'ഭക്ഷണം പോലെ പണവും പ്രധാനമാണ്, പണത്തിനുവേണ്ടി ആളുകളുടെ മുഖംമൂടികൾ എങ്ങനെ അഴിഞ്ഞുവീഴുന്നുവെന്ന് ഞാൻ കണ്ടിട്ടുണ്ട്' -വിജയ് സേതുപതി

ചുരുങ്ങിയ കാലയളവിൽതന്നെ ഏറെ ആരാധകരെ സൃഷ്ടിച്ച സൂപ്പർ താരമാണ് വിജയ് സേതുപതി. അഭിനയം കൊണ്ടുമാത്രമല്ല, മറയില്ലാത്ത സംസാരവും കാഴ്ചപാടുകളും കൂടെയാണ് നടനെ ആരാധകരിലേക്ക് അടുപ്പിച്ചത്. സാമ്പത്തിക അടിത്തറ ഇല്ലാതിരുന്നതായിരുന്നു തന്‍റെ ഏറ്റവും വലിയ മോട്ടിവേഷൻ എന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ജീവിതത്തിന്‍റെ ഒരു ഘട്ടത്തിൽ ജോലിചെയ്യാനുള്ള തന്റെ പ്രചോദനം, ഒരു സെക്കൻഡ് ഹാൻഡ് അപ്പാർട്ട്മെന്റ് സ്വന്തമാക്കുക, ഒരു പഴയ കാർ വാങ്ങുക, എല്ലാ മാസാവസാനവും വാടക നൽകുന്നതിന്റെ നിരന്തരമായ സമ്മർദമില്ലാതെ ജീവിക്കുക എന്നതായിരുന്നുവെന്ന് നടൻ പറഞ്ഞിരുന്നു. ഇന്ത്യൻ സിനിമയുടെ ഭാഗമായി 15 വർഷം പിന്നിട്ടിട്ടും പണവുമായുള്ള തന്റെ ബന്ധം വികസിക്കുകയാണുണ്ടായതെന്ന് നടൻ പറയുന്നു.

“പണമാണ് പ്രധാനം. എല്ലാവർക്കും പണം ആവശ്യമാണ്. പണത്തിനുവേണ്ടി ആളുകളുടെ മുഖംമൂടികൾ എങ്ങനെ അഴിഞ്ഞുവീഴുന്നുവെന്ന് ഞാൻ കണ്ടിട്ടുണ്ട്. പണം നമുക്ക് സുരക്ഷയും സന്തോഷവും നൽകുന്നു. പണവുമായുള്ള എന്റെ ബന്ധത്തിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഞാൻ ഇപ്പോഴും അതിനെ പിന്തുടരുന്നു. ഞാൻ കഠിനാധ്വാനം ചെയ്യുന്നു. ഞാൻ നന്നായി പണിയെടുക്കാൻ കാരണം, അപ്പോൾ മാത്രമാണ് എനിക്ക് നല്ല പ്രതിഫലം ലഭിക്കുക എന്നതുകൊണ്ടാണ്. ഗൾട്ടെ പ്രോയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

സേതുപതിയെ സംബന്ധിച്ചിടത്തോളം പണത്തിനു വേണ്ടിയുള്ള പരിശ്രമം തന്‍റെ അനുഭവത്തിലും അതിജീവനത്തിൽ നിന്നും ഉണ്ടായതാണ്. ജോലിയാണോ പണമാണോ കൂടുതൽ സന്തോഷം നൽകുന്നത് എന്ന് ചോദിച്ചപ്പോൾ 'ജോലി കൂടുതൽ സന്തോഷം നൽകുന്നു. പക്ഷേ നമ്മൾ സന്തോഷത്തെ പണവുമായി താരതമ്യം ചെയ്യുന്നു, അത് ശരിയല്ല. ഭക്ഷണം പോലെ പണവും പ്രധാനമാണ്. എല്ലാത്തിനും നമുക്കത് ആവശ്യമാണ്' എന്നായിരുന്നു താരത്തിന്‍റെ മറുപടി.

'ഒരു അക്കൗണ്ടന്റായി ജോലി ചെയ്തപ്പോഴും ടെലിഫോൺ ബൂത്തിൽ ജോലി ചെയ്യുമ്പോഴും എനിക്ക് അതേ സന്തോഷം അനുഭവപ്പെട്ടിട്ടുണ്ട്. നിങ്ങൾ എവിടെ പോയാലും ചെയ്യുന്ന ജോലിയിൽ സന്തോഷം കണ്ടെത്തുകയാണെങ്കിൽ, നിങ്ങൾ നിങ്ങളെത്തന്നെ സന്തോഷിപ്പിക്കുകയാണ്. ഞാൻ എപ്പോഴും അങ്ങനെയാണ് ചെയ്യാറ്' നടൻ പറഞ്ഞു.

വ്യക്തിപരമായ സുഖസൗകര്യങ്ങൾക്കപ്പുറം പണം സൃഷ്ടിക്കുന്ന സ്വാധീനത്തെകുറിച്ചും നടൻ തുറന്നു സംസാരിച്ചു. 'ജോലിയിൽ നിന്ന് ലഭിക്കുന്ന സന്തോഷവും പണം നൽകുന്ന സന്തോഷവും വ്യത്യസ്തമാണ്. പണം ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തെ പരിപാലിക്കാൻ കഴിയും. നിങ്ങൾക്ക് ആളുകളെ സഹായിക്കാനാകും' സേതുപതി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആറു വർഷത്തോളമായി ഏകദേശം 1.5 ലക്ഷം രൂപ ചെലവഴിച്ച് സൗജന്യ തൊഴിൽ സേവനം നടത്തുന്ന നടൻ, പണം നൽകാതെ ആളുകൾക്ക് വസ്ത്രങ്ങൾ വാങ്ങാൻ കഴിയുന്ന സൗജന്യ വസ്ത്രാലയവും നടത്തുന്നുണ്ട്. 'പണം സമ്പാദിച്ചതുകൊണ്ടാണ് എനിക്ക് ഇതെല്ലാം ചെയ്യാൻ കഴിയുന്നത്. എനിക്ക് വേണ്ടത് വാങ്ങാനും ആളുകളെ സഹായിക്കാനും സിനിമകൾ നിർമിക്കാൻ പോലും എനിക്കിപ്പോൾ സാധിക്കുന്നുണ്ട്' അദ്ദേഹം പറഞ്ഞു.

'പണത്തിനു പിന്നാലെ പോകുന്നത് തെറ്റല്ല. അതിനുവേണ്ടി നിങ്ങൾ സ്വീകരിക്കുന്ന മാർഗ്ഗവും നിങ്ങളുടെ ഉദ്ദേശ്യവുമാണ് നിങ്ങൾ ആരാണെന്ന് നിർവചിക്കുന്നത്' നടൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Money is as important as food, I have seen how people's masks fall off for the sake of money -Vijay Sethupathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.