രാകുൽ പ്രീത് സിങ്
രാകുൽ പ്രീത് സിങ്ങിന് വീണ്ടും തിരിച്ചടി; 12 ഇടങ്ങളിൽ ആദായനികുതി റെയ്ഡ്, നികുതിവെട്ടിപ്പെന്ന് സംശയം
മുംബൈ: ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ച് ആദായനികുതി വകുപ്പിന്റെ മിന്നൽ പരിശോധന. ബോളിവുഡ് നടി രാകുൽ പ്രീത് സിങ്, അവരുടെ ഭർതൃപിതാവും പ്രശസ്ത സിനിമാ നിർമാതാവുമായ വാഷു ഭഗ്നാനി, നിർമാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് എന്നിവരുമായി ബന്ധപ്പെട്ട 12 ഇടങ്ങളിലാണ് മുംബൈ ആദായനികുതി വകുപ്പ് ഒരേസമയം പരിശോധന നടത്തിയത്.
രാവിലെ മുതൽ മുംബൈയിലെ വിവിധ ഇടങ്ങളിലായി ഒന്നിലധികം സംഘങ്ങളായാണ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്. നടിയുടെ ബാന്ദ്രയിലെ ഫ്ലാറ്റ്, ജുഹുവിലെ ഓഫീസ്, വാഷു ഭഗ്നാനിയുടെ വസതിയും പനോരമ സ്റ്റുഡിയോസിന്റെ അന്ധേരിയിലെ കോർപ്പറേറ്റ് ഓഫീസ് എന്നിവിടങ്ങളിൽ പരിശോധന പുരോഗമിക്കുകയാണ്. സിനിമാ നിർമാണത്തിനും വിദേശ ഷൂട്ടിങ്ങിനും ഫണ്ട് ചെയ്യുന്നു എന്ന പേരിൽ കോടിക്കണക്കിന് രൂപ വിദേശത്തേക്ക് അനധികൃതമായി കടത്തുന്നു എന്ന ഗുരുതരമായ സംശയത്തെ തുടർന്നാണ് റെയ്ഡ് എന്നാണ് ആദായനികുതി വകുപ്പിൽ നിന്ന് ലഭിക്കുന്ന സൂചന.
ഹവാല ഇടപാട്, നികുതി വെട്ടിപ്പ് എന്നീ ആരോപണങ്ങളും ഉയരുന്നുണ്ട്. പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിർമിച്ച ചിത്രങ്ങളുടെ ബജറ്റിലും, വിദേശത്തേക്ക് നടത്തിയ പണമിടപാടുകളിലും വലിയ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്നാണ് വിവരം. രാകുൽ പ്രീത് സിങ്ങിന്റെ സാമ്പത്തിക ഇടപാടുകളും ഈ ശൃംഖലയിൽ ഉൾപ്പെടുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
സാമ്പത്തിക രേഖകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, കമ്പനികളുടെ ബാലൻസ് ഷീറ്റ്, വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുന്നുണ്ട്. നിലവിൽ പരിശോധന പുരോഗമിക്കുകയാണെന്നും, എല്ലാ രേഖകളും പരിശോധിച്ച് വിലയിരുത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയൂ എന്നും ആദായനികുതി വകുപ്പ് അറിയിച്ചു.
ഇതിന് മുൻപും രാകുൽ പ്രീത് സിങ്ങിന്റെ കുടുംബം സമാനമായ വിവാദങ്ങളിൽപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 19, 2025 ന് ഹൈദരാബാദിൽ ഇലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് ലോ എൻഫോഴ്സ്മെന്റ് ഫോഴ്സും വെസ്റ്റ് സോൺ പൊലീസും ചേർന്ന് നടത്തിയ വൻ ലഹരി വേട്ടയിൽ രണ്ട് ബിസിനസുകാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് 43 ഗ്രാം കൊക്കെയ്‌നും 11.5 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തിരുന്നു.
ഈ കേസിൽ നടിയുടെ സഹോദരൻ അമൻ പ്രീത് സിങ് ഈ ലഹരി കടത്തുകാരിൽ നിന്ന് അഞ്ച് തവണയിലധികം ലഹരി വാങ്ങിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് മുംബൈ പൊലീസ് അമനു വേണ്ടി തിരച്ചിൽ ആരംഭിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും രാകുലുമായി ബന്ധപ്പെട്ട് ആദായനികുതി റെയ്ഡ് നടക്കുന്നത് എന്നതും ബോളിവുഡിൽ വലിയ ചർച്ചയായിരിക്കുകയാണ്. റെയ്ഡുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗികമായി ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.