ജാക്കി ചാൻ മരിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം

ഇതിഹാസതാരം ജാക്കി ചാൻ അന്തരിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം. എക്സ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലാണ് ജാക്കി ചാൻ മരിച്ചെന്ന തരത്തിലുള്ള വാർത്ത പ്രചരിച്ചത്. അമേരിക്കയിലായിരുന്നു വ്യാപകമായി വാർത്ത പ്രചരിച്ചത്. ‘ജാക്കി ചാൻ (1954-2026)’ എന്നെഴുതിയ കറുപ്പും വെള്ളയും കലർന്ന പോസ്റ്ററുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. അബ്ദുൾ എന്ന പേരിലുള്ള അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റ് അഞ്ച് മണിക്കൂറിനുള്ളിൽ 3.8 ദശലക്ഷത്തിലേറെ പേരാണ് കണ്ടത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ വ്യാജവാർത്ത ആഗോളതലത്തിൽ വേഗത്തിൽ പടരുകയായിരുന്നു. വാർത്ത പ്രചരിച്ചതോടെ നിരവധി ആരാധകർ ജാക്കി ചാന് ആദരാഞ്ജലികൾ അർപ്പിക്കാനും തുടങ്ങി.

എന്നാൽ പോസ്റ്റിന് മറുപടിയായി എക്സിൽ വന്ന കുറിപ്പിൽ ഈ വാർത്ത തെറ്റാണെന്നും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും 72-ാം വയസ്സിലും അദ്ദേഹം സജീവമാണെന്നും വ്യക്തമാക്കി. നിലവിൽ അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണ്. യാതൊരു ആരോഗ്യപ്രശ്നങ്ങളും ജാക്കി ചാന് ഇല്ലെന്ന് റിപ്പോർട്ടുകൾ.

അടുത്തിടെ താരം തന്റെ മരണശേഷം മാത്രം പുറത്തുവിടാനായൊരു വിഡിയോ ചിത്രീകരിച്ചെന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. ബീജിങ്ങിൽ നടന്ന തന്റെ പുതിയ ചിത്രമായ ‘അൺഎക്സ്പെക്റ്റഡ് ഫാമിലി’യുടെ പ്രീമിയറിനിടെ സംസാരിക്കുകയായിരുന്നു താരം. 72കാരനായ ജാക്കി ചാൻ തന്റെ മരണശേഷം മാത്രം പുറത്തിറങ്ങുന്ന ഒരു പ്രത്യേക ഗാനം റെക്കോർഡ് ചെയ്തതായി വേദിയിൽ വെളിപ്പെടുത്തുകയായിരുന്നു. ലോകത്തോടുള്ള തന്റെ അവസാന സന്ദേശം എന്നാണ് അദ്ദേഹം വിഡിയോയെ വിശേഷിപ്പിച്ചത്. ഇത് ആരാധകരെ അന്ന് ഏറെ വികാരഭരിതരാക്കി.

‘ഇപ്പോൾ എനിക്ക് തോന്നുന്നത് പറയേണ്ട കാര്യങ്ങൾ ഇപ്പോൾ പറയണമെന്നും ചെയ്യേണ്ട കാര്യങ്ങൾ ഉടൻ ചെയ്യണമെന്നുമാണ്. അതിനാൽ ഞാൻ എന്റെ അവസാന ചിന്തകൾ ഒരു ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്റെ കുടുംബത്തിനും മാനേജ്മെന്റിനും ഇത് ഇപ്പോൾ റിലീസ് ചെയ്യാൻ താൽപ്പര്യമില്ല, അതിനാൽ ഞാൻ ഈ ലോകത്തോട് വിട പറയുന്ന ദിവസം ഗാനം പുറത്തിറങ്ങും.’ ജാക്കി പറഞ്ഞു. തന്റെ പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കവെ, ഈ ചിത്രം തന്റെ കാലങ്ങളായി നിലനിൽക്കുന്ന ആക്ഷൻ-ഹീറോ ഇമേജിൽ നിന്നും വ്യത്യസ്തമായ ഒന്നാണെന്ന് അന്ന് ജാക്കി പറഞ്ഞിരുന്നു. ‘ഒരു ആക്ഷൻ താരമായി അറിയപ്പെടാനല്ല, മറിച്ച് കുങ്ഫുവിനെ അറിയുന്ന ഒരു പരിചയസമ്പന്നനായ നടനായി അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്’ എന്നും അദ്ദേഹം വേദിയിൽ കൂട്ടിച്ചേർത്തു.

ലോകമെമ്പാടും ആരാധകരുള്ള ആക്ഷൻ ഹീറോയാണ് ജാക്കി ചാൻ. കാലഘട്ടം എത്രതന്നെ മാറിയാലും ജാക്കി ചാന്റെ ആരാധകരുടെ എണ്ണം കൂടി വരികയാണ്. ആയോധനകലയും ഹാസ്യവും കലർന്ന അവതരണംകൊണ്ട് ആഗോളതലത്തിൽ മറ്റാർക്കും എത്തിപ്പെടാൻ സാധിക്കാത്ത സ്ഥാനം ജാക്കി ചാൻ സ്വന്തമാക്കിയിട്ടുണ്ട്. കൗലൂൺ ടോംഗ് റെസിഡൻഷ്യൽ മേഖലയിലെ ഒരു ഫാക്ടറി വെയർഹൗസ് രഹസ്യ മുറികളും വാതിലുകളുമുള്ള മനോഹരമായ വീടാക്കി മാറ്റിയാണ് അദ്ദേഹം ജീവിക്കുന്നത്.

 

 

Tags:    
News Summary - Jackie Chan Alive Despite Rumors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.