ജ്യോതിക, സൂര്യ, ശിവകുമാർ
‘വിവാഹശേഷം സൂര്യയെ ഞങ്ങളിൽ നിന്ന് അകറ്റിയില്ല, 18 വർഷം ജ്യോതിക ഞങ്ങളോടൊപ്പം നിന്നു’: സൂര്യയുടെ പിതാവ് ശിവകുമാർ
മരുമകൾ ജ്യോതികയെ പുകഴ്ത്തി മുതിർന്ന നടനും സൂര്യയുടെ പിതാവുമായ ശിവകുമാർ. സൂര്യയുടെയും ജ്യോതികയുടെയും 20-ാം വിവാഹ വാർഷിക ആഘോഷങ്ങൾക്ക് പിന്നാലെയാണ് ശിവകുമാറിന്റെ ഹൃദയസ്പർശിയായ വാക്കുകൾ. വിവാഹശേഷം ജ്യോതികക്ക് സൂര്യക്കൊപ്പം മുംബൈയിൽ സെറ്റിൽ ചെയ്യാമായിരുന്നുവെന്ന് ശിവകുമാർ പറഞ്ഞു.
അങ്ങനെ ചെയ്തിരുന്നെങ്കിൽ മാതാപിതാക്കളിൽ നിന്ന് സൂര്യയെ അകറ്റി നിർത്താമായിരുന്നു. എന്നാൽ ജ്യോതിക അങ്ങനെ ചെയ്തില്ലെന്നും, സ്വന്തം വീട്ടിൽ നിന്ന് ഏറെ അകലെയുള്ള ഒരു നഗരത്തിൽ, തങ്ങളോടൊപ്പം 18 വർഷം ജീവിക്കാൻ അവർ തയാറായെന്നും ശിവകുമാർ പറഞ്ഞു.
മുംബൈയിൽ ജനിച്ചു വളർന്ന ജ്യോതിക ചെന്നൈയിലെ ജീവിതവുമായി പൊരുത്തപ്പെടാൻ കാണിച്ച മനസ്സിനെ അദ്ദേഹം വാനോളം പ്രശംസിച്ചു. മുംബൈയിലെ സൗകര്യങ്ങളും സ്വന്തം കുടുംബവും വിട്ട് ചെന്നൈയിലെത്തി, തമിഴ് സംസ്കാരവുമായി ഇഴുകിച്ചേർന്ന് ജീവിക്കാൻ ജ്യോതിക കാണിച്ച വിട്ടുവീഴ്ച ചെറുതല്ല. ഒരു നടി എന്ന നിലയിൽ തിരക്കുള്ള കരിയർ ഉണ്ടായിരുന്നിട്ടും കുടുംബത്തിന് പ്രാധാന്യം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു മരുമകൾ എന്നതിലുപരി സ്വന്തം മകളെ പോലെയാണ് ജ്യോതികയെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. കുടുംബത്തെ ഒന്നിച്ചു കൊണ്ടുപോകാനും മക്കളായ ദിയയെയും ദേവിനെയും നല്ല രീതിയിൽ വളർത്താനും ജ്യോതികയുടെ പങ്ക് വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. ശിവകുമാറിന്റെ ഈ തുറന്നുപറച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇന്നത്തെ കാലത്ത് പലരും അണുകുടുംബത്തെ ഇഷ്ടപ്പെടുമ്പോൾ, 18 വർഷം മാതാപിതാക്കളോടൊപ്പം ജീവിക്കാൻ തയാറായ ജ്യോതികയുടെ മനസ്സിനെ അഭിനന്ദിക്കുകയാണ് ആരാധകർ.
അതേസമയം, വിവാഹ ജീവിതത്തിന്റെ 20 വർഷങ്ങൾ പൂർത്തിയാക്കിയ സന്തോഷം വളരെ ഹൃദ്യമായ രീതിയിൽ ആഘോഷിച്ചിരിക്കുന്നു. പരസ്പരം നൽകിയ വിവാഹ വാഗ്ദാനങ്ങൾ ഇരുവരും വീണ്ടും പുതുക്കിയിരിക്കുകയാണ്. വിദേശത്തുള്ള ഒരു ക്രിസ്ത്യൻ പള്ളിയിൽ വെച്ച് വളരെ ലളിതമായും എന്നാൽ വൈകാരികമായും നടന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ ദമ്പതികൾ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. മക്കളായ ദിയയും ദേവും സൂര്യയുടെ സഹോദരൻ കാർത്തിയും അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.