രജനികാന്ത്, അരവിന്ദ് സ്വാമി
മെൽബണിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ സൂപ്പർ സ്റ്റാർ രജനികാന്തിനെകുറിച്ച് അരവിന്ദ് സ്വാമി പറഞ്ഞ വാക്കുകളാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തമിഴ് ഇന്‍റസ്ട്രിയിൽ പകരം വെക്കാനില്ലാത്ത സൂപ്പർ സ്റ്റാർ എന്നതിലുപരി സഹപ്രവർത്തകരോട് വളരെ സ്നേഹസമ്പന്നനെന്ന നിലയിലും ഏവർക്കും പ്രിയങ്കരനാണ് രജനികാന്ത്.
1991ൽ റിലീസ് ചെയ്ത മണിരത്നം ചിത്രം 'ദളപതി'യിലൂടെയാണ് അരവിന്ദ് സ്വാമി അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിൽ രജനികാന്തും മമ്മൂട്ടിയും സഹതാരങ്ങളായി ഉണ്ടായിരുന്നു. ആദ്യ സിനിമയെകുറിച്ചോർക്കുമ്പോൾ തനിക്കുണ്ടായ അവിസ്മരണീയമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അരവിന്ദ് സ്വാമി.
'ആദ്യമായി സിനിമ മേഖലയിലേക്കു കടന്നുവന്ന ആളെന്ന നിലയിൽ സെറ്റിലെ നിയമങ്ങളോ സ്ഥാനമാനങ്ങളോ എനിക്കറിയില്ലായിരുന്നു. ഞങ്ങളുടെ ഇന്‍റസ്ട്രിയിൽ എല്ലാമൽപ്പം കൃത്യതയോടെയാണ് നടക്കാറ്. ഒരു ദിവസം ഷൂട്ടിങ്ങിനായി ഞാൻ നേരത്തെ എത്തി. നല്ല ക്ഷീണമുണ്ടായിരുന്നതുകൊണ്ട് അവിടെ ഒരു കിടക്ക കണ്ടെത്തി അതിൽ കിടന്നുറങ്ങിപ്പോയി.
എന്നാൽ ഞാൻ ഉറക്കമുണർന്നു നോക്കിയപ്പോൾ രജനീകാന്ത് അതേ മുറിയിൽ തറയിൽ കിടന്നുറങ്ങുന്നതാണ് കണ്ടത്. അദ്ദേഹം എന്തിനാണ് തറയിൽ ഉറങ്ങുന്നതെന്ന് എനിക്ക് മനസ്സിലായില്ല, ശേഷം അദ്ദേഹത്തിന്‍റെ മേക്കപ്പ് ആർട്ടിസ്റ്റാണ് അത് രജനികാന്തിന്‍റെ ബെഡാണെന്നും തന്നെ ശല്യം ചെയ്യേണ്ടെന്നു പറഞ്ഞാണദ്ദേഹം തറയിൽ കിടന്നതെന്നും പറഞ്ഞത്' -അരവിന്ദ് സ്വാമി പറഞ്ഞു.
അത് തനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവമായിരുന്നുവെന്നും, അദ്ദേഹത്തിന്‍റെ ആ പ്രവൃത്തിയിൽനിന്നും താൻ ഒരുപാട് പാഠങ്ങൾ പഠിച്ചുവെന്നും നടൻ കൂട്ടിച്ചേർത്തു. 'ആരെയും ഉറക്കത്തിൽ നിന്ന് ഉണർത്താതിരിക്കുന്നത് മാനുഷികമായി മികച്ച ഒരു കാര്യമാണ്. ഈ പുതിയ നടൻ എന്തിനാണ് ഇവിടെ കിടക്കുന്നതെന്നോ, ഇയാളെ പിടിച്ച് പുറത്താക്കട്ടെ എന്നൊന്നും അദ്ദേഹം ചിന്തിച്ചില്ല. പകരം അദ്ദേഹം തറയിൽ സുഖമായി ഉറങ്ങി. ആ ഒരു സംഭവത്തിൽ നിന്ന് നിങ്ങൾക്ക് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയും' -അദ്ദേഹം പറഞ്ഞു. തന്‍റെ താര പദവിയിൽ ഒരിക്കലും അഹങ്കരിക്കാത്ത വ്യക്തിയാണ് രജനികാന്തെന്നും മറ്റുള്ളവരോട് ഏറ്റവും സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹം പെരുമാറാറുള്ളതെന്നും അരവിന്ദ് സ്വാമി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.