'വിജയ്‌യെ സ്നേഹിച്ചത് പോലെ തെലുങ്ക് പ്രേക്ഷകർ നിന്നെയും സ്വീകരിക്കും'; ജേസൺ സഞ്ജയ്‌ക്കും 'സിഗ്മ'യ്ക്കും ആശംസയുമായി നാഗാർജുന

വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'സിഗ്മ' തിയേറ്റർ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി യുവ സംവിധായകന് ആശംസകളുമായി എത്തിയിരിക്കുകയാണ് മുതിർന്ന തെലുങ്ക് നടൻ നാഗാർജുന അക്കിനേനി.

സിഗ്മയിലെ നായകനായ സുന്ദീപ് കിഷനൊപ്പം ബിഗ് ബോസ് തെലുങ്ക് പത്താം സീസണിന്റെ വാരാന്ത്യ എപ്പിസോഡിൽ ജേസൺ സഞ്ജയ് അതിഥിയായി എത്തിയിരുന്നു. ഈ വേദിയിലായിരുന്നു നാഗാർജുനയുടെ പ്രതികരണം. തെലുങ്ക് പ്രേക്ഷകർക്കിടയിൽ വിജയ്‌ക്കുള്ള സ്വീകാര്യതയെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ജേസണിനും സിഗ്മയ്ക്കും അതേ സ്നേഹം ലഭിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

"നമ്മുടെ തെലുങ്ക് പ്രേക്ഷകർ വളരെ വിശാലമനസ്കരാണ്. നിന്റെ അച്ഛന്റെ എല്ലാ സിനിമകൾക്കും തെലുങ്ക് സംസ്ഥാനങ്ങളിൽ വലിയ കലക്ഷനാണ് ലഭിക്കാറുള്ളത്. ദളപതി വിജയ് ഗാരുവിനെ അവർക്ക് അത്രത്തോളം ഇഷ്ടമാണ്. അതേ സ്നേഹം നിനക്കും നിന്റെ സിഗ്മ എന്ന ചിത്രത്തിനും ലഭിക്കുമെന്ന് ഞാൻ കരുതുന്നു," നാഗാർജുന പറഞ്ഞു. ഈ വാക്കുകൾക്ക് നന്ദി പറഞ്ഞ ജേസൺ, നാഗാർജുനയെപ്പോലെ ഒരാളിൽ നിന്ന് ഇത്തരമൊരു പ്രതികരണം ലഭിച്ചത് വലിയ അംഗീകാരമാണെന്ന് മറുപടി നൽകി.

സിഗ്മയുടെ മറ്റൊരു പ്രൊമോഷണൽ പരിപാടിക്കിടെ മെഗാസ്റ്റാർ ചിരഞ്ജീവിയും ജേസണെക്കുറിച്ച് സംസാരിച്ചിരുന്നു. കരിയറിന്റെ തുടക്കകാലത്തെ വിജയ്‌യെയാണ് ജേസണെ കാണുമ്പോൾ ഓർമ വരുന്നതെന്നായിരുന്നു ചിരഞ്ജീവി പറഞ്ഞത്.

"ഈ പരിപാടിയിലേക്ക് ക്ഷണിക്കാൻ ജേസൺ എന്റെ അടുത്ത് വന്നപ്പോൾ ഞാൻ ചോദിച്ചു, '1993-94-95 കാലഘട്ടത്തിലെ നിന്റെ അച്ഛനെപ്പോലെ തന്നെയാണ് നീ ഇരിക്കുന്നത്. പിന്നെന്തുകൊണ്ടാണ് സംവിധാനത്തിന് പകരം അഭിനയം തിരഞ്ഞെടുക്കാത്തതെന്ന്'. എന്നാൽ അഭിനയത്തേക്കാൾ എഴുത്തിലും സംവിധാനത്തിലുമാണ് തന്റെ താല്പര്യമെന്ന് അവൻ വ്യക്തമാക്കി," ചിരഞ്ജീവി പറഞ്ഞു.

ജേസണിലെ സർഗ്ഗാത്മകതയ്ക്ക് പിന്നിൽ പിതാവ് വിജയ് അല്ലെന്നും മറിച്ച് മുത്തശ്ശനും മുത്തശ്ശിയുമാണെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു. പ്രശസ്ത സംവിധായകൻ എസ്.എ. ചന്ദ്രശേഖറും എഴുത്തുകാരി ശോഭയുമാണ് ജേസണിന്റെ മുത്തശ്ശനും മുത്തശ്ശിയും.

ഇരുവരുടെയും ഗുണങ്ങൾ ജേസണിന് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ ചിരഞ്ജീവി, എസ്.എ. ചന്ദ്രശേഖറിനൊപ്പമുള്ള തന്റെ സിനിമാ അനുഭവങ്ങളും പങ്കുവെച്ചു. "അവന്റെ മുത്തശ്ശൻ സംവിധാനം ചെയ്ത 'ചട്ടനിക്കി കല്ലു ലേവു', 'ദേവാന്തകുഡു' എന്നീ ചിത്രങ്ങൾക്ക് കഥയെഴുതിയത് മുത്തശ്ശിയാണ്. അതിനാൽ സിനിമയുടെ ജീനുകൾ അവന് ലഭിച്ചത് അച്ഛനിൽ നിന്നല്ല, മറിച്ച് മുത്തശ്ശനിൽ നിന്നും മുത്തശ്ശിയിൽ നിന്നുമാണ്," അദ്ദേഹം പറഞ്ഞു.

സുന്ദീപ് കിഷൻ 'ഗുരു' എന്ന കഥാപാത്രമായെത്തുന്ന 'സിഗ്മ' ഒരു ആക്ഷൻ അഡ്വഞ്ചർ ചിത്രമാണ്. ട്രെഷർ ഹണ്ടറും റേഡിയോ ഹോസ്റ്റുമായ ഗുരുവിന്റെ ജീവിതത്തിൽ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കോട്ലപാടി വീരയ്യ റെഡ്ഡി എന്ന വ്യക്തി നിയന്ത്രിക്കുന്ന 500 കോടി രൂപയുടെ തട്ടിപ്പ് സംഘത്തിലേക്ക് ഗുരു എത്തുന്നതും, തുടർന്ന് നഷ്ടപ്പെട്ടവ തിരിച്ചുപിടിക്കാൻ സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സുന്ദീപ് കിഷന് പുറമെ ഫാരിയ അബ്ദുള്ള, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, യോഗ് ജപീ എന്നിവരും ജേസൺ സഞ്ജയ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Tags:    
News Summary - Nagarjuna Wishes Vijay’s Son Jason Sanjay for 'Sigma'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.