഇനി അത് മാറ്റി സാർ ആകരുതെന്ന് സൂര്യ
ചെന്നൈ: മലയാളികളുടെ പ്രിയനടൻ ഫഹദ് ഫാസിലിന്റെ അഭിനയ ശൈലിയെയും സിനിമയോടുള്ള സമീപനത്തെയും പുകഴ്ത്തി തമിഴ് സൂപ്പർതാരം സൂര്യ. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ഫഹദിന്റെ പുതിയ ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിളി'ന്റെ തമിഴ്‌നാട് പ്രൊമോഷൻ വേദിയിലായിരുന്നു സൂര്യ സുഹൃത്തിനെക്കുറിച്ച് വൈകാരികമായി സംസാരിച്ചത്. വേദിയിൽ വെച്ച് തന്നെ 'അണ്ണാ' എന്ന് ഫഹദ് അഭിസംബോധന ചെയ്തതിലുള്ള സന്തോഷവും സൂര്യ പങ്കുവെച്ചു. ഈ വിളി പിന്നീട് മാറ്റി 'സർ' എന്നാക്കരുതെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.
തങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ചും സൂര്യ വാചാലനായി. രാപകൽ വ്യത്യാസമില്ലാതെ ഇരുവരും സിനിമാവിശേഷങ്ങൾ പങ്കുവെച്ചിരുന്ന കാലമുണ്ടായിരുന്നു. സിനിമാ കരിയറിന്റെ തുടക്കത്തിൽ ഇരുവരും നേരിട്ട പ്രതിസന്ധികളും വീഴ്ചകളുമെല്ലാം സമാനമായിരുന്നു. ഒത്തിരി കഷ്ടപ്പാടുകൾക്ക് ശേഷമാണ് ഇന്ന് കാണുന്ന നിലയിലേക്ക് ഉയർന്നത്. ആ പഴയകാല ഓർമ്മകൾ ഈ വേദിയിൽ വെച്ച് തുറന്നുപറഞ്ഞതിന് ഫഹദിനോട് നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ താൻ ഇപ്പോഴും പലവിധ കണക്കുകൂട്ടലുകളും നടത്താറുണ്ടെന്ന് സൂര്യ തുറന്നുസമ്മതിച്ചു. സിനിമ തന്റെ ഇമേജിനെ ബാധിക്കുമോ എന്നൊക്കെയുള്ള പേടി അലട്ടാറുണ്ട്. എന്നാൽ ഫഹദിന് അത്തരം താരപരിവേഷങ്ങളുടെ ഭാരങ്ങളോ മുൻവിധികളോ ഇല്ല. കഥയും കഥാപാത്രവും മികച്ചതാണോ എന്ന് മാത്രമാണ് അദ്ദേഹം നോക്കുന്നത്. ഒരു കഥാപാത്രമായി മാറാൻ നമ്മൾ ശ്രമിക്കുമ്പോൾ, ഫഹദ് ആ കഥാപാത്രമായി ജീവിക്കുകയാണ് ചെയ്യുന്നത്. ഒരു നടനെന്ന നിലയിലും നിർമാതാവെന്ന നിലയിലും അദ്ദേഹത്തിൽ നിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്നും സൂര്യ കൂട്ടിച്ചേർത്തു.
ശശാങ്ക് യെലേറ്റി രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റർടെയ്‌നറായ 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' ഒക്ടോബർ രണ്ടിനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നത്. ഫഹദ് നായകനാകുന്ന ആദ്യ തെലുങ്ക് ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. അർക മീഡിയ വർക്ക്‌സിന്റെയും ഷോയിങ് ബിസിനസിന്റെയും ബാനറിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് നിർമാണം. ചിത്രത്തിന്റെ മലയാളം, തമിഴ് മൊഴിമാറ്റ പതിപ്പുകളും അന്ന് തന്നെ റിലീസ് ചെയ്യും. സ്സാര പലേക്കർ, സൗരഭ് സച്ച്‌ദേവ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.