ബോളിവുഡിൽ വയലൻസ് അധികരിച്ച് വരുന്ന കാലമാണ്. വയലൻസ് കുറവായ സിനിമകൾക്ക് നിലനിൽപ്പിനുള്ള സാധ്യത തന്നെ വളരെ കുറവാണ്. രാധിക ആപ്തെ വയലൻസിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യലിടത്തിൽ ശ്രദ്ധ നേടുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഹിന്ദി ക്രൈം ത്രില്ലർ ചിത്രമായ സാലി മൊഹബത്തിലെ സ്മിത എന്ന കഥാപാത്രത്തെ കുറിച്ചും താരം സംസാരിച്ചു. ‘സ്മിതയെ ഇഷ്ടപ്പെടാനുള്ള കാരണം അവരുടെ ശാന്തതയായിരുന്നു. അവർ പൂന്തോട്ടത്തിൽ ചെടികളുമായി സംസാരിക്കുന്ന ഭാഗങ്ങളാണ് എനിക്കിഷ്ടപ്പെട്ടത്. ഞാൻ ഇപ്പോൾ വളരെ ശാന്തവും സമാധാനപരവുമായ ഒരിടത്താണ്. അതുകൊണ്ട് എനിക്കിത് കണക്റ്റ് ചെയ്യാൻ കഴിഞ്ഞു രാധിക പറഞ്ഞു.
“നേരെമറിച്ച് ഈ ദിവസങ്ങളിലെ ഹിന്ദി സിനിമകൾ ശാന്തമായ ഒന്നിനും ഇടം കൊടുക്കുന്നില്ല. ആനിമൽ (2023), ഇപ്പോൾ ധുരന്ധർ എന്നിവക്ക് ശേഷം, താടി വളർത്തിയ പുരുഷന്മാർ അക്രമവും ചോരപ്പുഴയും ഒഴുക്കുന്നത് സിനിമാ ലോകത്ത് സാധാരണ നിലയായി മാറിയിരിക്കുന്നു. ഹിന്ദി സിനിമകളിൽ പുറത്തിറങ്ങുന്നതൊന്നും ഞാൻ കുറെ കാലമായി കണ്ടിട്ടില്ല. എനിക്കത് കാണാൻ കഴിയില്ല. ഒരു സിനിമയുടെ ട്രെയിലർ കാണുമ്പോൾ ആരോ ഒരാളെ സിങ്കിന് മുകളിലേക്ക് വലിച്ചെറിയുന്നതും അത് രണ്ടായി തകരുന്നതും ഞാൻ കണ്ടു. അപ്പോൾ ഞാൻ തീരുമാനിച്ചു. എനിക്ക് വയ്യ. ഇത് എന്റെ മാനസികാരോഗ്യത്തിന് വളരെ ദോഷകരമാണ്” രാധിക പറഞ്ഞു.
അടുത്തിടെ, സന്ദീപ് റെഡ്ഡി വാംഗയുടെ 'സ്പിരിറ്റ്' എന്ന ചിത്രത്തിൽ നിന്ന് ദീപിക പദുകോൺ പിന്മാറിയതിന് ശേഷം അഭിനേതാക്കൾക്ക് നിശ്ചിത ജോലി സമയം വേണമെന്ന ആവശ്യം വീണ്ടും ചർച്ചയായി. “ഞാൻ ശരിക്കും ഇതിനുവേണ്ടി ഒരുപാട് കാലമായി പോരാടുകയാണ്. ഇപ്പോൾ എനിക്കൊരു കുഞ്ഞുണ്ടായതുകൊണ്ട് എനിക്ക് 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ കഴിയില്ല. അതിൽ ഹെയർ, മേക്കപ്പ്, യഥാർത്ഥ ഷൂട്ടിങ് എന്നിവയെല്ലാം ഉൾപ്പെടും. മിക്ക പുരുഷന്മാരും 14 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യുന്നതിനാൽ അവരുടെ കുട്ടികളെ കാണാറില്ല. എന്നാൽ 12 മണിക്കൂർ ഷെഡ്യൂളിനായി ഞാൻ ആവശ്യപ്പെടുമ്പോഴെല്ലാം നിർമാതാക്കൾ സമ്മതിക്കാറില്ല.”
കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാധികയുടെ സിനിമാ പ്രവർത്തനങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഒരുകാലത്ത് 'നെറ്റ്ഫ്ലിക്സ് ഗേൾ' എന്നറിയപ്പെട്ടിരുന്ന രാധിക ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ നിന്നുള്ള എല്ലാ പ്രോജക്റ്റുകളിലും ഉണ്ടാകുമെന്ന് സോഷ്യൽമീഡിയ ഒന്നടങ്കം പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. 2023 മുതൽ ഒരു വർഷം ഒരു സിനിമയിൽ മാത്രമായി ഒതുങ്ങി. തന്റെ ആദ്യ സംവിധാന സംരംഭമായ 'കോട്യ' എന്ന ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിർബന്ധിത വൈദ്യപരിശോധനക്ക് ശേഷം സൂപ്പർ പവറുകൾ നേടുന്ന ഒരു യുവ കുടിയേറ്റ തൊഴിലാളിയെക്കുറിച്ചുള്ള ആക്ഷൻ-ഫാന്റസി ചിത്രമാണിത്. വിക്രമാദിത്യ മോട്‌വാനെയാണ് ചിത്രം നിർമിക്കുന്നത്.
എങ്കിലും രാധിക ഇതിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയിട്ടില്ല. “ഞാൻ ഒരു കൂട്ടം ആളുകളുമായി തിരക്കഥാരചന പഠിക്കുകയാണ്. അതുകൊണ്ട് അഭിനയ പ്രോജക്റ്റുകൾ വേണ്ടെന്ന് വെക്കുകയാണ്” രാധിക പറയുന്നു. ഞാൻ വളരെ ഓൾഡ് സ്കൂളാണ്. എനിക്ക് ഇപ്പോഴും എന്റെ പേനയും കടലാസും വേണം. ചാറ്റ് ജി.പിടി എങ്ങനെയിരിക്കുമെന്ന് പോലും എനിക്കറിയില്ല. അതൊരു ആപ്പാണോ അതോ വെബ്സൈറ്റാണോ?” എന്ന മറുപടിയിൽ ആരാധകർ അത്ര സംതൃപ്തരല്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.