രജനികാന്ത്

‘ട്രാൻസ്‌ജെൻഡർ വേഷം ചെയ്യാൻ ആഗ്രഹമുണ്ട്’; ദൊറോത്തിക്കെതിരായ വിദ്വേഷത്തിനിടെ രജനികാന്തിന്‍റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു

കാർത്തിക് സുബ്ബരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രം 'ദൊറോത്തി' തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഋഷികാന്തും സനന്തും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കാർത്തിക് സുബ്ബരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ടോക്സിക് മസ്കുലാനിറ്റിയെക്കുറിച്ചും ട്രാൻസ്‌ജെൻഡർ ജീവിതങ്ങളെക്കുറിച്ചും ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രമാണ് ദൊറോത്തി.

ചിത്രം പറയുന്ന രാഷ്ട്രീയത്തിന് ഒരു വശത്ത് വലിയ കയ്യടി ലഭിക്കുമ്പോൾ, മറുവശത്ത് കടുത്ത വിദ്വേഷ പ്രചരണവും ചിത്രം നേരിടുന്നുണ്ട്. ട്രാൻസ്ഫോബിക് ചിന്താഗതിയുള്ള ഒരു വിഭാഗത്തെ സിനിമ വല്ലാതെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ദൊറോത്തിക്കെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചരണം ശക്തമാകുന്നതിനിടെയാണ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ പഴയ വാക്കുകൾ വീണ്ടും ചർച്ചയാകുന്നത്.

‘ഞാൻ മിക്കവാറും എല്ലാ ജോണറുകളും പരീക്ഷിച്ചു. 160 സിനിമകൾ, 45 വർഷത്തെ സിനിമാ ജീവിതം. ഇനി ഒരു ട്രാൻസ്‌ജെൻഡറിന്റെ വേഷം ചെയ്യാൻ ആഗ്രഹമുണ്ട്’ എന്നാണ് അന്ന് രജനികാന്ത് പറഞ്ഞത്. അത്തരമൊരു കഥാപാത്രവുമായി ആരും തന്നെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും താരം അന്ന് വ്യക്തമാക്കിയിരുന്നു. 2019ൽ തന്റെ ചിത്രമായ 'ദർബാർ'ന്റെ ട്രെയിലർ ലോഞ്ചിനിടെ മുംബൈയിൽ വെച്ചാണ് രജനി ഈ ആഗ്രഹം പങ്കുവെച്ചത്. ഇത്രയും വലിയ കരിയറിന് ശേഷവും ഇനി ചെയ്യാൻ ആഗ്രഹിക്കുന്ന വേഷം എന്തെങ്കിലുമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു രജനിയുടെ മറുപടി.

ദൊറോത്തിക്കെതിരായ വിദ്വേഷം കത്തുന്നതിനിടെ, രജനിയുടെ ഈ പഴയ വിഡിയോ സോഷ്യൽ മീഡിയ വീണ്ടും കുത്തിപ്പൊക്കുകയായിരുന്നു. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ദൊറോത്തിക്കെതിരായ വിദ്വേഷത്തെക്കുറിച്ച് സംസാരിക്കുകയാണ് സിനിമാ പ്രേമികൾ. സമൂഹം ഇപ്പോഴും പഴയ ചിന്താഗതികളിൽ നിന്ന് മാറിയിട്ടില്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ട്രാൻസ്‌ജെൻഡർ ജീവിതം പറയുന്ന ഒരു സിനിമയെ അംഗീകരിക്കാൻ പോലും കഴിയാത്തവർ, ഇങ്ങനൊരു ആഗ്രഹം പങ്കുവെച്ചതിന്റെ പേരിൽ രജനികാന്തിനെ പോലുള്ള ഒരു സൂപ്പർസ്റ്റാറിനെ തള്ളിപ്പറയുമോ എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്. 

Tags:    
News Summary - Rajinikanth Remark on Transgender Role Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.